‘അനിൽ ആന്റണി വാങ്ങിയ 25 ലക്ഷം തിരികെ കിട്ടാൻ ഇടപെടണമെന്ന് നന്ദകുമാർ ആവശ്യപ്പെട്ടു’: സ്ഥിരീകരിച്ച് പി.ജെ.കുര്യന്‍
അനിൽ കെ ആന്റണിക്കെതിരെ ദല്ലാൾ ടി ജി നന്ദകുമാറിന്‍റെ ആരോപണം ശരിവെച്ച് കോൺഗ്രസിലെ മുതിർന്ന നേതാവ് പി ജെ കുര്യന്‍. സ്റ്റാന്‍ഡിങ് കൗണ്‍സല്‍ നിയമനത്തിന് അനില്‍ ആന്റണി 25 ലക്ഷം വാങ്ങിയെന്ന ആരോപണം സ്ഥിരീകരിക്കുന്നതാണ് പിജെ കുര്യന്റെ പ്രതികരണം. നന്ദകുമാർ തന്നെ വന്ന് കണ്ടിരുന്നുവെന്നും അനിൽ ആന്റണി വാങ്ങിയ പണം തിരികെ കിട്ടാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ടിരുന്നുവെന്നും പി ജെ കുര്യൻ വെളിപ്പെടുത്തി. എന്തിനാണ് പണം നൽകാൻ ഉള്ളതെന്ന് തിരക്കിയില്ല. ഡൽഹി ഓഫീസിൽ വന്ന് കാണുകയായിരുന്നുവെന്നും പി ജെ കുര്യൻ വ്യക്തമാക്കി.
എ കെ ആൻറണിയെ ആർക്കും സ്വാധീനിക്കാൻ കഴിയില്ലെന്ന് തനിക്കറിയാം. ദല്ലാൾ നന്ദകുമാറുമായി നല്ല പരിചയമുണ്ട്. അത് പല രാഷ്ട്രീയ നേതാക്കൾക്കും അത്തരത്തിലുള്ള പരിചയമുണ്ട്. പണം വാങ്ങിയിട്ടുണ്ടെങ്കിൽ തിരികെ കൊടുക്കണമെന്ന് ആന്റണിയോടോ അനിൽ ആന്റണിയോടോ അന്ന് പറഞ്ഞതായിട്ടാണ് ഓർക്കുന്നുതെന്നും പി ജെ കുര്യൻ പറഞ്ഞു. അനിൽ ആൻറണി തിരിച്ചുവന്നാൽ കോൺഗ്രസിൽ എടുക്കണം എന്നാണ് തൻറെ അഭിപ്രായമെന്ന് പി ജെ കുര്യൻ കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസമാണ് അനിൽ ആന്റണിക്കെതിരെ കോഴ ആരോപണവുമായി ദല്ലാൾ നന്ദകുമാർ രംഗത്ത് എത്തിയത്.പത്തനംതിട്ടയിലെ എൻഡിഎ സ്ഥാനാർത്ഥി അനിൽ കെ ആന്‍റണി വലിയ അഴിമതിക്കാരനാണെന്നും പിതാവിനെ ഉപയോഗിച്ച് വില പേശി പണം വാങ്ങിയിരുന്നു എന്നുമായിരുന്നു ദല്ലാള്‍ നന്ദകുമാറിന്‍റെ ആരോപണം.
സിബിഐ സ്റ്റാൻഡിങ് കൗൺസിൽ നിയമനത്തിനായി അനിൽ ആന്റണി 25 ലക്ഷം തന്റെ കൈയ്യിൽ നിന്നും വാങ്ങിയെന്നാണ് ദല്ലാള്‍ നന്ദകുമാര്‍ ഇന്നലെ ആരോപിച്ചത്. താൻ പറയുന്ന അഭിഭാഷകനെ സിബിഐ സ്റ്റാന്റിങ് കൗൺസിൽ ആയി നിയമിക്കണം എന്ന് ആവശ്യപ്പെട്ടാണ് അനിൽ ആന്റണിക്ക് പണം നൽകിയത്. എന്നാൽ നിയമനം വന്നപ്പോൾ മറ്റൊരാളെയാണ് നിയമിച്ചത്. താൻ ആവശ്യപ്പെട്ടയാളെ നിയമിക്കാത്തതിനാൽ വാങ്ങിയ 25 ലക്ഷം രൂപയും തിരികെ നൽകിയെന്നും നന്ദകുമാർ പറഞ്ഞിരുന്നു.