പോളിംഗ് ഡ്യൂട്ടി:രണ്ടാംഘട്ട റാൻഡമൈസേഷൻ പൂർത്തിയായി
ലോക്സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് പോളിംഗ് ഡ്യൂട്ടിയുള്ള ജീവനക്കാരുടെ രണ്ടാംഘട്ട റാൻഡമൈസേഷൻ ജില്ലയിൽ പൂർത്തിയായി. നിയമന ഉത്തരവ് ഓർഡർ വെബ് സൈറ്റിൽ ലഭ്യമാണ്. പോളിംഗ് ഡ്യൂട്ടിക്ക് എത് അസംബ്ളി സെഗ്മെൻറിലേക്കാണ് നിയോഗിച്ചിരിക്കുന്നതെന്നും പോളിംഗ് ബൂത്തിലേക്കുള്ള അംഗങ്ങൾ ആരൊക്കെയെന്നും ഉത്തരവിൽ സൂചിപ്പിച്ചിട്ടുണ്ട്. രണ്ടാം ഘട്ടത്തിൽ റിസർവ്വ് ജീവനക്കാരുടെ എണ്ണം 20 ശതമാനം ആയി കുറച്ചതിനാൽ ആദ്യഘട്ട നിയമനം ലഭിച്ച ഏതാനും പേർക്ക് രണ്ടാം ഘട്ട നിയമനം ഉണ്ടായിരിക്കില്ല.
എല്ലാ വകുപ്പ്,സ്ഥാപന മേധാവികളും ഇന്ന് (ഏപ്രിൽ 8) നിയമന ഉത്തരവ് order.ceo.kerala.gog.in എന്ന വെബ് സൈറ്റിൽ നിന്നും ഡൌൺലോഡ് ചെയ്ത് ജീവനക്കാർക്ക് കൈമാറേണ്ടതും വൈകീട്ട് 5 ന് മുമ്പായി ഓർഡർ വെബ് സൈറ്റിൽ രേഖപ്പെടുത്തേണ്ടതുമാണ്. ഓർഡർ വെബ് സൈറ്റിലെ എംപ്ലോയി കോർണർ വഴി നിയമന ഉത്തരവ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് ഡൌൺലോഡ് ചെയ്തെടുക്കാവുന്നതുമാണ്.
ജില്ലയിലെ ദേവികളം അസംബ്ളി സെഗ്മെൻറിലെ പരിശീലന ക്ലാസ് മൂന്നാർ എഞ്ചിനീയറിംഗ് കോളേജിൽ വച്ചും, ഉടുമ്പൻചോല അസംബ്ളി സെഗ്മെന്റിൽ ഉള്ളവർക്ക് മിനി സിവിൽ സ്റ്റേഷൻ നെടുങ്കണ്ടം, സർവ്വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് നെടുങ്കണ്ടം, അർബൻ ബാങ്ക് നെടുങ്കണ്ടം എന്നിവിടങ്ങളിൽ വച്ചും തൊടുപഴ അസംബ് ളി സെഗ്മെൻറിലുള്ളവർക്ക് ന്യൂമാൻ കോളേജിൽ വച്ചും, ഇടുക്കി അസംബ്ളി സെഗ്മെൻറിലുള്ളവർക്ക് കളക്ടറേറ്റ് കോൺഫറൻസ് ഹാൾ, കളക്ടറേറ്റ് മിനി കോൺഫറൻസ് ഹാൾ. പ്ലാനിംഗ് ഓഫീസ് ഹാൾ എന്നിവിടങ്ങളിൽ വച്ചും. പീരുമേട് അസംബ്ളി സെഗ്മെൻറിലുള്ളവർക്ക് മരിയൻ കോളേജ് കട്ടിക്കാനത്ത് വച്ചും ഏപ്രിൽ 11,12,15 തിയതികളിൽ രാവിലെ 9 മണി, ഉച്ചയ്ക്ക് 1 മണി എന്നിങ്ങനെ രണ്ട് സെഷനുകളിലായി നടത്തുന്നതാണ്.
രണ്ടാംഘട്ട പരിശീലന ക്ലാസ് ഓരോ പോളിംഗ് ബൂത്തിലേക്കും നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥരുടെ ഗ്രൂപ്പ് അടിസ്ഥാനത്തിലുള്ളതായതിനാൽ നിയമന ഉത്തരവിൽ രേഖപ്പെടുത്തിയിട്ടുള്ള പരിശീലന ക്ലാസിൽ നിർബന്ധമായും പങ്കെടുക്കണമെന്നും, പങ്കെടുക്കാത്ത ജീവനക്കാർക്കെതിരെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 134 പ്രകാരമുള്ള ശിക്ഷാ നടപടികൾ സ്വീകരിക്കുന്നതാണെന്നും ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ കൂടിയായ ജില്ലാ കളക്ടർ ഷീബ ജോർജ്ജ് അറിയിച്ചു.