കട്ടപ്പന ഇരട്ടക്കൊല പ്രതികളുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിച്ചു
കട്ടപ്പന: ഇരട്ട കൊലപാത കേസിലെ പ്രതികളുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിച്ചു. കൂടുതൽ ശാസ്ത്രിയ തെളിവുകൾ ശേഖരിയ്ക്കുന്നതിനായി മൂന്നു ദിവസം മുൻപാണ് കട്ടപ്പന പോലീസ് കേസിലെ മുഖ്യ പ്രതികളായ വിഷ്ണു (29) നിതീഷ് (31) എന്നിവരെ കസ്റ്റഡിയിൽ വാങ്ങിയത്. മാർച്ച് രണ്ടിന് നഗരത്തിൽ നടന്ന മോഷണക്കേസിൽ പ്രതിയായ നിതീഷും , വിഷ്ണുവും പിടിയിലായതിനെ തുടർന്ന് നടന്ന ചോദ്യം ചെയ്യലിലാണ് ഇരട്ടക്കൊലക്കേസിന്റെ ചുരുളഴിയുന്നത്. 2016 ജൂലായിലാണ് നവജാത ശിശുവിന്റെ കൊലപാതകം നടന്നത്. മുഖ്യപ്രതി നിതീഷിന് കൊല്ലപ്പെട്ട വിജയന്റെ മകളിൽ ഉണ്ടായ ആൺകുട്ടിയെ ജനിച്ച് ഏതാനും ദിവസങ്ങൾക്കകം കൊല്ലുകയായിരുന്നു. നിതീഷാണ് കുഞ്ഞിനെ തുണി കൊണ്ട് മുഖത്ത് കെട്ടി ശ്വാസം മുട്ടിച്ച് കൊന്നത്. കുഞ്ഞിനെ കാലിലും കൈയിലും പിടിച്ചത് വിജയനും മകൻ വിഷ്ണുവുമായിരുന്നുവെന്ന് എഫ്.ഐ.ആറിൽ പറയുന്നു. കുഞ്ഞിനെ സാഗര ജങ്ഷന് സമീപമുള്ള വിജയന്റെ വീട്ടിൽ കുഴിച്ചിട്ടുവെന്ന് നിതീഷ് മൊഴി നൽകിയിരുന്നു.2023 ഓഗസ്റ്റിലെ ഒരു രാത്രിയിൽ വിജയനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊല്ലുകയായിരുന്നു. കൊല്ലപ്പെട്ട കാഞ്ചിയാർ കക്കാട്ടുകട നെല്ലാനിക്കൽ വിജയന്റെ (60) മൃതദേഹം കാഞ്ചിയാറിലെ വാടക വീട്ടിലെ തറ കുഴിച്ച് നടത്തിയ പരിശോധനയിൽ കണ്ടെത്തിയിരുന്നു. എന്നാൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്താൻ കഴിഞ്ഞില്ല. വിജയന്റെ ഭാര്യ സുമയും കേസിൽ പ്രതിയാണ്. മുഖ്യപ്രതി നിതീഷിനെതിരെ വയോധികയെയും യുവതിയെയും പീഡിപ്പിച്ചതിന് രണ്ട് കേസുകൾ കൂടി കട്ടപ്പന പോലീസ് എടുത്തിട്ടുണ്ട്.