ഷാഫിയുടെ സമാധാന യാത്ര തെരഞ്ഞെടുപ്പ് സ്റ്റണ്ടെന്ന് എം വി ഗോവിന്ദന്‍
കണ്ണൂര്‍: പാനൂരിലെ ഷാഫി പറമ്പിലിന്റെ നേതൃത്വത്തില്‍ നടക്കുന്ന സമാധാന സന്ദേശയാത്ര തിരഞ്ഞെടുപ്പ് സ്റ്റണ്ടാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. പാനൂരിലെ ബോംബ് സ്‌ഫോടനവുമായി ബന്ധപ്പെട്ട് പാര്‍ട്ടിക്ക് ഒരു ബന്ധവുമില്ല. സമാധാനത്തിന് ഭംഗം വരുത്തുന്ന ഒന്നും സിപിഐഎം ചെയ്യില്ല. ബോംബ് സ്‌ഫോടനത്തില്‍ മരിച്ചയാള്‍ പാര്‍ട്ടിക്കാരെ ആക്രമിച്ച കേസിലെ പ്രതിയാണെന്നും ഗോവിന്ദന്‍ പറഞ്ഞു. അതേ സമയം, പാനൂര്‍ സ്‌ഫോടനത്തിലെ പൊലീസ് അന്വേഷണത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി യുഡിഎഫ് രംഗത്തെത്തി.
കേസിലെ പൊലീസ് നടപടികള്‍ ദുരൂഹമെന്ന് വടകരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പില്‍ വിമര്‍ശിച്ചു. സംഭവത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കെന്ന് ഷാഫി ആരോപിച്ചു. തെരഞ്ഞെടുപ്പു കമീഷന്‍ സ്ഥലത്തെത്തണമെന്ന് കെ കെ രമ ആവശ്യപ്പെട്ടു. എഫ്‌ഐആറില്‍ രണ്ട് പേര് മാത്രം ചേര്‍ത്തതില്‍ സംശയങ്ങള്‍ ഉണ്ടെന്നും രമ പറഞ്ഞു. ബോംബ് രാഷ്ട്രീയത്തിനെതിരെ പാനൂരില്‍ യുഡിഎഫിന്റെ സമാധാന സന്ദേശ യാത്ര തുടരുകയാണ്. വെള്ളിയാഴ്ച പുലര്‍ച്ചെ രാത്രി ഒരു മണിക്കായിരുന്നു പാനൂരില്‍ സ്‌ഫോടനം. സ്‌ഫോടനത്തില്‍ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗത്തിന്റെ മകന്‍ കൂടിയായ മൂളിയാത്തോട് വലിയപറമ്പത്ത് വിനീഷിന്റെ ഇരുകൈകളും അറ്റുപോയിരുന്നു.