കോവിഡിനെതിരേ കരുത്തുറ്റ പ്രതിരോധം


നെടുങ്കണ്ടം : തമിഴ്‌നാടുമായി അതിർത്തി പങ്കിടുന്ന പഞ്ചായത്തെന്ന നിലയിൽ കോവിഡ് രണ്ടാം തരംഗത്തിന്റെ ബുദ്ധിമുട്ടുകൾ ഏറെ നേരിട്ടവരാണ് കരുണാപുരംകാർ. ജില്ലയിൽ ചരക്ക് നീക്കം നടക്കുന്ന പ്രധാന ചെക്കുപോസ്റ്റുകളിലൊന്നായ കമ്പംമെട്ടും, വിനോദസഞ്ചാര കേന്ദ്രമായ രാമക്കൽമെട്ടും ഈ പഞ്ചായത്തിലാണ്. രണ്ടാം തരംഗത്തിന്റെ തുടക്കത്തിൽ കേസുകൾ കുറവായിരുന്ന പഞ്ചായത്തിൽ ദിവസങ്ങൾ കൊണ്ടാണ് തീവ്രമായ രോഗവ്യാപനം ഉണ്ടായത്.
ആരോഗ്യവകുപ്പിന്റെ കണക്ക് പ്രകാരം പഞ്ചായത്തിൽ 997 പേരാണ് കോവിഡ് ബാധിതരായത്. 11 മരണങ്ങളുമുണ്ടായി. ഇതിനിടയിലും 1492 പേർക്ക് വാക്‌സിൻ നൽകിയത് കരുണാപുരത്തിന്റെ നേട്ടമാണ്. ലോക്‌ഡൗൺ കാലത്ത് വാക്‌സിൻ സ്വീകരിച്ചവരുടെയും സ്വീകരിക്കാനുള്ളവരുടെയും വിവരങ്ങൾ ശേഖരിച്ച് ഡേറ്റബേസ് ഉണ്ടാക്കിയതും കരുണാപുരത്തിന്റെ മാത്രം പ്രത്യേകതയാണ്. കോവിഡിനെ പേടിച്ച് ജനങ്ങളെല്ലാം വീട്ടിലടച്ചിരുന്ന കാലത്തും നാടിനും നാട്ടുകാർക്കും വേണ്ടി പ്രവർത്തിച്ച ഒരുപറ്റം ആളുകളുണ്ട്, കരുണാപുരത്ത്. പഞ്ചായത്ത് പ്രസിഡന്റ് വിൻസി വാവച്ചന്റെ നേതൃത്വത്തിലുള്ള പഞ്ചായത്തംഗങ്ങൾ, എൺപതോളം വരുന്ന സന്നദ്ധപ്രവർത്തകർ മെഡിക്കൽ ഓഫീസർ വിനീത പി.സൈമണിന്റെയും ഹെൽത്ത് ഇൻസ്‌പെക്ടർ വിധു എ.സോമന്റെയും നേതൃത്വത്തിലുള്ള ആരോഗ്യ പ്രവർത്തകർ, വിവധ സന്നദ്ധ സംഘടനകൾ തുടങ്ങിയവർ കോവിഡ് പ്രതിരോധത്തിന് എപ്പോഴും സന്നദ്ധരാണ്. കോവിഡ് രോഗികളെ ആശുപത്രിയിൽ എത്തിക്കുന്നതിനും നിരീക്ഷണത്തിലിരിക്കാൻ സൗകര്യം ഒരുക്കുന്നതിനും, ഭക്ഷണവും ഭക്ഷ്യകിറ്റുകളും എത്തിക്കുന്നതിനും ഈ പോരാളികൾ ഇപ്പോഴും പരിശ്രമിക്കുകയാണ്.
സമ്പർക്കം ഒഴിവാക്കൽ മുഖ്യം
രണ്ടാം തരംഗത്തിൽ പഞ്ചായത്തിലെ പത്താം വാർഡ് കൺടെയ്ൻമെന്റ് സോണായിരുന്നു. എന്നാൽ, പഞ്ചായത്തംഗമായ മാത്തുക്കുട്ടി മറ്റപ്പളിയുടെ നേതൃത്വത്തിലുള്ള ചിട്ടയായ പ്രവർത്തനത്തിലൂടെ രോഗികളുടെ എണ്ണം 60-ൽ നിന്ന് ഒന്നായി ചരുക്കാനായി. രോഗബാധിതരും നിരീക്ഷണത്തിൽ കഴിയുന്നവരുമായി സമ്പർക്കത്തിൽ ഏർപ്പെടാൻ സാധ്യതയുള്ളവരെ മുൻകൂറായി കണ്ടെത്തി നിർദേശം നൽകുക എന്ന നയമാണ് കോവിഡിനെ പിടിച്ചുകെട്ടാൻ സ്വീകരിച്ചതെന്ന് മാത്തുക്കുട്ടി പറഞ്ഞു. കോവിഡ് രോഗികൾക്കൊപ്പം ബുദ്ധിമുട്ടുന്ന എല്ലാവർക്കും ഭക്ഷ്യകിറ്റുകളും സാമ്പത്തിക സഹായവും നൽകി. വാർഡിനെ ഒൻപത് ക്ലസ്റ്ററുകളാക്കി തിരിച്ചാണ് കോവിഡ് കാലത്ത് ആവശ്യമായ നിർദേശങ്ങൾ നൽകി വരുന്നത്. ഓരോ ക്ലസ്റ്ററിന്റെയും പരിപാലത്തിനായി സന്നദ്ധ പ്രവർത്തകരുമുണ്ട്.
ശ്രദ്ധ വാക്‌സിനേഷനിൽ
സാധാരണക്കാർ തിങ്ങിപ്പാർക്കുന്ന 13-ാം വാർഡിൽ പഞ്ചായത്തംഗം മിനി പ്രിൻസിന്റെ നേതൃത്വത്തിലാണ് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. രണ്ടാം തരംഗത്തിന് മുമ്പ് തന്നെ വാർഡിൽ പ്രരോധ മരുന്നു വിതരണവും വീടുകൾ കയറിയുള്ള ബോധവത്കരണവും ജാഗ്രതസമിതിയുടെ നേതൃത്വത്തിൽ പൂർത്തീകരിച്ചിരുന്നു. മേഖലയിലെ ‘ഫ്രണ്ട്‌സ് ഓഫ് ചെറ്റുകുഴി’ എന്ന വാട്‌സാപ്പ് കൂട്ടായ്മയും കോവിഡ് രോഗികൾക്കും നിരീക്ഷണത്തിൽ കഴിയുന്നവർക്കും ആവശ്യമായ സഹായവുമായി രംഗത്തുണ്ടായിരുന്നെന്നും മിനി പ്രിൻസ് പറഞ്ഞു. കോവിഡ് വാക്‌സിൻ എല്ലാവരിലേക്കും എത്തിക്കാനാണ് ഇപ്പോൾ ജാഗ്രത സമിതി ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.
ജാഗ്രതയുടെ വിജയം
നാൽപതോളം കോവിഡ് രോഗികളുണ്ടായിട്ടും ഒരു കോവിഡ് മരണം പോലും 14-ാം വാർഡിൽ റിപ്പോർട്ട് ചെയ്യാത്തത് പഞ്ചായത്തംഗം സി.എം. ബാലകൃഷ്ണന്റെ നേതൃത്വത്തിൽ രാപകലില്ലാതെ പ്രവർത്തിക്കുന്ന ജാഗ്രതസമിതിയുടെ മികവാണ്.
രോഗബാധിതനായ ആൾക്കും കുടുംബത്തിനും ആവശ്യമായതെല്ലാം വീട്ടുപടിക്കൽ എത്തിച്ച് നൽകിയാണ് കോവിഡ് കാലത്ത് ജാഗ്രതാസമിതി കരുതലായതെന്ന് ബാലകൃഷ്ണൻ പറഞ്ഞു. കോവിഡ് സാഹചര്യം വിലയിരുത്താൻ രണ്ടാം തരംഗത്തിന്റെ തുടക്കത്തിൽ തന്നെ ജാഗ്രതാസമിതി വാർഡിൽ ഓഫീസ് തുറന്നിരുന്നു.
കോവിഡ് രോഗികൾക്ക് വേണ്ട ചികിത്സ, യാത്രാ സൗകര്യം, ലോക്ക് ഡൗണിൽ ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്കുള്ള സഹായങ്ങൾ എന്നിവ ഈ ഓഫീസ് കേന്ദ്രീകരിച്ചാണ് ഏകോപിപ്പിച്ചിരുന്നത്. എല്ലാ ദിവസവും വൈകുന്നേരം യോഗം ചേർന്ന് അതാത് ദിവസത്തെ പ്രവർത്തനം സമിതി വിലയിരുത്തുമെന്നും ബാലകൃഷ്ണൻ പറഞ്ഞു.