‘ദൂരദർശൻ വെറുപ്പിന്റെ ഫാക്ടറി ആകരുത്, കേരള സ്റ്റോറി പ്രദർശിപ്പിക്കാനുള്ള തീരുമാനത്തിൽ നിന്ന് പിന്മാറണം’: ഡിവൈഎഫ്ഐ
നുണകഥകളിലൂടെ കേരളത്തിനെതിരെ വിദ്വേഷ പ്രചരണം ലക്ഷ്യമാക്കി നിർമ്മിച്ച ‘കേരള സ്റ്റോറി’യെന്ന സിനിമ പ്രദർശിപ്പിക്കാനുള്ള ദൂരദർശന്റെ തീരുമാനം പ്രതിഷേധാർഹമെന്ന് ഡിവൈഎഫ്ഐ. ദൂരദർശൻ വെറുപ്പിന്റെ ഫാക്ടറി ആകരുത്, കേരള സ്റ്റോറി പ്രദർശിപ്പിക്കാനുള്ള തീരുമാനത്തിൽ നിന്ന് പിന്മാറണമെന്ന് എ എ റഹീം ആവശ്യപ്പെട്ടു.
രാജ്യം ഒരു തെരഞ്ഞെടുപ്പിനെ നേരിടുന്ന ഘട്ടത്തിൽ രാജ്യത്തിന്റെ ഔദ്യോഗിക മാധ്യമങ്ങളിലൊന്നായ ദൂരദർശൻ വഴി ഈ സിനിമ സംപ്രേക്ഷണം ചെയ്യാൻ വേണ്ടി തീരുമാനിച്ചിരിക്കുന്നത് ദുരുദ്ദേശപരമാണ്.
ഇത് കേരളത്തെ അപമാനിക്കുന്നതും രാജ്യത്ത് വംശീയവും വർഗീയവുമായ വിദ്വേഷം ഇളക്കി വിടാനും ഉദ്ദേശിച്ചുള്ളതാണെന്നും ഡിവൈഎഫ്ഐ വ്യക്തമാക്കി. ഏപ്രിൽ അഞ്ചിന് കേരള സ്റ്റോറി സംപ്രേക്ഷണം ചെയ്യാനുള്ള നീക്കത്തിൽ നിന്നും ദൂരദർശൻ പിൻമാറണമെന്നും ദൂരദർശന്റെ ഈ തീരുമാനത്തിൽ അതിശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ അറിയിച്ചു.