വളർച്ചയിൽ കുതിപ്പ്, തൊഴിലിൽ തളർച്ച; ഇന്ത്യയിൽ പണിയില്ലാതാകാൻ ഒരേയൊരു കാരണം; തലയുയർത്തി കേരളം
ബിരുദാനന്തര ബിരുദവും പിഎച്ച്ഡിയും പൂർത്തിയാക്കിയിട്ടും, ഈ യോഗ്യതയൊന്നും ആവശ്യമില്ലാത്ത അറ്റൻ്റർ ജോലിക്ക് അപേക്ഷിച്ച് പരീക്ഷയെഴുതി നിയമനം കാത്തിരിക്കുന്ന യുവത. ഇന്ത്യയുടെ തൊഴിൽ മേഖലയുടെ പരിതാപകരമായ സ്ഥിതി തുറന്നുപറയുന്നതാണ് അണ്ടർ എംപ്ലോയ്മെൻ്റ് കണക്കുകൾ. കഴിഞ്ഞ സാമ്പത്തിക പാദത്തിൽ മാത്രം 8.4% വളർച്ച നേടിയ ഇന്ത്യക്ക് മുന്നിലെ വലിയ വെല്ലുവിളിയാണ് ഇവിടെ തൊഴിലില്ലാതെ ദുരവസ്ഥയിൽ കഴിയുന്ന കോടിക്കണക്കിന് വരുന്ന യുവാക്കളുടെ എണ്ണം.
സാമ്പത്തിക മുന്നേറ്റത്തിൽ ഇന്ത്യക്ക് ഏറ്റവും കൂടുതൽ കരുത്താകുന്നത് പതിറ്റാണ്ടുകളായി സർവീസ് സെക്ടറിൽ രേഖപ്പെടുത്തിയ വലിയ മുന്നേറ്റമാണ്. ഇത് തന്നെയാണ് തൊഴിൽ അവസരങ്ങൾ കുറയാൻ കാരണവും. മാനുഫാക്ചറിങ് മേഖല പോലെ സർവീസ് രംഗം കൂടുതൽ തൊഴിൽ സൃഷ്ടിക്കുന്നില്ലെന്നതാണ് പ്രയാസമാകുന്നത്. കോളേജ് വിദ്യാഭ്യാസം നേടിയവരുടെ തൊഴിലില്ലായ്മയിൽ രാജ്യം വളരെയേറെ മുന്നിലാണ്. ഈയടുത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹ്യൂമൻ ഡെവലപ്മെൻ്റും ഇൻ്റർനാഷണൽ ലേബർ ഓർഗനൈസേഷനും ചേർന്ന് തയ്യാറാക്കി പുറത്തുവിട്ട ഇന്ത്യ എംപ്ലോയ്മെൻ്റ് റിപ്പോർട്ട് 2024 ലും ഇക്കാര്യങ്ങൾ വിശദമായി പ്രതിപാദിക്കുന്നുണ്ട്.
ഇന്ത്യയിൽ തൊഴിലില്ലാത്തവരുടെ എണ്ണത്തിൽ 83% യുവാക്കളാണ്. 2000 ത്തിൽ എസ്എസ്എൽസിക്ക് മേലെ വിദ്യാഭ്യാസം ഉണ്ടായിരുന്നവരിലെ തൊഴിലില്ലായ്മ നിരക്ക് 35.2% ആയിരുന്നെങ്കിൽ 2022 ൽ ഇത് 65.7% ആയി മാറി. യുവാക്കളിലെ തൊഴിലില്ലായ്മയിൽ ആഗോള ശരാശരിയിലും മേലെയാണ് ഇന്ത്യയിലെ കണക്ക്. തൊഴിലില്ലായ്മ പ്രശ്നം കൂടൂതലും നേരിടുന്നത് രാജ്യത്തെ സ്ത്രീകളാണ്. രാജ്യത്തെ 40 വയസിന് താഴെ പ്രായമുള്ള സ്ത്രീകളിൽ 76.7% പേർക്കും പുരുഷന്മാരിൽ 62.2% പേർക്കും തൊഴിലില്ല. രാജ്യത്ത് തൊഴിലെടുക്കുന്നവരിൽ നാലിലൊന്ന് ഭാഗം മാത്രമാണ് സ്ത്രീകളെന്നും റിപ്പോർട്ട് സമർത്ഥിക്കുന്നുണ്ട്.
തൊഴിലില്ലായ്മ പ്രധാന തെരഞ്ഞെടുപ്പ് വിഷയം
ഏപ്രിൽ 19 മുതൽ ആറ് ആഴ്ചകളിലായി ഏഴ് ഘട്ടങ്ങളിലായി നടക്കാനിരിക്കുന്ന ഒരു പൊതു തെരഞ്ഞെടുപ്പിന് ഇന്ത്യ തയ്യാറെടുക്കുമ്പോൾ യുവജനങ്ങളിലെ തൊഴിലില്ലായ്മ മോദി സർക്കാരിന് ഒരു വലിയ തലവേദനയാണ്. രാജ്യത്തെ സമ്പദ്വ്യവസ്ഥയെ കരകയറ്റി, ഏറെ മുന്നോട്ട് കൊണ്ടുപോയി എന്നതാണ് മോദി തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സ്ഥിരം ഉന്നയിക്കുന്ന വാദം. കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ സാമ്പത്തിരംഗം മെച്ചപ്പെടുത്തുന്നതിനും തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കുന്നതിനും റോഡ്, പാലങ്ങൾ കൂടാതെ മറ്റനേകം അടിസ്ഥാനസൗകര്യരംഗങ്ങളിലും സർക്കാർ ധാരാളം പണം ചെലവഴിച്ചിരുന്നു. എന്നാൽ ഇതൊന്നും തന്നെ രാജ്യത്തെ തൊഴിലില്ലായ്മ പരിഹരിക്കുന്നതിന് പര്യാപ്തമല്ലായിരുന്നു എന്നതാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. തൊഴിലില്ലായ്മ ഇത്ര രൂക്ഷമാകാൻ കാരണമായി പ്രതിപക്ഷ പാർട്ടികൾ ചൂണ്ടിക്കാണിക്കുന്നത് മോദി സർക്കാരിൻ്റെ ഭരണത്തെയും നയങ്ങളെയുമാണ്. അഭ്യസ്തവിദ്യരായ യുവതീയുവാക്കൾക്ക് മികച്ച ശമ്പളം ലഭിക്കുന്ന തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയ്ക്ക് കഴിഞ്ഞിട്ടില്ല. ഈ ഒരു അവസ്ഥ മുതലെടുത്ത് സർക്കാരിനെതിരെ പ്രചാരണം നടത്താനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്.
മുന്നേറി കേരളം
രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിലെ തൊഴിൽ സാഹചര്യം സംബന്ധിച്ച് റിപ്പോർട്ടിൽ കഴിഞ്ഞ 20 വർഷത്തിനിടെ വലിയ മുന്നേറ്റം കാഴ്ച വച്ചത് കേരളം മാത്രമാണെന്ന് ഇന്ത്യ എംപ്ലോയ്മെൻ്റ് റിപ്പോർട്ട് സമർത്ഥിക്കുന്നു. 2005 ൽ 20ാം സ്ഥാനത്തായിരുന്ന സംസ്ഥാനം 2012 ൽ 14ാം സ്ഥാനത്തേക്കും 2019 ൽ ഏഴാം സ്ഥാനത്തേക്കും 2022 ൽ ആറാം സ്ഥാനത്തേക്കും കുതിച്ചു. ഡൽഹിയാണ് പട്ടികയിൽ എക്കാലവും ഒന്നാം സ്ഥാനത്ത് തുടരുന്നത്. ഹിമാചൽ 2005 മുതൽ രണ്ടാം സ്ഥാനവും നിലനിർത്തി. 2005 ൽ അഞ്ചാമതുണ്ടായിരുന്ന തെലങ്കാന 2019 ൽ 16ാം സ്ഥാനത്തേക്ക് താഴ്ന്നു. എന്നാലിവർക്ക് 2022 ൽ മൂന്നാം സ്ഥാനത്തേക്ക് മുന്നേറാൻ സാധിച്ചു. ഒഡിഷയും ബിഹാറും ഇക്കാര്യത്തിൽ അവസാന സ്ഥാനത്താണ്. ജാർഖണ്ഡ് (20) ഉത്തർപ്രദേശ് (19) മധ്യപ്രദേശ് (18) എന്നീ സംസ്ഥാനങ്ങളാണ് അവസാനത്തെ മറ്റ് മൂന്ന് സ്ഥാനങ്ങളിൽ 2022 ലെ കണക്കനുസരിച്ചുള്ളത്.