എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പുണ്ടായി ഒരു വര്‍ഷം പിന്നിട്ടിട്ടും സുരക്ഷിത ട്രെയിന്‍ യാത്രയെന്നത് സ്വപ്നം മാത്രം
എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പുണ്ടായി ഒരു വര്‍ഷം പിന്നിട്ടിട്ടും സുരക്ഷിത ട്രെയിന്‍ യാത്രയെന്നത് സ്വപ്‌നം മാത്രമായി അവശേഷിക്കുകയാണ്. എലത്തൂര്‍ പശ്ചാത്തലത്തില്‍ ട്രെയിനില്‍ സുരക്ഷ വര്‍ധിപ്പിക്കുമെന്ന് റെയില്‍വേ പ്രഖ്യാപിച്ചിരുന്നു. പക്ഷേ യാതൊരു തുടര്‍നടപടിയുമില്ലാതെ ഇത് പ്രഖ്യാപനം മാത്രമായി ഒതുങ്ങി. കാര്യക്ഷമമായ പരിശോധനകള്‍ ഇല്ലാതെയാണ് യാത്രക്കാര്‍ ഇപ്പോഴും റെയില്‍വേ സ്റ്റേഷനുകളിലേക്ക് പ്രവേശിക്കുന്നത്. എലത്തൂര്‍ ട്രെയിന്‍ തീവെപ്പിന്റെ ഒന്നാം വാര്‍ഷികത്തില്‍ ഒരു ടിടിഇ കൊല്ലപ്പെടുമ്പോഴും സുരക്ഷിത ട്രെയിന്‍ യാത്ര വാഗ്ദാനങ്ങളില്‍ ഒതുങ്ങുകയാണ്.
മദ്യപിച്ചശേഷമോ പെട്രോളോ സ്‌ഫോടക വസ്തുകളുമായോ ആര്‍ക്കും റെയില്‍വേ സ്റ്റേഷന് അകത്തേക്ക് കയറാം. യാതൊരു പരിശോധനയും ഇല്ല. മെറ്റല്‍ ഡിക്ടക്ടര്‍ മാത്രം നോക്കുകുത്തിയായി നില്‍ക്കുന്നുമുണ്ട്. മദ്യപാനിയായ യാത്രക്കാരന്‍ ടിടിഇയെ തള്ളിയിട്ട് കൊലപ്പെടുത്തിയത് ട്രെയിന്‍ യാത്രയ്ക്കിടയിലെ അക്രമണങ്ങളില്‍ ഒടുവിലത്തെ സംഭവമാണ്. റിപ്പോര്‍ട്ട് ചെയ്യാതെ പോകുന്ന അതിക്രമങ്ങള്‍ക്ക് കണക്കില്ല. റെയില്‍വേ സ്റ്റേഷനുകളില്‍ ആവശ്യത്തിന് പരിശോധകള്‍ ഇല്ലാത്തതാണ് പ്രധാന കാരണം. ട്രെയിനുകളില്‍ സിസിടിവി, എല്ലാ സ്റ്റേഷനുകളിലും നിരീക്ഷണ ക്യാമറ, ശക്തമായ പൊലീസ് നിരീക്ഷണം എന്നിവയും കടലാസില്‍ ഒതുങ്ങി.
അഞ്ച് കമ്പാര്‍ട്ട്‌മെന്റിന് ഒരു ടിടിഇയും സുരക്ഷക്ക് ആവശ്യമായ ആര്‍പിഎഫ് ഉദ്യോഗസ്ഥരെയും ഉറപ്പാക്കണമെന്നാണ് ഉത്തരവ്. എന്നാല്‍ ദീര്‍ഘദൂര ട്രെയിനുകളില്‍ പോലും ഇതുണ്ടാകാറില്ല. അതുണ്ടായാല്‍ ജോലിക്കിടെ ടിടിഇ കെ വിനോദിന് ജീവന്‍ നഷ്ടമാകില്ലായിരുന്നു. ഭയരഹിതമായ ട്രെയിന്‍ യാത്രക്ക് ഇനി കാലം കാത്തിരിക്കണമെന്ന് യാത്രക്കാര്‍ ചോദിക്കുന്നു. ഇനി ഒരു അപകടത്തിന് മുമ്പ് നടപടി ഉണ്ടാകുമോ എന്ന് കാത്തിരിക്കാം.