തദ്ദേശ സ്വയംഭരണ വകുപ്പിലെ ഒരു വിഭാഗം ജീവനക്കാര്‍ക്ക് ശമ്പളം മുടങ്ങി
തദ്ദേശ സ്വയംഭരണ വകുപ്പിലെ ഒരു വിഭാഗം ജീവനക്കാര്‍ക്ക് ശമ്പളം മുടങ്ങി. തദ്ദേശവകുപ്പ് കോമണ്‍സര്‍വീസ് ആക്കി മാറ്റിയപ്പോള്‍ ശീര്‍ഷകം അനുവദിക്കുന്നതിലെ സാങ്കേതിക പ്രശ്നങ്ങളാണ് ശമ്പളം മുടങ്ങാന്‍ കാരണമായി പറയുന്നത്. എന്നാല്‍ മറ്റു പ്രശ്നങ്ങളില്ലെന്നും ശമ്പളം അനുവദിച്ചു തുടങ്ങിയെന്നും തദ്ദേശവകുപ്പിന്‍റെ വിശദീകരണം.
കോര്‍പറേഷന്‍, മുനിസിപ്പാലിറ്റി, പഞ്ചായത്ത് തുടങ്ങി അഞ്ചു വകുപ്പുകളെ കൂട്ടിച്ചേര്‍ത്തുകൊണ്ടാണു തദ്ദേശ വകുപ്പ് കോമണ്‍ സര്‍വീസ് രുപീകരിച്ചത്. ശമ്പള വിതരണത്തിനായി പൊതുവായ ഹെഡ് ഓഫ് അക്കൗണ്ടാണ് അനുവദിക്കേണ്ടത്. ഏപ്രില്‍ ഒന്നു മുതല്‍ പുതിയ ഹെഡ് ഓഫ് അക്കൗണ്ടില്‍ നിന്നു ശമ്പളവിതരണം നടത്താനുള്ള നടപടികളുമായി മുന്നോട്ടു പോയെങ്കിലും പൂര്‍ത്തിയാക്കാനായില്ല. ഇതോടെയാണ് ശമ്പള വിതരണം ഒരു വിഭാഗത്തിനു മുടങ്ങിയത്. പ്രതിപക്ഷ സര്‍വീസ് സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തി.പ്രിന്‍സിപ്പല്‍ ഡയറക്ടറേറ്റ്, ജില്ലാ ജോയിന്‍റ് ഡയറക്ടറ്‍ ഓഫിസ് ഉള്‍പ്പടെയുള്ള ഓഫിസുകളിലെ ജീവക്കാര്‍ക്കാണ് ശമ്പളം മുടങ്ങിയത്.
എന്നാല്‍ മാസത്തിലെ ആദ്യ അഞ്ചു പ്രവര്‍ത്തി ദിനങ്ങള്‍ക്കുള്ളിലാണ് ശമ്പളം വിതരണം ചെയ്യുന്നതെന്നും , അതിനുള്ള നടപടി പുരോഗമിക്കുകയാണെന്നും തദ്ദേശ സ്വയംഭരണ വകുപ്പ് അറിയിച്ചു.