ടിടിഇ വിനോദിന്റെ കൊലപാതകം വേദനാജനകം; പ്രതിക്ക് അർഹമായ ശിക്ഷ വാങ്ങിക്കൊടുക്കുമെന്ന് മുഖ്യമന്ത്രി
തൃശ്ശൂർ വെളപ്പായയിൽ പാട്ന സൂപ്പർ ഫാസ്റ്റ് എക്സ്പ്രസിൽ ടിടിഇയെ യാത്രക്കാരൻ തള്ളിയിട്ട് കൊലപ്പെടുത്തിയ സംഭവം വേദനാജനകമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിക്ക് അർഹമായ ശിക്ഷ വാങ്ങിക്കൊടുക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
‘ഔദ്യോഗിക കൃത്യനിർവഹണത്തിനിടെ റെയിൽവെ ടിടിഇ കെ വിനോദ് ദാരുണമായി കൊല്ലപ്പെട്ടത് ഏറെ വേദനാജനകമാണ്. എറണാകുളം മഞ്ഞുമ്മൽ സ്വദേശിയായ വിനോദിന്റെ വേർപാടിൽ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നു. പ്രതിക്ക് അർഹമായ ശിക്ഷ വാങ്ങിക്കൊടുക്കുന്നതിന് ആവശ്യമായ നടപടി എടുക്കും’. മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
വിനോദിനെ കൊലപ്പെടുത്താനുള്ള ഉദ്ദേശത്തോടെ ട്രെയിനിൽ നിന്ന് പ്രതി രജനീകാന്ത് തള്ളിയിട്ടതെന്നാണ് എഫ്‌ഐആർ പറയുന്നത്. വാതിലിന് അഭിമുഖമായി നിന്ന വിനോദിനെ പിന്നിൽ നിന്ന് തള്ളിയിടുകയായിരുന്നു. പിഴ ആവശ്യപ്പെട്ടതിലെ വിരോധമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നും എഫ്‌ഐആറിൽ പറയുന്നു.
എറണാകുളത്ത് നിന്നാണ് പ്രതി രജനീകാന്ത് ട്രെയിനിൽ കയറുന്നത്. തൃശൂർ മുളങ്കുന്നത്തുകാവ് സ്റ്റേഷൻ എത്തുന്നതിന് മുൻപാണ് ടിക്കറ്റിനെ സംബന്ധിച്ച് തർക്കം ഉണ്ടാകുന്നത്. പ്രതി ടിക്കറ്റ് എടുത്തിരുന്നില്ല. തുടർന്ന് പിഴ ഒടുക്കാൻ വിനോദ് ആവശ്യപ്പെട്ടു. ഇതിലുള്ള വിരോധമാണ് കൊലപാതകത്തിൽ കലാശിച്ചത്. പിഴ അടപ്പിച്ച ശേഷം വിനോദ് വാതിലിന് അഭിമുഖമായി നിൽക്കുകയായിരുന്നു. പിന്നാലെ ഇരുകൈകളും ഉപയോഗിച്ച് വിനോദിനെ പുറത്തേക്ക് തള്ളിയിടുകയായിരുന്നുവെന്ന് എഫ്‌ഐആറിൽ പറയുന്നു. പ്രതി രജനീകാന്ത് (42)ഒഡിഷ സ്വദേശിയാണ്. പ്രതി സംഭവം നടക്കുമ്പോൾ പ്രതി മദ്യലഹരിയിൽ ആയിരുന്നെന്നാണ് പൊലീസ് പറയുന്നത്.