രാജ്യവ്യാപകമായി ഉയരുന്നത് ബിജെപിയെ പരാജപ്പെടുത്തുകയെന്ന വികാരം: മുഖ്യമന്ത്രി
തിരുവനന്തപുരം: ബിജെപിയെ പരാജപ്പെടുത്തുകയെന്ന വികാരമാണ് രാജ്യവ്യാപകമായി ഉയരുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിൽ ഒരിടത്തും ബിജെപി വിജയിക്കാൻ പോകുന്ന ശക്തിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി തിരുവനന്തപുരത്തെ മണ്ഡലപര്യടനത്തിൽ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘കഴിവിന്റെ പരമാവധി അവർ ശ്രമിക്കുന്നുണ്ട്. പക്ഷെ, ജനങ്ങൾ അംഗീകരിച്ചു കൊടുക്കില്ല. ബിജെപിയെ നേരിടാൻ ഞങ്ങൾ മതിയെന്ന് പറയുന്ന കൂട്ടരാണ് കോൺഗ്രസ് നേതൃത്വത്തിലുള്ള യുഡിഎഫ്. കഴിഞ്ഞ തവണ യുഡിഎഫ് വലിയ വിജയം നേടി. എൽഡിഎഫിന് കനത്ത തിരിച്ചടി നേരിട്ടു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പ്രത്യേക സാഹചര്യമായിരുന്നു. രാഹുൽ ഗാന്ധി വന്നപ്പോൾ പ്രധാനമന്ത്രി സ്ഥാനാർത്ഥിയെന്ന് കോൺഗ്രസ് പ്രചരിപ്പിച്ചു. ബിജെപിയെ പരാജയപ്പെടുത്തണം എന്ന് ആഗ്രഹമുള്ളവരാണ് കേരളീയർ. അവർ കഴിഞ്ഞ തവണ കോൺഗ്രസിന്റെ പ്രചാരണം വിശ്വസിച്ചു’, അദ്ദേഹം പറഞ്ഞു.
മലയാളികൾ കളങ്ക രഹിതരായതുകൊണ്ട് കോൺഗ്രസിനെ വിജയിപ്പിക്കുകയായിരുന്നുവെന്നും ഇടതുമുന്നണിയോട് എന്തെങ്കിലും വിരോധം ഉള്ളതുകൊണ്ടല്ല കഴിഞ്ഞ തവണ ജനങ്ങൾ തിരിഞ്ഞതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ബിജെപിയെ താഴെയിറക്കാൻ കോൺഗ്രസിനെ സഹായിക്കാം എന്ന ചിന്ത കേരളീയ മനസ്സിലുണ്ടാവുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അതാണ് കഴിഞ്ഞതവണ ഇടതുമുന്നണിയുടെ കനത്ത പരാജയത്തിനു കാരണമായത്. എന്നാൽ എന്താണ് കഴിഞ്ഞ അഞ്ചുവർഷത്തെ സാഹചര്യമെന്നു ചോദിച്ച മുഖ്യമന്ത്രി കേരളീയ പൊതുസമൂഹത്തോട് നീതി ചെയ്യാൻ വിജയിച്ചു പോയ യുഡിഎഫിന്റെ എംപിമാർക്ക് സാധിച്ചോയെന്നും ചോദ്യമുയർത്തി.
കേരളത്തിന്റെ ശബ്ദം പാർലമെന്റിൽ ഉയർന്നോ? പല കാര്യങ്ങളിലും നിസംഗതയാണ് കണ്ടത്. ബിജെപിയെ തുറന്നെതിർക്കുന്നതിൽ പ്രയാസം കണ്ടു. പാർലമെന്റിൽ നിറഞ്ഞുനിൽക്കുന്ന യുഡിഎഫിന്റെ എംപിമാർ രാജ്യത്തിന്റെ പ്രശ്നങ്ങളിലോ കേരളത്തോടോ നീതി കാണിച്ചില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ആരോപിച്ചു. സാന്റിയാഗോ മാർട്ടിൻ എല്ലാവർക്കും പരിചിതമായ പേരാണ്. അവരും ഇലക്ടറൽ ബോണ്ട് നൽകിയിട്ടുണ്ട്. കോൺഗ്രസിനും 50 കോടി കിട്ടി. ഇലക്ടറൽ ബോണ്ട് വേണ്ടെന്ന് ഇനിയെങ്കിലും പറയാൻ കോൺഗ്രസ് തയ്യാറാകുമോയെന്നും മുഖ്യമന്ത്രി ചോദിച്ചു.