കെജ്രിവാളിന് പകരം സുനിത കെജ്‌രിവാൾ? ചർച്ചകൾ സജീവം
സുനിത കെജ്രിവാൾ ഇന്ന് ഇന്ത്യക്കാർക്ക് അപരിചിതയല്ല. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ഇഡി കസ്റ്റഡിയിലായതിനു ശേഷം രണ്ടുതവണയാണ് സുനിത മാധ്യമങ്ങളെ അഭിസംബോധന ചെയ്തത്. ഒട്ടും പതാറാതെ സമചിത്തതയോടെ കെജ്രവാളിൻ്റെ സന്ദേശം രാജ്യത്തോട് പങ്കുവെച്ചു അവർ. മദ്യനയ അഴിമതിക്കേസിൽ ഇന്ന് വിചാരണക്കോടതിയിൽ പുതിയ വെളിപ്പെടുത്തലുണ്ടാകുമെന്ന് സുനിതയ്ക്ക് നൽകിയ സന്ദേശത്തിലൂടെ കെജ്രിവാള്‍ വ്യക്തമാക്കിയിട്ടുണ്ട്. ഡൽഹിയിൽ ഒരു അധികാരക്കൈമാറ്റത്തിന് സാധ്യതകളേറെയാണ്. അരവിന്ദ് കെജ്രിവാളിന് പിൻഗാമി ആര് എന്ന ചോദ്യത്തിന് ആംആദ്‌മി പാർട്ടി കണ്ടുവെച്ചിരിക്കുന്നത് ഭാര്യ സുനിത കെജ്രിവാളിനെ ആണെന്നാണ് അഭ്യൂഹങ്ങൾ.
അരവിന്ദ് കെജ്രിവാളിനെ കസ്റ്റഡിയിലെടുത്തതിന് തൊട്ടുപിന്നാലെ സുനിത എക്സിൽ കുറിച്ചു “അധികാരം തലയ്ക്കുപിടിച്ച മോദി നിങ്ങൾ മൂന്നുവട്ടം തെരഞ്ഞെടുത്ത മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്തു. എല്ലാവരെയും തകർക്കാനാണ് അദ്ദേഹം ശ്രമിക്കുന്നത്. ഇത് ഡൽഹി ജനതയോടുള്ള വഞ്ചനയാണ്. നിങ്ങളുടെ മുഖ്യമന്ത്രി എന്നും നിങ്ങൾക്കൊപ്പം നിലകൊണ്ടിട്ടുണ്ട്. അകത്തായാലും, പുറത്തായാലും അദ്ദേഹത്തിൻ്റെ ജീവിതം രാജ്യത്തിന് വേണ്ടി സമർപ്പിക്കപ്പെട്ടതാണ്.”
കെജ്രിവാളിൻ്റെ അറസ്റ്റിന് ശേഷം മാധ്യമങ്ങളെ കണ്ടതിന് കേന്ദ്ര മന്ത്രിയടക്കമുള്ള ബിജെപി നേതാക്കൾ സുനിതയെ അധിക്ഷേപിച്ച് രംഗത്തുവന്നിരുന്നു. റാബ്റി ദേവിയുമായി സുനിത കെജ്രിവാളിനെ താരതമ്യം ചെയ്താണ് കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂർ വിവാദത്തിലായത്. കാലിത്തീറ്റ കുംഭകോണത്തിൽ പെട്ട് ബീഹാർ മുൻ മുഖ്യമന്ത്രി അറസ്റ്റിലായപ്പോൾ റാബറി ദേവി മാധ്യമങ്ങളെ കാണുകയും പിന്നീട് അധികാരത്തിലെത്തുകയും ചെയ്തിരുന്നു.
ആരാണ് സുനിത കെജ്രിവാൾ ?
ഇന്ത്യൻ റവന്യൂ സർവ്വീസിൽ (ഐആർഎസ്) 1994 ബാച്ചിലെ ഉദ്യോഗസ്ഥയാണ് സുനിത. 22 വർഷം ഇൻകം ടാക്സ് ഡിപ്പാർട്മെൻ്റിൽ ജോലിചെയ്തു. ഭോപ്പാലിൽ നടന്ന ഒരു പരിപാടിയിൽ വെച്ചാണ് 1995 ബാച്ചിലെ ഐആർഎസ് ഉദ്യോഗസ്ഥനായ അരവിന്ദ് കെജ്രിവാളുമായി കണ്ടുമുട്ടിയത്. 2016ൽ സുനിത വോളൻ്ററി റിട്ടയർമെൻ്റെടുത്തു. വിരമിക്കുമ്പോൾ ഇൻകം ടാക്സ് അപ്പല്ലെറ്റ് ട്രിബ്യൂണൽ കമ്മീഷണർ ആയിരുന്നു. അഴിമതിരഹിത ഇന്ത്യ മൂവ്മെൻ്റ് മുതൽ ഇന്നുവരെയും അരവിന്ദ് കെജ്രിവാളിനൊപ്പം സുനിത കെജ്രിവാളും നിലകൊണ്ടു.
കെജ്രിവാൾ മുഖ്യമന്ത്രി ആയപ്പോൾ സുനിത അധികാര കേന്ദ്രങ്ങളിൽ നിന്നും കൃത്യമായ അകലം പാലിച്ചു. എന്നാൽ മകൾ ഹർഷിതയുമായി കെജ്രിവാളിൻ്റെ മണ്ഡലത്തിൻ്റെ കാര്യങ്ങളിൽ ശ്രദ്ധ പതിപ്പിക്കുകയും വിവിധ പര്വർത്തനങ്ങളിൽ പങ്കാളികളാവുകയും ചെയ്തു. ഡൽഹിക്കു പുറത്തുള്ളവർക്ക് സുനിത രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നത് അത്ഭുതമായി തോന്നാം. എന്നാൽ ഡൽഹിക്കാർക്കും ആംആദ്‌മി പ്രവർത്തകർക്കും സുനിത അപരിചിതയല്ല. മാത്രവുമല്ല കെജ്രവാളിനൊപ്പം തന്നെ വിദ്യാഭ്യാസ യോഗ്യതയും പ്രവർത്തിപരിചയവും സുനിതയ്ക്കുമുണ്ട്.
പഞ്ചാബിലുൾപ്പടെ തെരഞ്ഞെടുപ്പ് കാലത്ത് സുനിത കെജ്രവാൾ പ്രചാരണം നടത്തിയിരുന്നു. ഡൽഹി ലഫ്റ്റനൻ്റ് ഗവർണർക്കെതിരെ 2018ൽ നിരാഹാര സത്യാഗ്രഹം നടത്തിയപ്പോഴും മറ്റ് പാർട്ടിനേതാക്കളെയും മറ്റും സമരപ്പന്തലിലേക്ക് സ്വീകരിക്കുന്നതിന് സുനിത മുൻപന്തിയിൽ ഉണ്ടായിരുന്നു. സമൂഹമാധ്യമങ്ങളിലും കുറിക്കുകൊള്ളുന്ന മറുപടികളുമായി അവർ സജീവമാണ്.
കരുത്തരായ പിൻഗാമികളില്ലാതെ ആപ്
ഡൽഹിയും പഞ്ചാബുമുൾപ്പടെ രണ്ട് സംസ്ഥാനങ്ങളിൽ ഭരണച്ചരട് ആംആദ്‌മി പാർട്ടിയുടെ കയ്യിലാണ്. ദേശീയ പാർട്ടി പടവിയുമുണ്ട്. എന്നാൽ മുൻനിര നേതാക്കളെ മാറ്റിനിർത്തിയാൽ പകരത്തിന് ആളില്ലാത്തത് പാർട്ടിക്ക് വെല്ലുവിളിയാണ്. ചുരുങ്ങിയ കാലത്തിനുള്ളിൽ ജനവിശ്വാസം നേടാനായെങ്കിലും പുതിയ നേതാക്കളെ വളർത്താൻ അരവിന്ദ് കെജ്രിവാൾ ശ്രമിച്ചില്ല എന്ന ആക്ഷേപം ശക്തമാണ്. പാർട്ടിയുടെ മുഴുവൻ നിയന്ത്രണവും ഒരാളിൽ ഒതുങ്ങിയിരുന്നു. മദ്യനയ അഴിമതിക്കേസിൽ മുൻ ഡെപ്യൂട്ടി മുഖ്യമന്ത്രി മനീഷ് സിസോദിയ അറസ്റ്റിലായി സ്ഥാനമൊഴിഞ്ഞപ്പോൾ പകരം അത്രയും കരുത്തനായ മറ്റൊരു നേതാവ് പാർട്ടിക്കില്ലാത്തതിൻ്റെ കുറവ് പ്രകടമായിരുന്നു. അരവിന്ദ് കെജ്രിവാളില്ലാതെ പാർട്ടിക്ക് അധികകാലം പിടിച്ചുനിൽക്കാനാവില്ലെന്ന ഭയവും പാർട്ടി ക്യാമ്പിനുണ്ട്.
സുനിത കെജ്രിവാളിനെ അടുത്ത നേതാവായി പാർട്ടി പരിഗണിക്കുന്നതുപോലും ഈ ഒരു പ്രതിസന്ധി മറികടക്കുന്നതിനാണ്.