ലോക്‌സഭ തിരഞ്ഞെടുപ്പ് വിജ്ഞാപനം മാർച്ച് 28-ന്
*നാമനിര്‍ദ്ദേശപത്രിക സ്വീകരിക്കാൻ ഒരുക്കങ്ങൾ പൂർത്തിയായി: ജില്ലാ കളക്ടർ*
ലോക്‌സഭ തിരഞ്ഞെടുപ്പ് വിജ്ഞാപനം നിലവില്‍ വരുന്ന മാര്‍ച്ച് 28 മുതല്‍ തന്നെ ഇടുക്കി മണ്ഡലത്തിലേക്കുള്ള നാമനിര്‍ദ്ദേശപത്രികകള്‍ സ്വീകരിച്ചു തുടങ്ങും. ഇതിനായുള്ള മുന്നൊരുക്കങ്ങൾ പൂർത്തിയായതായി ജില്ലാ കളക്ടർ ഷീബ ജോർജ്ജ് അറിയിച്ചു.
മാര്‍ച്ച് 28, 30, ഏപ്രില്‍ 2, 3, 4 തീയതികളില്‍ നാമനിര്‍ദ്ദേശപത്രികകള്‍ സമര്‍പ്പിക്കാം. നെഗോഷ്യബിള്‍ ഇന്‍സട്രമെന്റ്‌സ് ആക്ട് പ്രകാരം അവധി ദിനങ്ങളായ മാര്‍ച്ച് 29, 31, എപ്രില്‍ ഒന്ന് തീയതികളില്‍ പത്രിക സമര്‍പ്പിക്കാനാവില്ല. രാവിലെ 11 മുതല്‍ വൈകിട്ട് മൂന്ന് വരെയാണ് നാമനിര്‍ദ്ദേശപത്രികള്‍ സ്വീകരിക്കുക. വരണാധികാരിയായ (റിട്ടേണിംഗ് ഓഫീസർ) ജില്ലാ കളക്ടർ , ഉപവരണാധികാരിയായ ഇടുക്കി സബ് കളക്ടർ എന്നിവർക്ക് പത്രിക സമർപ്പിക്കാം
പത്രികകള്‍ സമര്‍പ്പിക്കുമ്പോള്‍ സ്ഥാനാര്‍ത്ഥി ഉള്‍പ്പെടെ പരമാവധി അഞ്ചുപേര്‍ക്ക് മാത്രമാണ് റിട്ടേണിംഗ് ഓഫീസറുടെ മുറിയിലേക്ക് പ്രവേശനാനുമതി. റിട്ടേണിംഗ് ഓഫീസറുടെ ഓഫീസിന് ( കലക്ടറേറ്റ് ) 100 മീറ്റർ പരിധിയിൽ സ്ഥാനാർത്ഥിയുടെ 3 വാഹനങ്ങൾ മാത്രമാണ് പാർക്ക് ചെയ്യാൻ അനുവദിക്കുക. നാമനിര്‍ദേശ പത്രികയോടൊപ്പം നൽകുന്ന തിരഞ്ഞെടുപ്പ് ചെലവ് സംബന്ധിച്ച ബാങ്ക് അക്കൗണ്ട് പത്രിക സമർപ്പണത്തിന് ഒരു ദിവസംമുൻപെങ്കിലും ആരംഭിച്ചതാകണം.
പത്രിക പരിശോധന ഏപ്രില്‍ അഞ്ചിന് നടക്കും. പിന്‍വലിക്കാനുള്ള അവസാന തീയതി ഏപ്രില്‍ എട്ട്.