തനത് ഫണ്ട് പിടിചെടുക്കാനുള്ള നീക്കം : യു ഡി എഫ് ജനപ്രതിനിധികളുടെ പ്രതിഷേധം 30 ന്
തദ്ദേശ സ്ഥാപനങ്ങളുടെ തനത് ഫണ്ട് ട്രഷറിയിൽ നിക്ഷേപിക്കണമെന്ന ധന വകുപ്പിൻ്റെ സർക്കുലർ പിൻവലിക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് ജനപ്രതിനിധികൾ പ്രക്ഷോഭത്തിലേക്ക്. 30 ന് തദ്ദേശ സ്ഥാപന തലത്തിൽ ജനപ്രതിനിധികൾ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കുമെന്ന് രാജീവ് ഗാന്ധി പഞ്ചായത്തീ രാജ് സംഘഠൻ സംസ്ഥാന ചെയർമാൻ എം. മുരളി, ലോക്കൽ ഗവൺമെൻ്റ് മെമ്പേഴ്സ് ലീഗ് സംസ്ഥാന പ്രസിഡണ്ട് കെ. ഇസ്മാഈൽ മാസ്റ്റർ എന്നിവർ അറിയിച്ചു.
തദ്ദേശസ്ഥാപനങ്ങളുടെ തനത് വരുമാനം പിടിച്ചെടുക്കാനുള്ള നീക്കമാണ് സർക്കാർ നടത്തുന്നത്. തനത് വരുമാനം ട്രഷറിയില്‍ നിക്ഷേപിക്കുന്നതോടെ ട്രഷറി നിയന്ത്രണത്തിന് വിധേയമാകും. ഇതോടെ അത്യാവശ്യത്തിന് പോലും സ്വന്തമായി തുക ചെലവഴിക്കാനാവാത്ത സാഹചര്യത്തിലേക്ക് തദ്ദേശസ്ഥാപനങ്ങള്‍ മാറും. തുക ലഭ്യമായാല്‍ തന്നെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ താളം തെറ്റുന്ന അവസ്ഥയുമുണ്ടാകും. നിസാര പണത്തിന് പോലും ഏറെ അകലെയുള്ള ട്രഷറിയിലേക്ക് പോകേണ്ട സാഹചര്യവും സാങ്കേതികത്വവും വലിയ പ്രതിസന്ധിയുണ്ടാക്കും. സ്വയം ഭരണസ്ഥാപനമെന്ന അധികാരത്തെ കവർന്നെടുക്കുന്ന നടപടി കൂടിയാണിത്. അവർ വ്യക്തമക്കി.
സർക്കാർ ഫണ്ട് അനുവദിക്കാത്തതും ട്രഷറി നിയന്ത്രണവും മൂലം ചെലവഴിക്കാൻ സാധിക്കാതെ പോയ മുഴുവൻ തുകയും അടുത്ത വർഷം അധിക തുകയായി അനുവദിക്കണമെന്നും അവർ ആവശ്യപ്പെട്ടു. നടപ്പു സാമ്പത്തിക വർഷം ഗുരുതരമായ പ്രതിസന്ധിയാണ് തദ്ദേശ സ്ഥാപനങ്ങളിൽ സർക്കാർ അടിച്ചേൽപ്പിച്ചത്. മെയിൻ്റെനൻസ് ഗ്രാൻ്റിൻ്റെയും ധനകാര്യ കമ്മിഷൻ ഗ്രാൻ്റിൻ്റെയും ജനറൽ പർപ്പസ് ഗ്രാൻ്റിൻ്റെയും അവസാന ഗഡു ഇത് വരെ അനുവദിച്ചിട്ടില്ല. സംസ്ഥാന വിഹിതം അവസാന ഗഡു മാർച്ച് 23നാണ് ട്രഷറികളിൽ ലഭ്യമായത്. 3 ദിവസം മാത്രമാണ് ഇതിന് ബിൽ സമർപ്പിക്കാൻ സമയം അനുവദിച്ചത്. ആ ദിവസം തന്നെ സർവർ പ്രവർത്തനം തടസ്സപ്പെടുകയും ചെയ്തു. ഇത്തരത്തിലുള്ള സർക്കാർ കുരുക്ക് മൂലമാണ് പദ്ധതി ചെലവ് കുറഞ്ഞത്. അവർ കുറ്റപ്പെടുത്തി.