സിദ്ധാർത്ഥന്റെ മരണം; വിജ്ഞാപനവും രേഖകളും കൈമാറി; റിപ്പോർട്ട് കൈമാറിയത് സ്‌പെഷ്യൽ സെൽ DYSP
പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർത്ഥി സിദ്ധാർത്ഥന്റെ മരണത്തിൽ സിബിഐ അന്വേഷണത്തിനായി സംസ്ഥാന സർക്കാർ രേഖകൾ കൈമാറി. പ്രൊഫോമ റിപ്പോർട്ട് പേഴ്‌സണൽ മന്ത്രാലയത്തിൽ എത്തിച്ചു. സ്‌പെഷ്യൽ സെൽ ഡിവൈഎസ്പിയാണ് റിപ്പോർട്ട് കൈമാറിയത്. സിബിഐയ്ക്ക് അന്വേഷണം കൈമാറുന്നതിന് അടിമുടി സംസ്ഥാന ആഭ്യന്തര വകുപ്പിന് വീഴ്ച സംഭവിച്ചിരുന്നു. ഇതിന് പിന്നാലെ വീഴ്ചകൾ തിരിച്ചറിഞ്ഞതോടെ അടിയന്തര ഇടപെടൽ സർക്കാർ നടത്തിയിരുന്നത്.
പെർഫോമ, എഫ്‌ഐആറിന്റെ പരിഭാഷപ്പെടുത്തിയ കോപ്പി തുടങ്ങിയവയാണ് നേരിട്ട് കൈമാറിയത്. ഇന്നലെ ഇ-മെയിൽ മുഖാന്തരം രേഖകൾ അയച്ചിരുന്നു. സിദ്ധാർത്ഥന്റെ മരണത്തിൽ അന്വേഷണം സിബിഐക്ക് വിട്ടുകൊണ്ട് സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചെങ്കിലും, രേഖകൾ സിബിഐക്ക് കൈമാറാത്തത് വിവാദമായിരുന്നു.
സിബിഐക്ക് കേസ് സംബന്ധിക്കുന്ന രേഖകൾ കൈമാറുന്നതിൽ വീഴ്ച വരുത്തിയതിൽ മൂന്ന് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തു. പ്രൊഫോമ റിപ്പോർട്ട് വൈകിപ്പിച്ചത് ഇവരുടെ വീഴ്ച കൊണ്ടാണെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് നടപടി. ആഭ്യന്തര വകുപ്പിലെ എം സെക്ഷനിലെ ഡെപ്യൂട്ടി സെക്രട്ടറി ഉൾപ്പെടെ മൂന്ന് ഉദ്യോഗസ്ഥരെയാണ് സസ്‌പെൻഡ് ചെയ്തത്. റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ സി.ബി.ഐ കേസ് പരിഗണിക്കുക.
സിദ്ധാർത്ഥന്റെ പിതാവ് മുഖ്യമന്ത്രിക്ക് പരാതി നൽകിയതിനെ തുടർന്ന് ഈ മാസം 9നാണ് കേസ് സിബിഐയ്ക്ക് വിട്ട് സംസ്ഥാന സർക്കാർ വിജ്ഞാപനം ഇറക്കിയത്. ഒരാഴ്ചയ്ക്കു ശേഷം 16നാണ് വിജ്ഞാപനത്തിന്റെ പകർപ്പ് കൊച്ചിയിലെ സിബിഐ ഓഫിസിലേക്ക് അയച്ചത്.