ആനക്കൊമ്പ് ശില്‍പ്പങ്ങല്‍ വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ പിടിയിലായ പ്രതികളെ റിമാന്‍ഡ് ചെയ്തു
കട്ടപ്പന, അമ്പലക്കവല, പത്തില്‍ സജി ഗോപിനാഥന്‍(39), തിരുവല്ല നീരേറ്റുപുറം വാലയില്‍ സാബു സാമുവല്‍(35), ഇയാളുടെ ഡ്രൈവര്‍ തിരുവല്ല മുത്തൂര്‍ പൊന്നാക്കുഴിയില്‍ പി.എസ്. പ്രശാന്ത് (34), ഉപ്പുതറ ചിറ്റൂര്‍ സ്‌കറിയ ജോസഫ്(ബേബിച്ചന്‍-65) എന്നിവരെയാണ് കട്ടപ്പന ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തത്. കഴിഞ്ഞ ദിവസമാണ് പ്രതികളെ തേക്കടി, അയ്യപ്പന്‍കോവില്‍ ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ പിടികൂടിയത്. എട്ട് ലക്ഷം രൂപ വിലവരുന്ന ശില്‍പങ്ങളാണ് ഇവര്‍ വില്‍ക്കാന്‍ ശ്രമിച്ചത്. പ്രതികളിലൊരാളായ സ്‌കറിയയുടെ സഹോദരന്‍ സിങ്കപ്പൂരില്‍ നിന്ന് സമ്മാനമായി നല്‍കിയതാണ് ആനക്കൊമ്പുകളെന്നാണ് ഇയാള്‍ നല്‍കിയിരിക്കുന്ന മൊഴി. എന്നാല്‍ ഇത് വനം വകുപ്പ് വിശ്വാസത്തിലെടുത്തിട്ടില്ല. കൊത്തുപണികള്‍ ചെയ്ത രണ്ട് ആനക്കൊമ്പുകള്‍ കട്ടപ്പന അമ്പലക്കല സ്വദേശി സജി ഗോപിനാഥന്റെ പക്കലുണ്ടെന്ന് വനം വകുപ്പിന് ആഴ്ച്ചകള്‍ക്ക് മുന്‍പ് വിവരം ലഭിച്ചിരുന്നു. നിരീക്ഷണത്തിലായിരുന്ന ഇയാളുടെ പക്കല്‍ നിന്നും കൊമ്പുകള്‍ വാങ്ങാനെന്ന വ്യാജേന കട്ടപ്പനയില്‍ വിളിച്ച് വരുത്തിയായിരുന്നു അറസ്റ്റ്. ഒപ്പമുണ്ടായിരുന്ന ഇടനിലക്കാരായ തിരുവല്ല സ്വദേശികളായ സാബു, പ്രശാന്ത് എന്നിവരും അറസ്റ്റിലായി. സജിയെ കൂടുതല്‍ ചോദ്യം ചെയ്തപ്പോഴാണ് ഉപ്പുതറ സ്വദേശിയായ സ്‌കറിയ എന്നയാളുടെ പക്കല്‍ നിന്നാണ് ആന കൊമ്പുകള്‍ വാങ്ങിയതെന്ന് തെളിഞ്ഞത്.
തുടര്‍ന്ന് സ്‌കറിയയെ വനം വകുപ്പ് വീട്ടില്‍ നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. സഹോദരന്‍ സിംഗപ്പൂരില്‍ നിന്ന് നിയമപരമായി എത്തിച്ച് നല്‍കിയ കൊമ്പുകളാണിതെന്നാണ് സ്‌കറിയയുടെ മൊഴി, സഹോദരന്‍ മരണപ്പെട്ടതിനാല്‍ രേഖകള്‍ എവിടെയന്ന് അറിയില്ലെന്നും മൊഴിയിലുണ്ട്. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നാണ് സ്‌കറിയ ആനക്കൊമ്പുകള്‍ 25000 രൂപയ്ക്ക് സജിയ്ക്ക് വിറ്റതെന്നാണ് മറ്റൊരു മൊഴി. ഇതും വനം വകുപ്പ് പരിശോധിക്കുന്നുണ്ട്. കൊമ്പുകളിലുള്ള കൊത്തുപണികള്‍ ആരാണ് ചെയ്തതെന്നത് അഞ്ജാതമാണ്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നു വരികയാണ്.