കെജ്‌രിവാൾ ഇല്ലാതെ ഡൽഹി നിയമസഭ സമ്മേളനം ഇന്ന്
ഡൽഹി: മദ്യനയ കേസിൽ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ഇഡിയുടെ അറസ്റ്റിലായതിന് ശേഷമുള്ള ആദ്യ നിയമ സഭ സമ്മേളനം ഇന്ന് നടക്കും. കെജ്‌രിവാൾ ജയിലിൽ നിന്നും പുറപ്പെടുവിച്ച രണ്ട് ഉത്തരവിലാവും ഇന്ന് ചർച്ച നടക്കുക. സർക്കാർ ആശുപത്രികളിൽ സൗജന്യ മരുന്നുകൾ ഉറപ്പാക്കുന്നതും പാത്തോളജിക്കൽ ടെസ്റ്റുകളുമായും ബന്ധപ്പെട്ട ഉത്തരവാണ് അതിലൊന്ന്, പുതിയ ഉത്തരവ് ഡൽഹി ആരോഗ്യമന്ത്രി സൗരഭ് ഭരദ്വാജാണ് പുറത്തുവിട്ടത്. ഉത്തരവ് പുറത്തുവന്നതിനു പിന്നാലെ ഇന്ന് നിയമസഭയിൽ ഈ വിഷയം ചർച്ചയാകുമെന്നും അദ്ദേഹം അറിയിച്ചിരുന്നു.
മാർച്ച് 21നാണ് മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് അരവിന്ദ് കെജ്‍രിവാളിനെ എൻഫോഴ്സ്മെന്റ് ഡയറക്ടേറ്റ് അറസ്റ്റ് ചെയ്തത്. തുടർന്ന് 14 ദിവസത്തേക്ക് കോടതി ഇ ഡി കസ്റ്റഡിയിൽ വിട്ടു. ശേഷം മാർച്ച് 24 ന് രാജ്യതലസ്ഥാനത്തെ ജലവിതരണവുമായി ആദ്യ ഉത്തരവിറക്കി. ശേഷം കഴിഞ്ഞ ദിവസം സർക്കാർ ആശുപത്രികളിൽ സൗജന്യ മരുന്നുകൾ ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ടും ഉത്തരവിറക്കി. എന്നാൽ ജയിലിൽ കഴിയുന്ന കെജ്‌രിവാൾ ഉത്തരവിറക്കുന്നതിനെതിരെ ബിജെപി സുപ്രീം കോടതിയിൽ അപ്പീൽ പോയിട്ടുണ്ട്. തലസ്ഥാനത്തെ ഭരണമടക്കമുള്ള വിഷയങ്ങളിൽ നിർണായക തീരുമാനം ഇന്നത്തെ നിയമസഭ സമ്മേളനത്തിലുണ്ടാകുമെന്നാണ് സൂചന.