ആദ്യം എത്തിയവരെ അവഗണിച്ച് പിന്നീട് എത്തിയവർക്ക് ടോക്കൺ; കട്ടപ്പനയിലെ വാക്സിനേഷൻ ക്യാംപിന് മുന്നിൽ ബഹളം
കട്ടപ്പന ∙ നഗരസഭാ ടൗൺ ഹാളിലെ കോവിഡ് വാക്‌സിനേഷൻ ക്യാംപിൽ കുത്തിവയ്പ് എടുക്കാനായി അനിയന്ത്രിതമായി ആളുകൾ തടിച്ചുകൂടിയത് ബഹളത്തിന് ഇടയാക്കി. രണ്ടാം വാക്‌സീൻ എടുക്കാനുള്ളവർക്കായി 200 ഡോസ് മരുന്നാണ് ടൗൺ ഹാളിൽ എത്തിച്ചിരുന്നത്. എന്നാൽ ,വാക്‌സീൻ സ്വീകരിക്കാനായി അഞ്ഞൂറിലധികം ആളുകളാണ് എത്തിയത്. പുലർച്ചെ മുതൽ എത്തിയ ആളുകളെ അവഗണിച്ച് കൗൺസിലർമാർ സ്വന്തം രീതിയിൽ ടോക്കൺ നൽകി എന്നാരോപിച്ചാണ് ബഹളം നടന്നത്.പുലർച്ചെ അഞ്ചു മണിമുതൽ എത്തിയ ഒട്ടേറെ ആളുകൾ മണിക്കൂറുകളോളം കാത്തു നിൽക്കുന്ന സ്ഥിതിയായിരുന്നു. തുടർന്ന് പൊലീസ് എത്തിയാണ് തിരക്ക് നിയന്ത്രിക്കാൻ നടപടി സ്വീകരിച്ചത്.
അതേസമയം, ആകെ 500 ഡോസ് ലഭിച്ചതിൽ 200 എണ്ണം മാത്രമാണ് രണ്ടാം വാക്‌സീൻ എടുക്കുന്നവർക്കായി ഉണ്ടായിരുന്നതെന്ന് നഗരസഭാ ചെയർപഴ്സൻ ബീന ജോബി പറഞ്ഞു. നിശ്ചിത ദിവസം പൂർത്തിയാക്കിയ സമീപം പഞ്ചായത്തുകളിൽ നിന്നുള്ളവർ എത്തിയാലും രണ്ടാം വാക്‌സീൻ കൊടുക്കണമെന്ന് നിർദേശമുണ്ട്. അതിനാൽ നഗരസഭയിലെ ഓരോ വാർഡിലുമായി നിശ്ചിത എണ്ണം വാക്‌സീൻ നൽകുമെന്ന് അറിയിപ്പു നൽകാനാവാത്ത സ്ഥിതിയാണ്.