നിക്ഷേപ തട്ടിപ്പ്, മൂലമറ്റത്ത് പ്രവർത്തിക്കുന്ന ക്രിസ്റ്റൽ ഗ്രൂപ്പ് പോലീസ് പൂട്ടിച്ചു: 2 കോടി പിരിച്ചു
സ്വകാര്യ പണമിടപാട് സ്ഥാപനത്തിന്റെ മറവിൽ നിക്ഷേപകരെ കബളിപ്പിച്ച് പണം തട്ടിയ കേസിൽ കൂടുതൽ ആളുകൾ പരാതി നൽകി. പണം നഷ്ടമായെന്നു കാണിച്ച് കാഞ്ഞാർ പൊലീസ് സ്റ്റേഷനിൽ പന്ത്രണ്ടോളം പരാതികൾ ലഭിച്ചിട്ടുണ്ട്. 2 കോടിയോളം രൂപ തട്ടിയെടുത്തതായാണ് പ്രാഥമിക വിവരം. ക്രിസ്റ്റൽ ഗ്രൂപ്പിന്റെ മാനേജിങ് ഡയറക്ടർ അഭിജിത് എസ്.നായർ, ഫിനാൻസ് മാനേജർ വി.ജി. ജയകൃഷ്ണൻ, ഡയറക്ടർമാരായ സുജിത്, വിനീത് വിനോദ് എന്നിവർക്കെതിരെയാണ് പരാതി.
ഇവർക്കെതിരെ ചില ജീവനക്കാരും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. അഭിജിത് എസ്.നായർ ഒളിവിലാണ്. സ്വർണക്കട ആരംഭിക്കുമെന്നു പ്രചരിപ്പിച്ചിരുന്നു. സ്വർണം വാങ്ങുന്നവരിൽ നിന്നുള്ള നറുക്കെടുപ്പ് വിജയികൾക്കു നൽകാനെന്ന പേരിൽ സ്ഥാപനത്തിനു മുന്നിൽ ബൈക്കും പ്രദർശിപ്പിച്ചിരുന്നു. സ്ഥാപനം പൂട്ടിയതോടെ ഈ ബൈക്കും അപ്രത്യക്ഷമായി. മൂലമറ്റത്ത് വനിതകളായ ജീവനക്കാർ വഴി പലരുടെ പക്കൽ നിന്നുമായി രണ്ടുകോടിയോളം രൂപ സമാഹരിച്ചതായാണ് സൂചന.
പണം നഷ്ടപ്പെട്ടവരിൽ പ്രമുഖരും ഉൾപ്പെടുന്നു. മൂലമറ്റം കൂടാതെ ഈരാറ്റുപേട്ട,കോലഞ്ചേരി, പെരുമ്പാവൂർ, വണ്ണപ്പുറം, കോടിക്കുളം എന്നിവിടങ്ങളിലും സാമ്പത്തിക ഇടപാടുകൾ നടത്തി ആളുകളിൽ നിന്ന് പണം തട്ടിച്ചതായി ആക്ഷേപമുണ്ട്. സ്ഥാപനം അടച്ചുപൂട്ടുന്നതിനു മുൻപ് ഇവിടെ നിന്ന് രേഖകളും ഉപകരണങ്ങളും നീക്കം ചെയ്തിട്ടുള്ളതായി സംശയിക്കുന്നു. പണമിടപാട് സ്ഥാപനത്തിന് പുറമേ ക്രിസ്റ്റൽ ഗ്രൂപ്പ് സി മാർട്ട് എന്നപേരിൽ ഓൺലൈൻ ഡെലിവറി സേവനം ആരംഭിക്കുന്നതിനും പരസ്യം നൽകിയിരുന്നു.
പരസ്യപ്രകാരം ഓർഡർ ചെയ്യുന്ന സാധനങ്ങൾക്ക് 50 ശതമാനം വരെ വിലക്കിഴിവാണ് പ്രഖ്യാപിച്ചിരുന്നത്. നിക്ഷേപങ്ങൾക്ക് ഒരു ലക്ഷം രൂപയ്ക്ക് മാസം 7000 രൂപ മുതൽ 8000 രൂപ വരെ പലിശ വാഗ്ദാനം നൽകിയാണ് നിക്ഷേപകരെ ആകർഷിച്ചത്. സംസ്ഥാനത്തിനു പുറത്തും തട്ടിപ്പുമായി ബന്ധപ്പെട്ട് ഇടപാടുകൾ നടന്നതായും റിപ്പോർട്ട് ഉണ്ട്. അഭിജിത് വി.നായരുടെ വണ്ണപ്പുറത്തെ വീട്ടിൽ അന്വേഷിച്ചെത്തിയെങ്കിലും പൂട്ടിക്കിടക്കുകയാണ്.
ഇവിടെ നിന്നു ഫർണിച്ചർ ഉൾപ്പെടെ മാറ്റിയിട്ടുണ്ട്. മേയ് 31നു നൽകേണ്ട പലിശ ജൂൺ 9 നും പിന്നീട് 16നും നൽകാമെന്നു പറഞ്ഞെങ്കിലും നൽകിയില്ല. പലിശ അക്കൗണ്ടിൽ നൽകാമെന്ന് പറഞ്ഞു ബാങ്ക് അക്കൗണ്ട് നമ്പർ വാങ്ങിയെങ്കിലും 27 ആയിട്ടും പലിശ പോലും കിട്ടാതായതോടെ പരാതി നൽകുകയായിരുന്നു. കാഞ്ഞാർ പൊലീസ് കേസെടുത്ത് അന്വേഷണം തുടരുകയാണ്. പ്രതികളെപ്പറ്റി സൂചനയുണ്ടെങ്കിലും ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.