‘മുഖ്യമന്ത്രി ഇന്നുവരെ ഭാരത് മാതാ കീ ജയ് എന്ന് വിളിച്ചിട്ടില്ല’; കെ സുരേന്ദ്രൻ
തിരുവനന്തപുരം: ഇടത്-വലത് മുന്നണികൾ ജനങ്ങളിൾ ഭിന്നിപ്പുണ്ടാക്കി വർഗീയ ധ്രുവീകരണമുണ്ടാക്കി വോട്ട് പിടിക്കാൻ ശ്രമിക്കുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. മുഖ്യമന്ത്രി തെരഞ്ഞെടുപ്പ് പ്രചാരണം നിർത്തി സിഎഎ സെമിനാറുകളിൽ മാത്രം പങ്കെടുക്കുകയാണ്. മുഖ്യമന്ത്രി ഇന്നുവരെ ഭാരത് മാതാ കീ ജയ് എന്ന് വിളിച്ചിട്ടില്ല, ജയ്ഹിന്ദ് എന്ന് പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി ഭിന്നിപ്പുണ്ടാക്കാൻ ശ്രമിക്കുകയാണ്. മുസ്ലിം വിഭാഗത്തെ രണ്ടാംകിട പൗരമാരായി ചിത്രീകരിക്കുകയാണ്. ഇത് ഭരണഘടനയ്‌ക്കെതിരാണെന്ന് കെ സുരേന്ദ്രൻ പറഞ്ഞു. ലോകത്ത് നിന്ന് ആട്ടിയോടിക്കപ്പെട്ടവരെയെല്ലാം ഇന്ത്യ സ്വീകരിച്ചിട്ടുണ്ട്. ഇത് ജനകീയ വിഷയങ്ങൾ ചർച്ച ചെയ്യാതിരിക്കാനുളള നീക്കമാണ്. മുഖ്യമന്ത്രി തിരഞ്ഞെടുപ്പ് ചട്ടം ലംഘിക്കുകയാണെന്നും പ്രതിപക്ഷം മൗനം പാലിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
തങ്ങളുടെ പക്കൽ പണമില്ലെന്ന് കോൺഗ്രസ് നേതൃത്വം പറയുന്നത് പച്ചക്കളളമാണെന്നും കോൺഗ്രസിന് കോടി കണക്കിന് കള്ളപ്പണമുണ്ടെന്നും കെ സുരേന്ദ്രൻ പറഞ്ഞു. രാഹുൽ ഗാന്ധി വയനാട്ടുകാരെ വഞ്ചിച്ചുവെന്ന് പറയില്ല. പക്ഷേ ജനങ്ങളെ നിരാശരാക്കിയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ത്ഥി സിദ്ധാർഥൻ്റെ മരണത്തെക്കുറിച്ചുളള അന്വേഷണം സിബിഐക്ക് കൈമാറുന്നതിൻ്റെ നടപടിക്രമങ്ങൾ മുഖ്യമന്ത്രി പാലിച്ചില്ലെന്നും കെ സുരേന്ദ്രൻ ആരോപിച്ചു.