റഷ്യയിലേക്ക് നിയമവിരുദ്ധ റിക്രൂട്ട്‌മെന്റ്; അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്ത്
തിരുവനന്തപുരം: റഷ്യന്‍ സൈന്യത്തിലേക്ക് കേരളത്തില്‍ നിന്നുള്‍പ്പെടെ യുവാക്കളെ സ്വകാര്യ ഏജന്‍സികള്‍ റിക്രൂട്ട് ചെയ്യുന്നുവെന്ന ആരോപണത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് പ്രതിപക്ഷം. ഇക്കാര്യം ആവശ്യപ്പെട്ട് വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന് വി ഡി സതീശന്‍ കത്തയച്ചു. ചില സ്വകാര്യ കമ്പനികള്‍ തൊഴില്‍ വാഗ്ദാനം ചെയ്ത് കേരളത്തില്‍ നിന്നും യുവാക്കളെ യുക്രെയിനില്‍ എത്തിക്കുന്നുവെന്നും കത്തില്‍ ആരോപിക്കുന്നു.
ഇത്തരത്തില്‍ കേരളത്തില്‍ നിന്നും റിക്രൂട്ട് ചെയ്ത മൂന്ന് യുവാക്കളെ മടക്കികൊണ്ടുവരണമെന്നും നിയമവിരുദ്ധ മനുഷ്യക്കടത്ത് ശൃംഖലയുടെ ഭാഗമായ റിക്രൂട്ട്‌മെന്റ് ഏജന്‍സികള്‍ക്കെതിരെ അന്വേഷണം നടത്തണമെന്നും പ്രതിപക്ഷ നേതാവ് കത്തില്‍ ആവശ്യപ്പെടുന്നു.
രണ്ടരലക്ഷം രൂപ ശമ്പള വാഗ്ദാനം നല്‍കിയാണ് മൂന്ന് യുവാക്കളെയും റഷ്യ റിക്രൂട്ട് ചെയ്തതെന്നാണ് ഇവരുടെ ബന്ധുക്കളുമായി സംസാരിച്ചതില്‍ നിന്നും വ്യക്തമായത്. അവിടെയെത്തിച്ചശേഷം പാസ്‌പോര്‍ട്ടും മൊബൈല്‍ ഫോണും പിടിച്ചുവെക്കുകയും യുക്രെയിനെതിരെ റഷ്യക്ക് വേണ്ടി യുദ്ധത്തിന് അയയ്ക്കുകയുമായിരുന്നു. ഇവരില്‍ ചിലര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും കുടുംബങ്ങള്‍ യുവാക്കളുടെ സുരക്ഷയെക്കുറിച്ച് ഗുരുതരമായ ആശങ്ക ഉയര്‍ത്തിയിട്ടുണ്ടെന്നും കത്തില്‍ പറയുന്നു. ഇവരെ തിരിച്ചുകൊണ്ടുവരാനുള്ള അടിയന്തര ഇടപെടല്‍ കേന്ദ്രം നടത്തണമെന്നും മനുഷ്യക്കടത്തിനെതിരെ അന്വേഷണം നടത്തണമെന്നും കത്തില്‍ സൂചിപ്പിക്കുന്നു.