ഇന്ന് ഹോളി, സ്നേഹത്തിന്റെയും ഐക്യത്തിന്റെയും നിറങ്ങളുമായി ഹോളി എത്തി; ആശംസിച്ച് പ്രധാനമന്ത്രി
ഇന്ന് രാജ്യമെങ്ങും ഹോളി ആഘോഷത്തിലാണ്. ശൈത്യത്തിന്റെ കാഠിന്യത്തോട് വിട പറഞ്ഞ് നിറങ്ങൾ പരസ്പരം വാരിയെറിഞ്ഞ് വസന്തത്തിന്റെ വരവ് ആഘോഷിക്കുകയാണ് ഓരോരുത്തരും. വിപുലമായ ആഘോഷങ്ങളാണ് വടക്കെ ഇന്ത്യയിലും തലസ്ഥാനമായ ഡൽഹിയുടെ പല ഭാഗങ്ങളിലും നടക്കുന്നത്.
രാജ്യത്തുടനീളം നടക്കുന്ന ഹോളി ആഘോഷങ്ങൾക്കിടെ ഭാരതീയർക്ക് ആശംസകൾ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. എക്സിലൂടെയാണ് പ്രധാനമന്ത്രി ആശംസകൾ അറിയിച്ചത്. എല്ലാ ഭാരതീയർക്കും ഹോളി ആശംസകൾ അറിയിക്കുന്നു. സ്നേഹത്തിന്റെയും ഐക്യത്തിന്റെയും നിറങ്ങളാൽ അലങ്കരിച്ച ഈ ഉത്സവം എല്ലാവരുടെയും ജീവിതത്തിൽ പുതിയ ഊർജ്ജവും ഉത്സാഹവും പകരട്ടെ” പ്രധാനമന്ത്രി എക്സിൽ കുറിച്ചു.
ഈ മാസം 24,25 തീയതികളാണ് നിറങ്ങളുടെ ഉത്സവമായ ഹോളി ആഘോഷങ്ങൾ നടക്കുന്നത്. രാജ്യത്തുടനീളം ഹോളി ആഘോഷങ്ങൾ നടക്കുകയാണ്. രാജ്യത്തെ പല ക്ഷേത്രങ്ങളിലും 22-ന് തന്നെ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചിരുന്നു.മറ്റ് ആഘോഷങ്ങളെ പോലെ ഹോളിക്ക് പിന്നിലും പുരാണ കഥയുണ്ട്. തിന്മയ്ക്ക് മേലുള്ള നന്മയുടെ വിജയത്തെ സൂചിപ്പിക്കുന്ന ഹോളി ആഘോഷങ്ങൾക്ക് ഹോളിക ദഹൻ എന്ന ചടങ്ങോടെയാണ് തുടക്കം കുറിക്കുന്നത്.
ഹോളി ആഘോഷങ്ങളുടെ ഭാഗമായി രാമക്ഷേത്രത്തിലും ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. പ്രാണപ്രതിഷ്ഠയ്ക്ക് ശേഷമുള്ള ആദ്യ ഹോളി ആഘോഷത്തിന് കാത്തിരിക്കുകയാണ് അയോദ്ധ്യയെന്ന് ശ്രീരാമ ജന്മഭൂമി ക്ഷത്ര തീർത്ഥ ട്രസ്റ്റ് അറിയിച്ചു.