ഏലം കര്‍ഷകരെ സഹായിക്കുവാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണം; കേരളാ കോണ്‍ഗ്രസ് (എം)
നെടുംകണ്ടം: ഇടുക്കി ജില്ലയിലെ ഏലം കര്‍ഷകരെ സഹായിക്കുവാന്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തിരമായി ഇടുപെടണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര-വാണിജ്യകാര്യ വകുപ്പുമന്ത്രിക്ക് കേരളാ കോണ്‍ഗ്രസ് (എം) നിവേദനം നല്‍കി. രാജ്യത്തെ ഏലക്ക ഉല്‍പാദനത്തിന്റെ 85 ശതമാനവും ഇടുക്കി ജില്ലയിലെ മലയോര മേഖലയിലാണ് ഉല്‍പാദിപ്പിക്കുന്നത്. ഈ മേഖലയിലെ കര്‍ഷകരില്‍ ഭൂരിഭാഗവും ഏലം കൃഷിയെ ആശ്രയിച്ചാണ് ജിവിക്കുന്നതും. കഴിഞ്ഞ വര്‍ഷം മുതല്‍ ഏലത്തിന്റെ വിലയില്‍ വലിയ ഇടിവാണ്
സംഭവിക്കുന്നത്. കൊടുക്കാറ്റും തുടര്‍ച്ചയായ രണ്ടു പ്രളയങ്ങളും ഏലം കൃഷിക്ക് വലിയ നാശനഷ്ടമാണ് വരുത്തിയത്. വളത്തിനും കീടനാശിനിക്കുമുണ്ടായ അമിതമായ വിലവര്‍ധനവും, തൊഴിലാളികളുടെ കൂലിയുണ്ടായ വര്‍ധനവും, കോവിഡ് മൂലം കൃഷിമേഖലയിലുണ്ടായ പ്രതിസന്ധിയും മൂലം ഏലത്തിന്റെ പരിപാലന ചിലവ് ഇരട്ടിയോളം വര്‍ദ്ധിച്ച സാഹചര്യത്തിലാണ് വില അഞ്ചിലൊന്നായി കുറഞ്ഞിരിക്കുന്നത്. ഈ പ്രതിസന്ധിയില്‍ നിന്നും ഏല കര്‍ഷകരെ രക്ഷിക്കുവാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്നാണ് നിവേദനത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. രാജ്യത്തെ ഏലത്തിന്റെ ഉല്‍പാദനം വര്‍ഷം 20000 ടണ്ണിന് മുകളിലാണ് അതില്‍ 5000 ടണ്‍ പോലും കയറ്റുമതി ചെയ്യാന്‍ കഴിയുന്നില്ലയെന്നതും വിലയെ ബാധിക്കുന്നു. ഇന്ത്യന്‍ ഏലത്തിന്റെ പ്രധാന ഉപഭോക്തക്കളായ ഗള്‍ഫ് രാജ്യങ്ങളിലേക്ക് ഏലം കയറ്റമതിയ്ക്കുള്ള നിബന്ധനകള്‍ കൂടുതല്‍ ഉദാരമാക്കുവാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണം. ഏലത്തിന്റെ ഔഷധ ഗുണങ്ങള്‍ ജനങ്ങളില്‍ എത്തിച്ച് ഏലത്തിന്റെ ആഭ്യന്തര ഉപയോഗം വര്‍ദ്ധിപ്പിക്കുവാനും, ഏലത്തില്‍ നിന്നും കൂടുതല്‍ മൂല്യവര്‍ദ്ധിത ഉല്‍പ്പനങ്ങള്‍ ഉണ്ടാക്കുവാനും ആവശ്യമായ നടപിട സ്വീകരിക്കണം.ഏലം കൃഷിക്കായി പ്രത്യേക പാക്കേജ് പ്രഖ്യാപിക്കുകയും, ഏലത്തിന് തറ വില നിശ്ചയിക്കുകയും ചെയ്യണം. ഏലത്തിന് മാത്രമായി കാര്‍ഡമം ബോര്‍ഡ് പുനസ്ഥാപിക്കണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടു.തോമസ് ചാഴിക്കാടന്‍ എം.പി.യുടെ നേതൃത്വത്തില്‍ കേരള കോണ്‍ഗ്രസ് (എം) ജില്ല പ്രസിഡന്റ് ജോസ് പാലത്തിനാല്‍, കുര്യാക്കോസ് ചിന്താര്‍മണി, ഷൈന്‍ ജോസ് എന്നിവരാണ് നിവേദനം നല്‍കിയത്.