‘അറസ്റ്റ് ചെയ്ത സമയമാണ് പ്രശ്നം’; കേന്ദ്രത്തിൻ്റെ നടപടി ശരിയല്ലെന്ന് ശശി തരൂർ
അരവിന്ദ് കെജ്‌രിവാളിൻ്റെ അറസ്റ്റിൽ കേന്ദ്രത്തെ വിമർശിച്ച് തിരുവനന്തപുരത്തെ കോൺഗ്രസ് സ്ഥാനാർത്ഥി ശശി തരൂർ. അറസ്റ്റ് ചെയ്ത സമയമാണ് പ്രശ്നം. കേന്ദ്രത്തിൻ്റെ നടപടി ശരിയല്ലെന്നും ശശി തരൂർ പ്രതികരിച്ചു.
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം വന്നതിന് ശേഷം ഇത് ചെയ്യാൻ പാടില്ലായിരുന്നു. തെരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം ആവശ്യമായ നിലപാട് എടുത്തൂടെ? കേന്ദ്രത്തിൻ്റെ നടപടി ശരിയല്ല. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിനെ ഇത് ബാധിക്കും. സുപ്രിംകോടതി ഇത് തടയണം. ജനാധിപത്യത്തെ ബാധിക്കുന്ന തീരുമാനം എടുക്കുന്നവർ ഒരിക്കലും വീണ്ടും ഭരണത്തിൽ വരാൻ അനുവദിക്കരുത്. സംഭവിച്ചതെല്ലാം അന്യായം. ഇതിന് പിന്നിലെ ഉദ്ദേശം എല്ലാവർക്കും അറിയാം. ജനാധിപത്യവുമായി ബന്ധപ്പെട്ട ഒരു പ്രശ്നമാണ് ഇത് എന്നും അദ്ദേഹം പറഞ്ഞു.
കെജ്‌രിവാളിനെ എൻഫോഴ്സ്മെൻറ് ഡയറക്ടേറ്റ്റ് അറസ്റ്റ് ചെയ്തതിൽ രാജ്യ വ്യാപക പ്രതിഷേധത്തിനാണ് ആം ആദ്മി പാർട്ടിയും ഇന്ത്യ മുന്നണിയും ഒരുങ്ങുന്നത്. ഇ ഡി നടപടിക്കെതിരായ കെജ്‌രിവാളിന്റെ ഹർജി ഇന്ന് സുപ്രിം കോടതി പരിഗണിക്കും. അരവിന്ദ് കെജ്‌രിവാളിന്റെ ജാമ്യാപേക്ഷയിൽ അടിയന്തിരമായി കേസ് പരിഗണിക്കണമെന്ന എഎപി അഭിഭാഷകരുടെ ആവശ്യം സുപ്രിം കോടതി നേരത്തെ തള്ളിയിരുന്നു.
കെജ്‌രിവാളിനെ ഇന്ന് കോടതിയിൽ ഹാജരാക്കുമെന്ന് ഇഡി അറിയിച്ചു. അതേസമയം കെജ്‌രിവാളിൻറെ രാജി ആവശ്യപ്പെട്ട് ബിജെപി രംഗത്തെത്തി. ഡൽഹി മുഖ്യമന്ത്രിയോട് രാജിവെക്കാൻ ആവശ്യപ്പെടണമെന്ന് ഡൽഹി ലഫ്റ്റനന്റ് ഗവർണർക്ക് നൽകിയ കത്തിൽ ബിജെപി ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള കത്ത് ലഭിച്ചതിന് പിന്നാലെ ഗവർണർ നിയമോപദേശവും തേടിയിട്ടുണ്ട്. ജയിലിൽ അടച്ചാലും കെജ്‌രിവാൾ മുഖ്യമന്ത്രിയായി തുടരുമെന്നും ജയിലിൽ കിടന്ന് രാജ്യ തലസ്ഥാനം ഭരിക്കുമെന്നുമാണ് ആം ആദ്മിയുടെ നിലപാട്. എന്നാൽ ജയിലിൽ കിടന്ന് ഭരിക്കാൻ അനുവദിക്കില്ലെന്ന് ബിജെപിയും വ്യക്തമാക്കി.കഴിഞ്ഞ ദിവസം രാത്രി 9 മണിയോടെയാണ് ഇഡി അരവിന്ദ് കെജ്‌രിവാളിനെ അറസ്റ്റ് ചെയ്യുന്നത്.
ഇ ഡിയുടെ അറസ്റ്റോടെ ഏതെങ്കിലും ഒരു കേസിൽ അറസ്റ്റ് ചെയ്യപ്പെടുന്ന ആദ്യത്തെ സിറ്റിംഗ് മുഖ്യമന്ത്രിയായി കെജ്രിവാൾ മാറുകയാണ്. 12 അംഗ ഇ ഡി സംഘമാണ് ഇന്നലെ വൈകീട്ടോടെ കെജ്‌രിവാളിന്റെ വസിതിയിലെത്തി അദ്ദേഹത്തെ ചോദ്യം ചെയ്തതു. വസതിയിൽ നിന്ന് അഞ്ചു മൊബൈൽ ഫോണും ലാപ്‌ടോപ്പും പിടിച്ചെടുത്തു. പ്രിയങ്കാ ഗാന്ധി ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ അറസ്റ്റിനെതിരെ വിമർശനവുമായി രംഗത്തെത്തിയിരുന്നു.