തലകീഴായി മറിഞ്ഞ കാർ റോഡിൽ തന്നെ. ഗതാഗത തടസം രൂക്ഷം
ഇടുക്കി : കട്ടപ്പനയിൽ സംസ്ഥാന പാതയിൽ തലകീഴായി മറിഞ്ഞ കാർ വഴിയരികിൽ നിന്ന് മാറ്റുവാൻ നടപടിയില്ല.അപകടം ഉണ്ടായി ഒരാഴ്ച പിന്നിട്ടിട്ടും കാർ മാറ്റാതെ ഇട്ടിരിക്കുന്നത് വലിയ ഗതാഗത തടസ്സത്തിനാണ് ഇടയാക്കുന്നത്.കഴിഞ്ഞ ശനിയാഴ്ച രാത്രിയിലാണ് കൊച്ചറ സ്വദേശികൾ സഞ്ചരിച്ച ടാറ്റാ ടിയാഗോ കാർ അപകടത്തിൽപെട്ടത്.കട്ടപ്പന പുളിയന്മല സംസ്ഥാന പാതയിൽ പാറക്കടവിൽ റോഡിൽ തലകീഴായി മറിഞ്ഞായിരുന്നു അപകടം.പരിക്കേറ്റവരെ നാട്ടുകാർ ചേർന്ന് ആശുപത്രിയിലാക്കുകയും ചെയ്തിരുന്നു.എന്നാൽ അപകടത്തിൽപ്പെട്ട വാഹനം ഇത് വരെ സംഭവ സ്ഥലത്ത് നിന്ന് നീക്കുവാൻ പോലീസിന് കഴിഞ്ഞിട്ടില്ല. കേസ് ഉണ്ടെങ്കിൽ മഹസർ തയ്യാറാക്കി കഴിഞ്ഞാൽ അപകടത്തിൽപ്പെട്ട വാഹനം പോലീസ് സ്റ്റേഷനിലേയ്ക്കോ അല്ലെങ്കിൽ സർവീസ് സെന്ററിലേയ്ക്കോ മാറ്റുകയാണ് പതിവ്.അപകട സാധ്യത മേഖലയായതിനാൽ കാർ എത്രയും വേഗം ഇവിടെ നിന്ന് മാറ്റണമെന്നാണ് അടുത്തുള്ള കടകളിലെ വ്യാപാരികൾ ഉൾപ്പടെ ആവശ്യപ്പെടുന്നത്.