അധിക്ഷേപം ആവര്‍ത്തിച്ച് സത്യഭാമ; സൗന്ദര്യം ഇല്ലാത്തവര്‍ മോഹിനിയാട്ടം കളിക്കണ്ട
തൃശ്ശൂർ: കറുത്ത നിറമുള്ളവർ മോഹിനിയാട്ടം കളിക്കണ്ടെന്ന അധിക്ഷേപ നിലപാട് ആവർത്തിച്ച് കലാമണ്ഡലം സത്യഭാമ. കലാഭവൻ മണിയുടെ സഹോദരൻ ആർഎൽവി രാമകൃഷ്ണനെ അധിക്ഷേപിക്കുന്ന നിലയിലുള്ള കലാമണ്ഡലം സത്യഭാമയുടെ പ്രസ്താവന വിവാദമായിരുന്നു. പലകോണിൽ നിന്നും വിമർശനം ഉയർന്നിട്ടും അധിക്ഷേപ നിലപാടിൽ ഉറച്ചു നിൽക്കുന്ന സമീപനം സത്യഭാമ തുടർന്നത്. ‘യൂണിവേഴ്‌സിറ്റി, സ്കൂൾ കലോത്സവങ്ങളിൽ വിധികർത്താവായി ഇരുന്നിട്ടുണ്ട്. അവിടെ മാർക്കിടുന്നതിന് നൽകുന്ന പേപ്പറിൽ ആദ്യ കോളത്തിലെ ചോദ്യം കുട്ടിയുടെ സൗന്ദര്യത്തെക്കുറിച്ചാണ്. എന്റെ അഭിപ്രായത്തിൽ മോഹനിയാട്ടം ചെയ്യുന്ന കുട്ടി മോഹിനിയായിരിക്കണം, മോഹനൻ ആകരുത്. മോഹനൻ മോഹിനിയാട്ടം കളിച്ചാൽ ശരിയാവില്ല. മോഹിനിയാട്ടം കളിക്കണമെങ്കിൽ അത്യാവശ്യം സൗന്ദര്യം വേണം. നിറത്തിന് സൗന്ദര്യത്തിൽ പ്രാധാന്യമുണ്ട്. ഇല്ലെങ്കിൽ ഏതെങ്കിലും കറുത്ത കുട്ടിക്ക് സൗന്ദര്യമത്സരത്തിൽ ഒന്നാം സ്ഥാനം ലഭിച്ചിട്ടുണ്ടോ? ആരൊക്കെ വന്നാലും എന്റെ അഭിപ്രായത്തിൽ ഉറച്ചുനിൽക്കും. ഞാൻ ഒരു വ്യക്തിയുടെ പേരും ജാതിയും മതവും ഒന്നും പറഞ്ഞിട്ടില്ല. എന്റെ സ്വന്തം അഭിപ്രായമാണ് പറഞ്ഞത്. മോഹനിയാട്ടം പഠിക്കാൻ വരുന്ന കുട്ടികൾക്ക് വികാരവും വിചാരവും തിരിച്ചറിയാനാവണം. അതുകൊണ്ടാണ് എൽപി സെക്ഷനിൽ നിന്നും മോഹനിയാട്ടം എടുത്തുകളഞ്ഞതെന്നായിരുന്നു മാധ്യമങ്ങളോടുള്ള കലാമണ്ഡലം സത്യഭാമയുടെ പ്രതികരണം.