രാജകുമാരിയിൽ വാറ്റുകേന്ദ്രം കണ്ടെത്തി; ചാരായവും കോടയും പിടികൂടി
രാജകുമാരിയിൽ വാറ്റുകേന്ദ്രം കണ്ടെത്തി. ചാരായവും കോടയും പിടികൂടി ഇലക്ഷൻ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി ഇടുക്കി എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡ് രാജകുമാരിയിൽ നിന്നും 17 ലിറ്റർ വാറ്റുചാരായവും 400 ലിറ്റർ കോടയും വാറ്റുപകരണങ്ങളും പിടികൂടി. ഒരാളുടെ പേരിൽ കേസെടുത്തു. രാജാക്കാട് കച്ചിറപ്പാലത്ത് നിന്നും കൊല്ലിയിൽ വീട്ടിൽ സജീവൻ എന്നയാൾ വീട്ടിലും പറമ്പിലുള്ള ഷെഡിലുമായി സൂക്ഷിച്ചു വെച്ചിരുന്ന ചാരായവും കോടയും വാറ്റുപകരണങ്ങളുമാണ് എക്സൈസ് പിടികൂടി കേസെടുത്തത്. ചാരായം വാറ്റി റിസോർട്ടുകളിലും മറ്റു ചെറുകിട വിൽപ്പനക്കാർക്കും മൊത്തക്കച്ചവടം ചെയ്യുന്നതായിരുന്നു സജീവന്റെ രീതി. ഇലക്ഷനോട് അനുബന്ധിച്ച് ഇയാൾ വൻതോതിൽ ചാരായം വാറ്റി വില്പന നടത്താൻ സാധ്യതയുണ്ടെന്ന് വിവരം ലഭിച്ചിരുന്നെന്നും ഇടുക്കി ഡെപ്യൂട്ടി എക്സൈസ് കമ്മീഷണറുടെ നിർദ്ദേശപ്രകാരം എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡ് സംഘം കുറച്ചു ദിവസങ്ങളായി ഇയാളെ നിരീക്ഷിച്ചു വരികയായിരുന്നെന്നും എക്സൈസ് സംഘം അറിയിച്ചു. എക്സൈസ് സംഘത്തെക്കണ്ട് ഓടിരക്ഷപെട്ട സജീവൻ ഒളിവിലാണ്.
സജീവനെ പിടികൂടാനും,സജീവന്റെ സഹായികളെ കണ്ടെത്തി കൂട്ടുപ്രതികളാക്കാനുമുള്ള നീക്കത്തിലാണ് എക്സൈസ് ഇപ്പോൾ.
ഇടുക്കി എക്സൈസ് സ്പെഷ്യൽ സ്ക്വാഡിലെ അസി. എക്സൈസ് ഇൻസ്‌പെക്ടർ ഷാജി ജെയിംസിന്റെ നേതൃത്വത്തിൽ തോമസ് ജോൺ, ആൽബിൻ, ജസ്റ്റിൻ, അശ്വതി, ശശി.P.K എന്നീ എക്സൈസ് ഉദ്യോഗസ്ഥർ ചേർന്നാണ് കേസ് കണ്ടെത്തിയത്.