കുർബാന വിലക്കിയ നടപടിയിൽ അതി ശക്തമായി പ്രതിഷേധിച്ച് കത്തോലിക്കാ കോൺഗ്രസ്
ഇടുക്കി രൂപതയിലെ മര്യാപുരം ഇടവകപള്ളിയിൽ യാതൊരുവിധ അടിസ്ഥാനവും ഇല്ലാതെ ഞായറാഴ്ചത്തെ വിശുദ്ധ കുർബാനയും ആരാധനയും തടഞ്ഞ പോലീസ് നടപടിയിൽ അതി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായി കത്തോലിക്കാ കോൺഗ്രസ് ഇടുക്കി രൂപത ഭാരവാഹികൾ അറിയിച്ചു. ഏതെങ്കിലും വിധത്തിലുള്ള കോവിഡ് പ്രോട്ടോകോൾ ലംഘനവും ഉണ്ടായിട്ടില്ലാത്ത സാഹചര്യത്തിൽ എന്തിനാണ് പോലീസ് ഇത്ര വിവേകരഹിതമായ നടപടി സ്വീകരിച്ചതെന്ന് വ്യക്തമാക്കണമെന്ന് യോഗം ജില്ല അധികാരികളോട് ആവശ്യപ്പെട്ടു. ഗവൺമെന്റിന്റെ നിർദ്ദേശാനുസരണം എല്ലാ ആരാധനാലയങ്ങളും പോലെ മര്യാപുരം ഇടവകപ്പള്ളി യും സമ്പൂർണ്ണമായി അടച്ചിട്ട നിലയിലായിരുന്നു. ഇതിനു വിരുദ്ധമായി എന്തെങ്കിലും നടപടികൾ പള്ളി പള്ളി അധികൃതരുടെ ഭാഗത്തുനിന്നു ഉണ്ടായിട്ടില്ല. മര്യാപുരം പഞ്ചായത്തിലും ഇടവക അതിർത്തിയിലും രോഗവ്യാപനം നിയന്ത്രിക്കപ്പെട്ട സാധാരണ നിലയിലായിരുന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അനുവദനീയമായ തോതിലും താഴെയാണ്. പതിനഞ്ചിൽ താഴെ മാത്രം ആളുകളെ പങ്കെടുപ്പിച്ച് ദേവാലയങ്ങളിൽ ആരാധന നടത്താമെന്ന നിർദേശങ്ങളടങ്ങിയ മുഖ്യമന്ത്രിയുടെ പത്രസമ്മേളനത്തിന് വിശദാംശങ്ങൾ ലഭിച്ചശേഷം മാത്രമാണ് ഞായറാഴ്ച വിശുദ്ധ കുർബാന അർപ്പിക്കുന്നതിനുള്ള ഒരുക്കങ്ങൾ നടത്തിയത്. അതനുസരിച്ചുള്ള നിർദ്ദേശങ്ങൾ വിശ്വാസികൾക്ക് സോഷ്യൽ മീഡിയയിലൂടെ നൽകിയശേഷം കിടന്നുറങ്ങിയ വൈദികനെ വിളിച്ചെഴുന്നേൽപ്പിച്ചാണ് വിശുദ്ധ കുർബാന നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് നൽകിയത്. ആരോഗ്യ വകുപ്പിനെയും പോലീസ് ഡിപ്പാർട്ട്മെന്റ് ന്റെയും ഏകാധിപത്യപരമായ ഈ നടപടിയിലൂടെ ഇടവകയിലെ വിശ്വാസ സമൂഹത്തെ ആകെ ആക്ഷേപിച്ച ഇരിക്കുകയാണ്. മുഖ്യമന്ത്രിയുടെ നിർദ്ദേശത്തെ മറികടന്ന് ഇത്തരമൊരു നടപടിക്ക് മുതിർന്ന ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ മേൽ കർശന നടപടി സ്വീകരിക്കണമെന്ന് കത്തോലിക്കാ കോൺഗ്രസ് ഇടുക്കി രൂപതാ സമിതി ബഹുമാനപ്പെട്ട മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ കത്തോലിക്കാ കോൺഗ്രസ് ഇടുക്കിയിലൂടെ പ്രസിഡണ്ട് ജോർജ്ജ് കോയിക്കല് അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ രൂപതാ ഡയറക്ടർ ഫാദർ ഫ്രാൻസിസ് ഇടവക്കണ്ടം ഗ്ലോബൽ സെക്രട്ടറി ജോസുകുട്ടി മാടപ്പള്ളി ജനറൽസെക്രട്ടറി മാത്യുസ് ഐക്കര ബേബി ജോൺ, ജോസഫ് കുര്യൻ, വീ.ടി തോമസ്, ഷാജി ജോസഫ്, ജോസ് തോമസ് ഒഴുകയിൽ, ജോസഫ് ചാണ്ടി തേവർപറമ്പിൽ, സിജോ ഇലന്തൂർ, അഡ്വക്കേറ്റ് മാത്യു മലേ കുന്നേൽ, ബെന്നി ഉദയഗിരി, അഗന്സ് ബേബി, കുഞ്ഞമ്മ ചെറിയാൻ തുടങ്ങിയവർ പ്രസംഗിച്ചു.