മതനിരപേക്ഷ സർക്കാർ വരണമെങ്കിൽ ഇടത് എംപിമാർ വേണം,തിരുത്തലുകൾക്ക് ഇടതുപക്ഷം നേതൃത്വം നൽകും: തോമസ് ഐസക്
പത്തനംതിട്ട: പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിൽ ഇടത് മുന്നണിയിലെ ഘടകകക്ഷികളുടെ പൂർണ്ണ പിന്തുണ ഉറപ്പാക്കാനുള്ള ശ്രമത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥി ഡോ തോമസ് ഐസക്. ഇടത് മുന്നണി ഒത്തൊരുമിച്ച് പിടിച്ചാൽ പത്തനംതിട്ട പുതുചരിത്രമെഴുതുമെന്ന് തോമസ് ഐസക് പറയുന്നു.
ഒന്നാം യു പി എ സർക്കാരിൻ്റെ പ്രവർത്തനങ്ങളും രണ്ടാം യു പി എ സർക്കാരിൻ്റെ പ്രവർത്തനങ്ങളും താരതമ്യം ചെയ്താൽ ഇടത് പക്ഷത്തിൻ്റെ പ്രസക്തി വ്യക്തമാകുമെന്നും ഇടത് പക്ഷത്തിൻ്റെ പിന്തുണ ഇല്ലാതിരുന്ന രണ്ടാം യുപിഎ സർക്കാർ തിരിച്ച് വരവ് പോലും അസാധ്യമായ രീതിയിൽ തകർന്നടിഞ്ഞതായും ഡോ തോമസ് ഐസക് അഭിപ്രായപ്പെട്ടു.
ആർജെഡി ഉൾപ്പെടെ ഇടത് മുന്നണിയിലെ മുഴുവൻ ഘടക കക്ഷികളേയും കൂടെ നിർത്തിയാണ് പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥി ഡോ തോമസ് ഐസക്കിൻ്റെ പ്രചാരണം പുരോഗമിക്കുന്നത്. കേന്ദ്രത്തിൽ മതനിരപേക്ഷ സർക്കാർ വരണമെങ്കിൽ ഇടത് പക്ഷത്തിൻ്റെ എം പി മാർ വേണമെന്നും തിരുത്തലുകൾക്ക് ഇടത് പക്ഷം നേതൃത്വം നൽകുമെന്നും തോമസ് ഐസക് പറഞ്ഞു.