‘ടൊവിനോ തോമസിനൊപ്പമുള്ള ചിത്രം പ്രചരിപ്പിച്ചു’; വിഎസ് സുനിൽകുമാറിനെതിരെ തെരഞ്ഞെടുപ്പ് ചട്ടലംഘനത്തിന് പരാതി
തൃശൂർ എൻഡിഎ സ്ഥാനാർത്ഥി വിഎസ് സുനിൽകുമാറിനെതിരെ തെരഞ്ഞെടുപ്പ് ചട്ടലംഘനത്തിന് പരാതി. എൻഡിഎ തൃശൂർ ജില്ല കോർഡിനേറ്ററാണ് പരാതി നൽകിയത്. ഇലക്ഷൻ കമ്മീഷന്റെ അംബാസിഡർ ആയ ടോവിനോ തോമസിനൊപ്പം ഉള്ള ചിത്രം പ്രചരിപ്പിച്ചത് ചട്ടലംഘനമെന്നാണ് പരാതി. തൃശ്ശൂരിൽ സ്ഥാനാർഥിയാകുന്നതിൽ നിന്ന് സുനിൽകുമാറിനെ തടയണമെന്നാണ് പരാതിയിലെ ആവശ്യം. വരണാധികാരിയായ ജില്ലാ കളക്ടർക്കാണ് പരാതി നൽകിയത്.
തെരെഞ്ഞെടുപ്പിൽ ചർച്ചയാകേണ്ടത് രാഷ്ട്രീയ വിഷയമാണെന്ന് വി എസ് സുനിൽകുമാർ പറഞ്ഞിരുന്നു. കലാമണ്ഡലം ഗോപിയുടെ മകന്റേതും ടോവിനോ തോമസിന്റെയും പോസ്റ്റ് വിവാദമാക്കേണ്ട. ടോവിനോയും താനും നല്ല സുഹൃത്തുക്കൾ. അതുകൊണ്ടാണ് പോസ്റ്റ് ഇട്ടത്. തെരെഞ്ഞെടുപ്പ് ചിഹ്നം ഉപയോഗിച്ചതാണ് വിയോജിപ്പിന് കാരണം. തൃശൂർ സീതറാം മിൽസിൽ പുതിയ പടത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനിൽ വച്ചായിരുന്നു കൂടിക്കാഴ്ച. വിജയാശംസകൾ നേർന്നാണ് ടൊവിനോ യാത്രയാക്കിയതെന്ന് സുനിൽ കുമാർ പറഞ്ഞു.
തെന്നിന്ത്യൻ സിനിമാരംഗത്തെ യുവ നടന്മാരിൽ തനിക്കേറ്റവും പ്രിയപ്പെട്ടയാളാണ് ടൊവിനോയെന്ന് സുനിൽ കുമാർ പറഞ്ഞു. കേവലം നടൻ എന്ന വിശേഷണത്തിൽ ഒതുക്കാവുന്ന ആളല്ല ടൊവിനോ. മനുഷ്യസ്നേഹത്തിൻറെയും ജീവകാരുണ്യത്തിൻറെയും മുൻനിരയിലാണ് ടൊവിനോയുടെ സ്ഥാനം. താൻ തൃശൂർ എം എൽ എ ആയിരിക്കുമ്പോൾ, മണ്ഡലത്തിലെ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കാൻ സംഘടിപ്പിച്ച വിദ്യാഭ്യാസ അവാർഡ് പരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുത്ത് ടൊവിനോ നടത്തിയ പ്രസംഗം വൈറലായിരുന്നു. വ്യക്തിപരമായി വളരെ അടുപ്പം പുലർത്തുന്നയാളാണ് അദ്ദേഹമെന്നും സുനിൽ കുമാർ കുറിച്ചു.
നേരിൽ കാണാൻ സാധിക്കുമ്പോഴൊക്കെ ഹൃദയം തുറന്ന് സംസാരിക്കുകയും നമ്മുടെ സന്തോഷം ഉറപ്പാക്കുകയും ചെയ്യുന്ന ടൊവിനോയെ വീണ്ടും നേരിൽ കാണാൻ അവസരമുണ്ടായെന്ന് സുനിൽ കുമാർ പറയുന്നു.പ്രിയ സുഹൃത്തിൻറെ സ്നേഹത്തിന് നന്ദിയെന്നും പുതിയ സിനിമ വൻഹിറ്റാകട്ടെയെന്ന് ആശംസിക്കുന്നുവെന്നും പറഞ്ഞാണ് സുനിൽ കുമാർ കുറിപ്പ് അവസാനിപ്പിച്ചത്.
തന്റെ ചിത്രങ്ങൾ തെരഞ്ഞെടുപ്പ് പോസ്റ്ററിൽ ഉപയോഗിച്ചത് തന്റെ അറിവോടെയോ സമ്മതത്തോടെയോ അല്ലെന്നാണ് ഫേസ്ബുക്കിലൂടെയും ഇൻസ്റ്റഗ്രാമിലൂടെയും ടൊവിനോ തോമസ് വിശദീകരിച്ചത്. സ്ഥാനാർത്ഥികൾക്ക് തന്റെ വിജയാശംസകൾ നേരുന്നതായും ടൊവിനോ പോസ്റ്റിലൂടെ അറിയിച്ചിട്ടുണ്ട്. താരത്തിന്റെ ചിത്രങ്ങൾ ഉപയോഗിച്ചുള്ള പോസ്റ്റർ പ്രചാരണത്തെ കോൺഗ്രസും ബിജെപിയും എതിർക്കുകയും പരിഹസിക്കുകയും ചെയ്തിരുന്നു.