മുഖ്യമന്ത്രി ഫാസിസത്തിന്റെ മറ്റൊരു മുഖം : വി.ഡി സതീശൻ
ഫാസിസത്തിന്റെ മറ്റൊരു പതിപ്പായി മുഖ്യമന്ത്രി പിണറായി വിജയൻ മാറിയിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ജനങ്ങളെ എങ്ങനെ ദ്രോഹിക്കാം എന്നാലോചിച്ചാണ് മുഖ്യമന്ത്രിയുടെ ഓരോ ദിവസവും തുടങ്ങുന്നത്.
യുഡിഎഫ് സ്ഥാനാർത്ഥി ഡീൻ കുര്യാക്കോസിന്റെ തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തെ ജനങ്ങൾ ദുരിതത്തിലാണ്. അവർ എൽ.ഡി.എഫിനെതിരെ വോട്ട് ചെയ്യും. 55 ലക്ഷം ആളുകൾക്ക് സാമൂഹ്യ സുരക്ഷ പെൻഷനും 44 ലക്ഷം ആളുകൾക്ക് ക്ഷേമ നിധി പെൻഷനും നൽകാനുണ്ട്. കേരളത്തിലെ മൂന്നിൽ ഒന്ന് ജനങ്ങൾ ഇപ്പോൾ ദുരിതത്തിൽ ആണെന്നും വി.ഡി സതീശൻ പറഞ്ഞു.
ആശയപരമായും സംഘടനപരമായും സിപിഎം ജീർണ്ണിച്ച പാർട്ടിയായി മാറി. ഇടുക്കിയിലെ സാധാരണക്കാരായ ജനങ്ങൾക്ക് പട്ടയം നിഷേധിക്കുന്നതിന് കാരണക്കാരനായ വ്യക്തിയെ തന്നെയാണ് സിപിഎം ലോക്സഭയിലേക്ക് സ്ഥാനാർത്ഥിയാക്കിയതെന്ന് വിഡി സതീശൻ പറഞ്ഞു.
ആദിവാസികളുടെ ഭൂമി തട്ടിയെടുത്ത കേസിലും ഇതേ സിപിഎം സ്ഥാനാർത്ഥി പ്രതിയാണ്. കുടിയേറ്റക്കാരുടെയല്ല, കയ്യേറ്റക്കാരുടെ കൂടെയാണ് തങ്ങളെന്ന് സിപിഎം തെളിയിച്ചെന്നും പ്രതിപക്ഷ നേതാവ് പരിഹസിച്ചു.
എല്ലാവരും ഒറ്റക്കെട്ടായി ഒരേ മനസോടെയുള്ള പ്രവർത്തമാണ് കേരളത്തിലുടനീളം യുഡിഎഫിന്റേത്. കേരളത്തിൽ യുഡിഎഫ് ഇരുപത് സീറ്റും നേടി സമ്പൂർണ വിജയം കൈവരിക്കും. കേന്ദ്രത്തിൽ കോൺഗ്രസ് നേതൃത്വം നൽകുന്ന സർക്കാർ അധികാരത്തിൽ വരുന്നതിന് കേരളത്തിൽ നിന്നും മുഴുവൻ സീറ്റും യുഡിഎഫിന് മതേതര വിശ്വാസികൾ നൽകുമെന്ന് പ്രതിപക്ഷ നേതാവ് ആത്മവിശ്വാസം പ്രകടിപ്പിച്ചു.
അഴിമതിയിൽ മുങ്ങിയ സർക്കാരാണ് ഇത്. ധൂർത്തിലൂടെയും അനാവശ്യ ചെലവുകളിലൂടെയും ഈ സർക്കാർ കേരളത്തെ കെണിയിലേക്കും ദാരിദ്ര്യത്തിലേക്കും തള്ളിവിട്ടു. സർക്കാരിന്റെ തെറ്റായ നയങ്ങളും നിലപാടുകളും ജനങ്ങളെ ബോധ്യപ്പെടുത്താൻ യുഡിഎഫ് ശക്തമായ പ്രചരണം നടത്തും.
കഴിഞ്ഞ അഞ്ച് വർഷ കാലവും ഇടുക്കി ജനതയുടെ മനസിന് ഒപ്പമായിരുന്നു താനെന്നു യുഡിഎഫ് സ്ഥാനാർത്ഥി ഡീൻ കുര്യക്കോസ് പറഞ്ഞു. നിരവധി വികസന പദ്ധതികളാണ് ഇടുക്കിയിലേക്ക് കൊണ്ട് വന്നത്. ഇടുക്കി ജനത സ്വപ്നം കണ്ട പല പദ്ധതികളും യാഥാർഥ്യമാകാൻ പോവുകയാണെന്ന് ഡീൻ പറഞ്ഞു.
ഒരു അഴിമതി ആരോപണത്തിലും തന്റെ പേര് ഉൾപ്പെട്ടിട്ടില്ല. ഇടുക്കി ജനതക്ക് തന്റെ പേരിൽ എവിടെയും തല കുനിക്കേണ്ട സാഹചര്യം ഉണ്ടാക്കിയിട്ടില്ലെന്നും ഡീൻ കുര്യാക്കോസ് പറഞ്ഞു.
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെയും മുൻ എംപി പി.ടി തോമസിന്റെയും സ്മരണകൾ ഹൃദയത്തിലേറ്റിയാണ് ഈ പ്രാവശ്യം താൻ മത്സര രംഗത്തേക്ക് ഇറങ്ങുന്നതെന്ന് ഡീൻ പറഞ്ഞു.
യുഡിഎഫ് ജില്ല ചെയർമാൻ ജോയി വെട്ടിക്കുഴി അധ്യക്ഷത വഹിച്ചു. മുൻ മന്ത്രി പിജെ ജോസഫ്, അബ്ദു റഹിമാൻ രണ്ടത്താണി, മാത്യു കുഴൽനാടൻ എംഎൽഎ, സി.പി മാത്യു, ഇ.എം അഗസ്തി, ജോയി തോമസ്, എസ് അശോകൻ, റോയി കെ പൗലോസ്, എ.കെ മണി, തോമസ് രാജൻ, എം.എൻ ഗോപി, എ.പി ഉസ്മാൻ, എം.ജെ ജേക്കബ്, ഷിബു തെക്കുംപുറം, ടി.എം സലിം, കെ.എം.എ ഷുക്കൂർ, സി.എ സിയാദ്, പി.എം അബ്ബാസ്, അഡ്വ. ടി.ജി പ്രസന്നകുമാർ, അഡ്വ. പി.പി പ്രകാശ്, ഇ. എം മൈക്കിൾ, സുരേഷ് ബാബു, പി.സി ജയൻ, കെ.എസ് സിറിയക് എന്നിവർ സംസാരിച്ചു.