മരം മുറി വിവാദം; ഉടുമ്പൻചോല–ചിത്തിരപുരം റോഡ് നിർമാണം നിലച്ചു
രാജകുമാരി∙ മരം മുറി വിവാദത്തെ തുടർന്ന് ആഴ്ചകളായി ഉടുമ്പൻചോല–ചിത്തിരപുരം റോഡ് നിർമാണം നിലച്ച അവസ്ഥയിൽ. റോഡ് നിർമാണത്തിന്റെ മറവിൽ അൻപതോളം മരങ്ങൾ മുറിച്ച സംഭവത്തിൽ വനം വകുപ്പ് അന്വേഷണം നടക്കുകയാണ്. സംഭവത്തിൽ അടിമാലി സ്വദേശിയായ കരാറുകാരനെതിരെ രണ്ടാഴ്ച മുൻപ് വനം വകുപ്പ് കേസ് എടുത്തിരുന്നു. ഇതേ തുടർന്ന് റോഡിന്റെ നിർമാണം നിർത്തിയെന്ന് നാട്ടുകാർ പറയുന്നു.
2019 ഡിസംബറിലാണ് 45. 88 കിലോമീറ്റർ ദൈർഘ്യമുള്ള ഉടുമ്പൻചോല–ചിത്തിരപുരം റോഡിന്റെ നിർമാണ ഉദ്ഘാടനം മന്ത്രിയായിരുന്ന എം.എം.മണി നിർവഹിച്ചത്. 154. 22 കോടി രൂപയാണ് പദ്ധതിക്കായി വകയിരുത്തിയിട്ടുള്ളത്. മൂന്ന് ഘട്ടങ്ങളായി ഒന്നര വർഷം കൊണ്ട് നിർമാണം പൂർത്തിയാക്കുമെന്നായിരുന്നു ഉദ്ഘാടന സമയത്ത് അധികൃതർ പറഞ്ഞത്. എന്നാൽ നിർമാണം പൂർത്തിയാകാൻ ഇനിയും മാസങ്ങൾ വേണ്ടി വരും. മഴക്കാലത്തിനു മുൻപ് മണ്ണ് ജോലികൾ പൂർത്തിയാക്കിയില്ലെങ്കിൽ പല ഭാഗത്തും മണ്ണിടിച്ചിലിനു സാധ്യതയുണ്ട്.
വീതി കൂട്ടുന്നതിനും കുത്തിറക്കങ്ങളും വളവുകളും ഒഴിവാക്കുന്നതിനും വേണ്ടി നിലിവിലുണ്ടായിരുന്ന റോഡ് പല സ്ഥലത്തും ഇടിച്ചു നിരത്തിയിട്ടിരിക്കുകയാണ്. ചില ഭാഗങ്ങളിൽ കിടങ്ങുകൾ പോലെ മണ്ണെടുത്ത് മാറ്റിയതും വാഹന യാത്രക്കാരെ വലയ്ക്കുന്നു. മണ്ണ് ജോലികൾ കഴിഞ്ഞ സ്ഥലങ്ങളിൽ വലിയ മെറ്റൽ വിരിച്ചിരിക്കുന്നതും ഇരുചക്ര വാഹന യാത്രക്കാർക്ക് അപകട ഭീഷണിയുയർത്തുന്നു. റോഡ് നിർമാണം വേഗത്തിൽ പൂർത്തിയാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.