‘സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ കുംഭകോണമാണ് ഇലക്ടറൽ ബോണ്ട്’: സീതാറാം യെച്ചൂരി
ന്യൂഡൽഹി: സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ കുംഭകോണമാണ് ഇലക്ടറൽ ബോണ്ടെന്ന് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. നേതൃത്വം നൽകിയത് തിരഞ്ഞെടുക്കപ്പെട്ട ഒരു സർക്കാരാണ്. രാഷ്ട്രീയ അഴിമതിയെ നിയമവിധേയമാക്കി മാറ്റി. ആദ്യം ഇഡിയടക്കമുള്ള കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി. പിന്നീട് സംഭാവന വാങ്ങിയെന്നും സീതാറാം യെച്ചൂരി പറഞ്ഞു.
ഇലക്ടറല്‍ ബോണ്ട് കേസില്‍ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് വീണ്ടും സുപ്രീംകോടതി നോട്ടീസ് നല്‍കിയിട്ടുണ്ട്. എസ്ബിഐ തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയ വിവരങ്ങള്‍ അപൂര്‍ണമാണെന്ന് കോടതി നിരീക്ഷിച്ചു. എന്തുകൊണ്ടാണ് എല്ലാ വിവരങ്ങളും കൈമാറാതിരുന്നതെന്ന് ചോദിച്ച കോടതി, ഇലക്ടറല്‍ ബോണ്ട് നമ്പറും പുറത്തുവിടണമെന്ന് നിര്‍ദേശിച്ചു.
എസ്ബിഐ തിങ്കളാഴ്ച മറുപടി നല്‍കണമെന്നും സുപ്രീംകോടതി നോട്ടീസിലുണ്ട്. പാര്‍ട്ടികള്‍ ആരുടെ സംഭാവനയാണ് സ്വീകരിച്ചതെന്നതിന്റെ വിവരങ്ങള്‍ പുറത്തുവിടണം. എല്ലാ ബോണ്ടിന്റെയും നമ്പര്‍ പുറത്തുവിടണമെന്നും നിര്‍ദേശമുണ്ട്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് നിര്‍ദേശം. ഈ വിവരങ്ങള്‍ പുറത്തുവിടുന്നതോടെ ആരുടെ സംഭാവന ഏത് രാഷ്ട്രീയ പാര്‍ട്ടിയാണ് സ്വീകരിച്ചതെന്ന് വ്യക്തമാകും.
ഇലക്ടറല്‍ ബോണ്ടില്‍ എസ്‌ഐടി അന്വേഷണം വേണമെന്ന് കപില്‍ സിബല്‍ ആവശ്യപ്പെട്ടു. ഏത് പാര്‍ട്ടിക്ക് എത്ര ഫണ്ട് ലഭിച്ചെന്ന് അന്വേഷിക്കണം. പി എം കെയേഴ്‌സിന് സംഭാവന നല്‍കിയതും കണ്ടെത്തണമെന്നും കപില്‍ സിബല്‍ ആവശ്യപ്പെട്ടു.