ഇടുക്കിയിലെ ജലമുപയോഗിച്ച് നാല്പഞ്ചായത്തുകളിൽ കുടിവെള്ള പദ്ധതി
ചെറുതോണി : ഇടുക്കി ജലാശയത്തിലെ ജലസ്രോതസ്സ് വിനിയോഗിച്ച് മരിയാപുരം, കാമാക്ഷി, വാത്തിക്കുടി, കഞ്ഞിക്കുഴി പഞ്ചായത്തുകളിൽ കുടിവെള്ളം ലഭ്യമാക്കാൻ പദ്ധതി വരുന്നു. മന്ത്രി റോഷി അഗസ്റ്റിനാണ് ഇക്കാര്യം അറിയിച്ചത്. വാഴത്തോപ്പ് പഞ്ചായത്തിലെ മുടങ്ങിക്കിടക്കുന്ന നെല്ലിപ്പുഴക്കവല കുടിവെള്ള പദ്ധതിയും പൂർത്തിയാക്കും. അറക്കുളം, കുടയത്തൂർ പഞ്ചായത്തുകളിൽ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് നിലവിലുള്ള പദ്ധതി കാര്യക്ഷമമാക്കുന്നതോടൊപ്പം പുതിയ പദ്ധതി നടപ്പാക്കുന്നതിനുള്ള പ്രാരംഭഘട്ട പ്രവർത്തനങ്ങൾ ആരംഭിച്ചതായും മന്ത്രി പറഞ്ഞു.
കാർഷിക മേഖലയിലെ ജലദൗർലഭ്യം പരിഹരിക്കും. ഇതിലൂടെ നാണ്യവിളകളുടെയും ഫലവിളകളുടെയും പച്ചക്കറി വിഭവങ്ങളുടെയും ഉത്പാദനം വർധിപ്പിച്ച് കാർഷിക മേഖലയുടെ സാമ്പത്തിക ഉന്നമനം ഉറപ്പാക്കാനാകും. ഇതോടൊപ്പം ജലവിഭവവകുപ്പിന്റെ വിവിധ പദ്ധതികളിൽ ഉൾപ്പെടുത്തി കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് കൂടുതൽ പദ്ധതികൾ നടപ്പാക്കും. ആരോഗ്യ മേഖലയ്ക്ക് കൂടുതൽ പരിഗണന നൽകേണ്ട കാലഘട്ടമായതിനാൽ ഇടുക്കി ഗവ. മെഡിക്കൽ കോളേജിനൊപ്പം കട്ടപ്പന താലൂക്ക് ആശുപത്രി, വിവിധ പഞ്ചായത്ത്തല ഹെൽത്ത് സെന്ററുകൾ എന്നിവയുടെ സൗകര്യം വർധിപ്പിക്കും.
റോഡുകളും പാലങ്ങളുമുൾപ്പെടെ അടിസ്ഥാന സൗകര്യ വികസനത്തിൽ ഇടുക്കിക്ക് മികച്ച മുന്നേറ്റം കുറിക്കാൻ കഴിയുമെന്നും റോഷി പറഞ്ഞു.