കട്ടപ്പന ഇരട്ടക്കൊല കേസിൽ ഒന്നാംപ്രതി നിധീഷിന്റെ ജാമ്യാപേക്ഷയിൽ കോടതി വാദം കേട്ടു; വിധി പറയുന്നത് കോടതി അടുത്ത ദിവസത്തേക്ക് മാറ്റി
കട്ടപ്പന ഇരട്ടക്കൊല കേസിൽ ഒന്നാംപ്രതി നിധീഷിന്റെ ജാമ്യാപേക്ഷയിൽ കോടതി വാദം കേട്ടു; വിധി പറയുന്നത് കോടതി അടുത്ത ദിവസത്തേക്ക് മാറ്റി
കട്ടപ്പന ഇരട്ടക്കൊലപാതക കേസിൽ നിധീഷ് ഒന്നാം പ്രതിയും വിഷ്ണു രണ്ടാം പ്രതിയും കൊല്ലപ്പെട്ട വിജയൻ്റെ ഭാര്യ സുമ മൂന്നാം പ്രതിയുമാണ്. ഇതിൽ നിതീഷിന്റെ അറസ്റ്റ് മാത്രമാണ് രേഖപ്പെടുത്തിയിട്ടുള്ളത്.മോഷണ ശ്രമത്തിനിടെ പരിക്കേറ്റ വിഷ്ണു കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇവിടെനിന്ന് കട്ടപ്പന താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുകയും കോടതി വിഷ്ണുവിനെ പീരുമേട് സബ്ജയിലേക്ക് റിമാൻഡ് ചെയ്യുകയും ചെയ്തു. എന്നാൽ ആരോഗ്യനില പരിഗണിച്ച് ഇയാളെ പീരുമേട് സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അതിനാൽ വിഷ്ണുവിനെ ഇതുവരെ
പോലീസ് കസ്റ്റഡിയിൽ ലഭിച്ചിട്ടില്ല. സുമയുടെയും അറസ്റ്റ് രേഖപ്പെടുത്താനോ മൊഴിയെടുക്കാൻ പോലീസിന് കഴിഞ്ഞില്ല. മൂന്നു പേരെയും ഒരുമിച്ച് ചോദ്യം ചെയ്തെങ്കിൽ മാത്രമേ കേസിൽ തുടർ നടപടികൾ മുന്നോട്ടു പോകൂ. നവജാത ശിശുവിന്റെ മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെത്താനുള്ള ശ്രമവും വിജയിച്ചില്ല. മരിച്ചത് വിജയൻ തന്നെയെന്ന് സ്ഥിരീകരിക്കാൻ ശാസ്ത്രീയ തെളിവുകളും പോസ്റ്റുമോർട്ടം റിപ്പോർട്ടും ലഭിക്കേണ്ടതുണ്ട്. കൊലപാതകം നടക്കുന്ന സമയത്ത് നിധീഷിന്റെ സാന്നിധ്യം ഉണ്ടായിരുന്നുവെന്ന് തെളിയിക്കാൻ പോലീസിന് കഴിഞ്ഞിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിഭാഗം അഭിഭാഷകൻ പി എ വിൽസൺ കോടതിയിൽ ജാമ്യ അപേക്ഷ നൽകിയത്. ഇതിൽ കോടതി വാദം കേട്ടു. വിധി പറയുന്നത് മാറ്റി. അടുത്തദിവസം വിഷ്ണുവിനെ കസ്റ്റഡിയിൽ ലഭിക്കാൻ പോലീസ് അപേക്ഷ നൽകും. തുടർന്ന് കൊലപാതക കേസിൽ വിഷ്ണുവിന്റെയും സുമയുടെയും അറസ്റ്റ് രേഖപ്പെടുത്തി കസ്റ്റഡിയിൽ വാങ്ങിയതിനു ശേഷം മൂവരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്താൽ മാത്രമേ സംഭവങ്ങളുടെ ചുരുളഴിയൂ.