പ്രതിപക്ഷം അപ്രത്യക്ഷമാകുന്ന ഗുജറാത്ത്
കോൺഗ്രസ് മുക്ത ഭാരതമെന്ന ബിജെപിയുടെ ആശയം അതിവേഗത്തിൽ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന സംസ്ഥാനമാണ് ഗുജറാത്ത്. ഇനിയൊരു തിരിച്ചുവരവിന് ശക്തിയില്ലത്ത വിധത്തിൽ കോൺഗ്രസ് ഗുജറാത്തിൻ്റെ രാഷ്ട്രീയ ഭൂപടത്തിൽ നിന്ന് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ്. 2022ൽ നടന്ന അസംബ്ലി ഇലക്ഷനിൽ 182 ൽ 156 സീറ്റും സ്വന്തമാക്കി മൃഗീയ ഭൂരിപക്ഷത്തോടെയാണ് ബിജെപി അധികാരത്തിലേറിയത്. 52.5 ശതമാനം വോട്ടുവിഹിതവുമായി അധികാരത്തിലെത്തിയ ബിജെപിക്ക് മറ്റു പാർട്ടി നേതാക്കളെ പാളയത്തിലേക്കെത്തിക്കേണ്ട ഒരാവശ്യവുമില്ലായിരുന്നു. എന്നിരുന്നാലും, കോൺഗ്രസ് എംഎൽഎമാർ 17ൽ നിന്നും 13 ആയി ചുരുങ്ങി. ലോക്സഭാ ഇലക്ഷന് മുമ്പ് ഇത് ഒറ്റയക്കത്തിലേക്ക് എത്തുമെന്നും റിപ്പോർട്ടുകളുണ്ട്. അഞ്ച് എംഎൽഎമാരുണ്ടായുന്ന ആംആദ്മി പാർട്ടിയിൽ നിന്നും ഒരാൾ ബിജെപിയിലേക്ക് പോയി.
ആം ആദ്മി ടിക്കറ്റിൽ ജയിച്ച ഭൂപേന്ദ്ര ഭയാനിയാണ് നിയസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഒരുവർഷത്തിനുള്ളിൽ രാജിവെച്ച് ബിജെപിയിൽ ചേർന്ന ആദ്യ എംഎൽഎ. തൊട്ടുപിന്നാലെ കോൺഗ്രസ് എംഎൽഎ ചിരാഗ് പട്ടേൽ പാർട്ടിവിട്ടു. 2024ൽ നാലുവട്ടം കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ചു ജയിച്ച എംഎൽഎ സിജെ ചാവ്ഡ, മുൻ ഗുജറാത് കോൺഗ്രസ് പ്രസിഡൻ്റും പ്രതിപക്ഷ നേതാവുമായിരുന്ന അർജുൻ മോട്വാഡിയ, അരവിന്ദ് ലഡാനി എന്നിവരും കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നു. കോൺഗ്രസ് നേതൃത്വത്തിനോടുള്ള അതൃപ്തി രേഖപ്പെടുത്തിയാണ് നാലുപേരും പാർട്ടി അംഗത്വം ഉപേക്ഷിച്ചത്. അയോധ്യയിലെ രാമക്ഷേത്രത്തിൻ്റെ പ്രാണപ്രതിഷ്ഠാ ചടങ്ങുകളിൽ നിന്ന് കോൺഗ്രസ് വിട്ടുനിന്നതുകാരണമാണ് പാർട്ടിയുമായുള്ള ബന്ധങ്ങൾ ഉപേക്ഷിക്കുന്നതെന്നും പാർട്ടി ഒരു എൻജിഒ പോലെയാണ് പ്രവർത്തിക്കുന്നതെന്നും മോട്വാഡിയ രാജിക്കത്തിൽ പറഞ്ഞിരുന്നു. മുൻ കേന്ദ്രമന്ത്രിയും രാജ്യസഭാംഗവും ആയിരുന്ന നരൻ റാത്വായും 2024ൽ ബിജെപിയിലെത്തി. സീറ്റ് നൽകാത്തതിൽ പ്രതിഷേധിച്ച് ബിജെപി വിട്ട് സ്വതന്ത്രനായി മൽസരിച്ച എംഎൽഎ ധർമേന്ദ്ര സിങ് വഗേല സ്വന്തം തട്ടകത്തിലേക്ക് തിരിച്ചെത്തി.
ഗുജറാത്തിൽ നിന്നുമാത്രം നൂറിലധികം കോൺഗ്രസ് നേതാക്കളാണ് 2007ന് ശേഷം കോൺഗ്രസിൽ നിന്നും മറുകണ്ടം ചാടിയത്. ഇതിൽ നിയമസഭാ സാമാജികരായിരുന്നവരും എംപിമാരുമെല്ലാം ഉൾപ്പെടും. 2017ന് ശേഷം കോൺഗ്രസിൽ നിന്നും ബിജെപിയിലേക്ക് പോകുന്നവരുടെ എണ്ണത്തിൽ വലിയ വർദ്ധനവുണ്ടായി. സഹകരണസംഘ നേതാക്കൾ മുതൽ മുൻ മന്ത്രിമാർ വരെ അധികാരത്തിലിരിക്കുന്ന പാർട്ടിയിലേക്ക് നിലനിൽപിന് വേണ്ടി ചേക്കേറുകയാണ്. ബിജെപി ഇതര പാർട്ടി അംഗങ്ങൾക്ക് രാഷ്ട്രീയഭാവിയില്ല എന്ന രീതിയിലേക്കാണ് ഗുജറാത്തിലെ സംഭവവികാസങ്ങൾ. ബാലറ്റിലൂടെ തോൽപ്പിക്കാൻ കഴിയാത്ത നേതാക്കളെ വലിയ വാഗ്ദാനങ്ങൾ നൽകിയും സമ്മർദ്ദം ചെലുത്തിയുമാണ് ബിജെപി പാളയത്തിലേക്കെത്തിക്കുന്നത്.
കൂറുമാറ്റത്തെക്കുറിച്ച് കുറച്ച് വർഷങ്ങൾക്കുമുമ്പ് പാർട്ടിവിട്ട കോൺഗ്രസ് നേതാവ് പറഞ്ഞത് “സ്നേഹവും താൽപര്യവും ഉള്ളതുകൊണ്ടല്ല ഒരാളും അധികാരത്തിലിരിക്കുന്ന പാർട്ടിയിലേക്ക് പോകുന്നത്. ഓരോ വ്യക്തികൾക്കും വ്യത്യസ്ത കാരണങ്ങൾ പറയാനുണ്ടാവും. ഗുജറാത്തിലെ രാഷ്ട്രീയ നേതാക്കൾക്ക് ബിസിനസ് ഉണ്ടാവും അല്ലെങ്കിൽ ബിസിനസ് താൽപര്യങ്ങളുണ്ടാവും. അത് സംരക്ഷിക്കുന്നതിനും തീരുമാനങ്ങളെടുക്കുന്നതിനും ഡീലുകളുണ്ടാക്കുന്നതിനും അധികാരം വേണം. ഇന്നത്തെക്കാലത്ത് അധികാരത്തിൻ്റെ പക്ഷത്തല്ലെങ്കിൽ ബിസിനസ് നടത്തിക്കൊണ്ടുപോവുക എന്നത് നടക്കുന്ന കാര്യമല്ല” എന്നാണ്. മാത്രവുമല്ല പാർട്ടി വിട്ടുപോയതും, നിലനിൽക്കുന്നതുമായ കോൺഗ്രസ് നേതാക്കളും അണികളും നിലവിലുള്ള നേതൃത്വത്തിൽ തൃപ്തരല്ല. ദിശാബോധമില്ലാത്ത, നേതൃപാടവമില്ലാത്ത ഹൈക്കമാൻഡും നേതൃത്വവുമാണ് കോൺഗ്രസിനുള്ളതെന്നാണ് അവരുടെ ആരോപണം. സംസ്ഥാന നേതാക്കളുമായി ഹൈക്കമാൻഡ് സംസാരിച്ചിട്ടുപോലും വർഷങ്ങളായെന്നും ഇവർ പറയുന്നു.
ഗുജറാത്തിൽ കോൺഗ്രസ് ശിഥിലമായിക്കൊണ്ടിരിക്കുമ്പോൾ ദിനംപ്രതി നേട്ടം കൊയ്യുന്നത് ബിജെപിയാണ്. 1995 ന് മുതൽ തുടർച്ചയായി ഏഴുപ്രാവശ്യവും അധികാരത്തിലെത്തിയത് ബിജെപിയാണ്. ആകെയുള്ള എട്ടു കോർപ്പറേഷനുകളിലും ബിജെപിയാണ്. ഭൂരിഭാഗം മുൻസിപ്പാലിറ്റികളും പഞ്ചായത്തുകളും സഹകരണസംഘങ്ങളും ഭരിക്കുന്നതും ബിജെപിയാണ്. 2019ൽ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിലും കോൺഗ്രസിന് നിലംതൊടാനായില്ല. 63 ശതമാനം വോട്ടുവിഹിതത്തോടെ 26 സീറ്റുകളിലും ബിജെപിയുടെ സ്ഥാനാർഥികൾ വിജയിച്ചു.
ഗുജറാത്തിൽ കോൺഗ്രസിന് ഇനിയൊരു തിരിച്ചുവരവ് അപ്രാപ്യമാക്കുന്ന വിധത്തിലുള്ള രാഷ്ട്രീയപ്രവർത്തനങ്ങളാണ് ബിജെപി നടത്തുന്നത്. എന്നാൽ ഭരണവീഴ്ചകളെ ചൂണ്ടിക്കാണിക്കാൻ പ്രാപ്തിയുള്ള പ്രതിപക്ഷത്തിൻ്റെ അഭാവം പ്രകടമാണ്. ഏറ്റവും അടിസ്ഥാന കാര്യങ്ങളായ പോഷകാഹാരക്കുറവ്, വിദ്യാഭ്യാസ ഗുണനിലവാരം, ആശുപത്രികളിൽ പോലും ഒഴിവുകൾ നികത്താത്തത് തുടങ്ങി സാധാരണക്കാരെ ബാധിക്കുന്ന പ്രശ്നങ്ങൾ ഉന്നയിക്കപ്പെടാതെ പോകുന്നുണ്ട്. ഇത്തരം കാര്യങ്ങളിൽ പ്രതികരിക്കാൻ പേരിനുപോലും പ്രതിപക്ഷമില്ലാത്ത തരത്തിലാണ് ‘പ്രതിപക്ഷ മുക്ത ഗുജറാത്ത്’ എന്ന ആശയം നടപ്പിലാക്കുന്നത്. ഏതൊരു ഭരണകൂടത്തെയും ശരിയായ ദിശയിലേക്ക് നയിക്കുന്നതിൽ പ്രതിപ്കഷത്തിൻ്റെ പങ്ക് വലുതാണ്. എന്നാൽ പ്രതിപക്ഷം ഇല്ലാതായിക്കൊണ്ടിരിക്കുന്ന ഗുജറാത്ത് മോഡൽ ജനാധിപത്യത്തിന് ഭൂഷണമല്ല.