മൂന്നാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍: മൂന്നാംഘട്ട പൂര്‍ത്തീകരണം ഉദ്ഘാടനം 14ന്
മൂന്നാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍: മൂന്നാംഘട്ട പൂര്‍ത്തീകരണം ഉദ്ഘാടനം 14ന്
ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന്റെ കീഴിലുള്ള മൂന്നാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്റെ മൂന്നാംഘട്ട നിര്‍മാണ പൂര്‍ത്തീകരണത്തിന്റെയും മുതിരപ്പുഴയോര സൗന്ദര്യവല്‍ക്കരണ പദ്ധതിയുടെയും ഉദ്ഘാടനം മാര്‍ച്ച് 14 ന് വ്യാഴാഴ്ച പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിര്‍വഹിക്കും.
വൈകിട്ട് 4 മണിക്ക് ഡി റ്റി പി സി ഓഫീസിന് സമീപം നടക്കുന്ന പരിപാടിയില്‍ ദേവികുളം എം.എല്‍.എ എ. രാജ അധ്യക്ഷത വഹിക്കും.
കുട്ടികള്‍ക്കുള്ള കളിസ്ഥലം, ചെസ്‌കോര്‍ട്ട്, സ്‌നേക്ക് ലാഡര്‍, നടപ്പാത, ബോട്ട് ജെട്ടി വൈദ്യുതീകരണം എന്നിവയാണ് ബൊട്ടാണിക്കല്‍ ഗാര്‍ഡന്റെ മൂന്നാഘട്ട നിര്‍മ്മാണത്തില്‍ പൂര്‍ത്തീകരിച്ചിരിക്കുന്നത്. പഴയ മുന്നാറില്‍ സ്ഥിതിചെയ്യുന്ന ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ ഓഫീസിന്റെ പുറകിലുള്ള മുതിരപ്പുഴയോര സൗന്ദര്യവല്‍ക്കരണ പദ്ധതിയില്‍ കുട്ടികളുടെ പാര്‍ക്ക്, ഇരിപ്പിടങ്ങള്‍, ലൈറ്റിംഗ് തുടങ്ങിയവ സജ്ജമാക്കിയിട്ടുണ്ട്. അഡ്വ. ഡീന്‍ കുര്യാക്കോസ് എം പി മുഖ്യപ്രഭാഷണം നടത്തും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി ബിനു, ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജ്, വിനോദസഞ്ചാര വകുപ്പ് സെക്രട്ടറി ബിജു. കെ, വിനോദസഞ്ചാര വകുപ്പ് ഡയറക്ടര്‍ പി. ബി നൂഹ്, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, വകുപ്പ് ജീവനക്കാര്‍, വിവിധ രാഷ്ട്രീയ സാമൂഹിക പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുക്കും.