ഭക്ഷ്യധാന്യകിറ്റിന്റെ ഗുണനിലവാരം: വിശദീകരണം തേടി ഏലപ്പാറ പഞ്ചായത്ത്
ഏലപ്പാറ : കുടുംബശ്രീ വഴി വിതരണം ചെയ്ത ഭക്ഷ്യധാന്യകിറ്റിന്റെ ഗുണനിലവാരത്തെ ചൊല്ലി ഉയർന്ന പരാതിയിൽ പഞ്ചായത്ത് ഭരണ സമിതി വിശദീകരണം തേടി. കിറ്റിൽ വിതരണം ചെയ്ത സാധനങ്ങളുടെ ഗുണനിലവാരത്തെക്കുറിച്ച് സമൂഹ മാധ്യമങ്ങളിൽ പരാതി ഉയർന്നതിനെ തുടർന്നാണ് നടപടി.
അഗതി കേരളം പദ്ധതി പ്രകാരം കുടുംബശ്രീ പ്രവർത്തകർ വീടുകളിൽ എത്തിച്ചുനല്‍കിയ കിറ്റുകളെക്കുറിച്ചാണ് പരാതി ഉയർന്നത്. പച്ചക്കറികൾ ഉപയോഗശൂന്യമായതാണ് പരാതിക്ക് കാരണമായത്. 400 രൂപയുടെ പലവ്യഞ്ജനങ്ങളും 200 രൂപയുടെ പച്ചക്കറികളും അടങ്ങുന്നതാണ് കിറ്റ്. ഏലപ്പാറ പഞ്ചായത്തിൽ 256 കുടുംബങ്ങളാണ് പദ്ധതിയുടെ ഗുണഭോക്താക്കളായുള്ളത്.
ഒരുകിലോ പഞ്ചസാര, 250 ഗ്രാം പരിപ്പ്, 250 ഗ്രാം കടല, 250 ഗ്രാം തേയില, അരക്കിലോ റവ, ചിക്കൻ മസാല, വെളിച്ചെണ്ണ, സോപ്പ് തുടങ്ങിയ പലവ്യഞ്ജനങ്ങൾ മാവേലി സ്റ്റോറുകളിൽനിന്നാണ് വാങ്ങുന്നത്. പച്ചക്കറി പ്രാദേശികമായി ശേഖരിക്കുകയാണ് ചെയ്യുന്നത്.
കുടുംബശ്രീയുടെ നേതൃത്വത്തിലാണ് ഇവ വിതരണം ചെയ്യുന്നത്. ഇത്തവണ വിതരണം ചെയ്ത ബീറ്റ്റൂട്ട്, സവാള, പച്ചഏത്തയ്ക്ക, ഉരുളക്കിഴങ്ങ് എന്നിവ ഭക്ഷ്യയോഗ്യമല്ലെന്നാണ് പരാതി.
പരാതി അടിസ്ഥാനരഹിതമാണെന്ന് കുടുംബശ്രീ പ്രവർത്തകർ പറയുന്നു. പഞ്ചായത്തിലെ 17 വാർഡുകളിലും കിറ്റുകളെത്തിച്ചു. ഒരുവാർഡിൽനിന്നുമാത്രമാണ് പരാതിയുള്ളത്. പരാതി സംബന്ധിച്ച് വിശദീകരണം പഞ്ചായത്ത് ഭരണസമിതിക്ക് നൽകിയതായും കുടുംബശ്രീ അധ്യക്ഷ റഷീദ പറഞ്ഞു.
പരാതികൾക്ക് ഇടനൽകാതെ ഇനിമുതൽ വിതരണം ചെയ്യുന്ന കിറ്റുകളിൽ ഗുണനിലവാരമുള്ള സാമഗ്രികൾ മാത്രമേ വിതരണം ചെയ്യാവൂ എന്ന് കുടുംബശ്രീയോട് ആവശ്യപ്പെട്ടതായി പഞ്ചായത്ത് പ്രസിഡൻറ് എസ്.നിത്യ പറഞ്ഞു.