കൊലപാതകം നടത്തിയതിന് ശേഷം വാഴത്തോട്ടത്തിൽ ഒളിച്ചിരുന്ന അക്രമി സംഘവും പൊലീസുമായി നടന്ന ഏറ്റുമുട്ടലിൽ വെടിയേറ്റ് ചികിത്സയിലായിരുന്ന പ്രതി മരിച്ചു
കൊലപാതകം നടത്തിയതിന് ശേഷം വാഴത്തോട്ടത്തിൽ ഒളിച്ചിരുന്ന അക്രമി സംഘവും പൊലീസുമായി നടന്ന ഏറ്റുമുട്ടലിൽ വെടിയേറ്റ് ചികിത്സയിലായിരുന്ന പ്രതി മരിച്ചു.
തെന്തിരുപ്പാവനം സ്വദേശി പേച്ചിത്തുറൈ (23) ആണ് മരിച്ചത്.പൊലീസിനെ കണ്ട് ഓടി രക്ഷപ്പെടുന്നതിനിടയിൽ ഇയാൾക്കൊപ്പമുണ്ടായിരുന്ന ചന്തുരുവിന് (23) വീണ് പരിക്കേറ്റു. ഇയാൾ പൊലീസ് കസ്റ്റഡിയിൽ ചികിത്സയിലാണ്.
കഴിഞ്ഞ 7 ന് വേളാങ്കുഖി സുഡലൈ ക്ഷേത്രത്തിന് സമീപം റോഡ് പണിയിൽ ഏർപ്പെട്ടിരിക്കുകയായിരുന്ന തൊഴിലാളികളുമായി മരിച്ച പാച്ചിത്തുറൈയും ചന്തുരുവും വാക്കേറ്റത്തിൽ ഏർപ്പെടുകയും ഒരു തൊഴിലാളിയെ വെട്ടി പരിക്കേൽപ്പിക്കുകയുമായിരുന്നു.
ഗുരുതരമായി പരിക്കേറ്റ തൊഴിലാളി തൽക്ഷണം മരിച്ചു. പിന്നീട് ഇതുവഴി വരികയായിരുന്ന സർക്കാർ ബസ് തടയുകയും ചില്ലുകൾ തകർക്കുകയും ചെയ്തു. വിവരമറിഞ്ഞ് വീരവനല്ലൂർ പൊലീസ് സ്ഥലത്തെത്തി.
പൊലീസിനെ കണ്ടതോടെ അക്രമികൾ ഓടി രക്ഷപ്പെട്ടു. ഇവരെ പിന്തുടർന്നെത്തിയ വീരനല്ലൂർ പൊലീസ് സംഘത്തെ അക്രമിച്ചതിന് ശേഷം ഇരുവരും ബൈക്കിൽ രക്ഷപ്പെട്ടു. പിന്നീട്, ഇരുവരും അംബാസമുദ്രത്തിന് സമീപമുള്ള വാഴത്തോട്ടത്തിൽ കയറി ഒളിച്ചിരുന്നു.വിവരമറിഞ്ഞ് കൂടുതൽ പൊലീസ് സ്ഥലത്ത് എത്തി.പൊലീസ് സംഘം വാഴത്തോട്ടത്തിൽ പ്രവിശേച്ചതോടെ വീണ്ടും സംഘർഷമുണ്ടായി. തുടർന്ന് പൊലീസ് വെടിയുതിർക്കുകയും
പേച്ചിത്തുറൈ കാലിന് പരിക്കേൽക്കുകയും ചെയ്തു.
തുടർന്ന് തിരുന്നൽവേലി സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന പേച്ചിത്തുറൈ ഇന്ന് മരണപ്പെടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇരുവരും നിരവധി ക്രിമിനൽ കേസിൽ പ്രതികളാണെന്നും പേച്ചിത്തുറൈ പത്തു ദിവസം മുമ്പാണ് ജയിൽ മോചിതനായതെന്നും പൊലീസ് പറഞ്ഞു.മുൻകരുതലിൻ്റെ ഭാഗമായി പ്രദേശത്ത് പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.