ശബരി റെയില്‍ യാഥാര്‍ത്ഥ്യമാക്കും- അഡ്വ: ജോയ്സ് ജോര്‍ജ്ജ്
പാര്‍ലമെന്‍റംഗമാകാന്‍ ഒരിക്കല്‍ കൂടി അവസരം ലഭിച്ചാല്‍ അങ്കമാലി- ശബരി റെയില്‍പാത യാഥാര്‍ത്ഥ്യമാക്കുമെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ. ജോയ്സ് ജോര്‍ജ്ജ് മൂവാറ്റുപുഴയില്‍ പറഞ്ഞു. മൂവാറ്റുപഴ അസംബ്ലി മണ്ഡലത്തിലെ വിവിധ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു ജോയ്സ് ജോര്‍ജ്ജ്. ആദ്യഘട്ടം എംപിയായിരുന്നപ്പോള്‍ ശബരി റെയില്‍ പദ്ധതിക്കായി പാര്‍ലമെന്‍റിനകത്ത് നിരന്തരമായി പോരാടുകയും പുറത്ത് ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുകയും ചെയ്തു. അക്കാലയളവില്‍ കേന്ദ്ര നിര്‍ദ്ദേശാനുസരണം പദ്ധതി ചെലവിന്‍റെ പകുതി വഹിക്കുന്നതിന് സംസ്ഥാന സര്‍ക്കാരിനെക്കൊണ്ട് തീരുമാനം എടുപ്പിക്കുന്നതിന് സാധിച്ചു. സംസ്ഥാന സര്‍ക്കാര്‍ സ്പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍ കമ്പനി രൂപീകരിച്ച് പദ്ധതി ചെലവിനുള്ള ഫണ്ട് സമാഹരിക്കുന്നതിന് തീരുമാനിച്ചിരുന്നു. കേന്ദ്ര വിഹിതമായി 3 ബഡ്ജറ്റുകളിലായി 600 കോടി രൂപ വകയിരുത്തുന്നതിനും അക്കാലയളവില്‍ സാധിച്ചിരുന്നു. പതിറ്റാണ്ടുകളിലായി പദ്ധതി മുടങ്ങിയതിലൂടെ പ്രതിസന്ധിയിലായ സ്ഥലം ഏറ്റെടുക്കപ്പെട്ടവരുടെ പ്രശ്നങ്ങള്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ശ്രദ്ധയില്‍പ്പെടുത്തുന്നതിനായി കരിങ്കുന്നം മുതല്‍ കാലടി വരെ കാല്‍നട ജാഥ സംഘടിപ്പിച്ചതും ജോയ്സ് ജോര്‍ജ്ജ് അനുസ്മരിപ്പിച്ചു. അങ്കമാലിയില്‍ നിന്നും ശബരിമലയിലേക്ക് തീവണ്ടി ഗതാഗതം എത്തുകയും ശബരിമല വിമാനത്താവളം യാഥാര്‍ത്ഥ്യമാകുകയും ചെയ്യുന്നതോടെ ഇടുക്കി ജില്ലയ്ക്ക് വികസന രംഗത്ത് ബഹുദൂരം മുന്നോട്ട് പോകുന്നതിന് കഴിയുമെന്ന് ജോയ്സ് ജോര്‍ജ്ജ് പറഞ്ഞു.
രാവിലെ 7 ന് കടവൂരില്‍ നിന്നാണ് ജോയ്സ് ജോര്‍ജ്ജിന്‍റെ മൂവാറ്റുപുഴയിലെ പര്യടനത്തിന് തുടക്കമായത്. തുടര്‍ന്ന് പൈങ്ങോടൂര്‍, പോത്താനിക്കാട്, കാലാമ്പൂര്‍, ആയവന, കല്ലൂര്‍ക്കാട് എന്നിവിടങ്ങളില്‍ പര്യടനം പൂര്‍ത്തിയാക്കി വാഴക്കുളത്ത് സമാപിച്ചു. വൈകിട്ട് 5 ന് ചാലിക്കടവ് പാലം ജംഗ്ഷനില്‍ നിന്നും ആയിരക്കണക്കിന് ആളുകള്‍ പങ്കെടുത്ത റോഡ്ഷോയും നടന്നു.
ജോയ്സ് ജോര്‍ജ്ജ് ഇന്ന് ഇടുക്കിയിലും നാളെ ഉടുമ്പന്‍ചോലയിലും
ചെറുതോണി: എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ. ജോയ്സ് ജോര്‍ജ്ജ് ചൊവ്വാഴ്ച ഇടുക്കി മണ്ഡലത്തില്‍ പര്യടനം നടത്തും. കഞ്ഞിക്കുഴി പഞ്ചായത്ത്, കാഞ്ചിയാര്‍ പഞ്ചായത്ത്, കട്ടപ്പന മുനിസിപ്പാലിറ്റി എന്നിവിടങ്ങളിലാണ് പര്യടനം. ഉച്ചയ്ക്ക് 2 ന് വെണ്‍മണിയില്‍ നിന്ന് ആരംഭിച്ച് വൈകിട്ട് 6 ന് കട്ടപ്പന ടൗണ്‍ റോഡ്ഷോയോടുകൂടി അവസാനിക്കും.
ബുധനാഴ്ച ഉടുമ്പന്‍ചോല മണ്ഡലത്തിലെ വോട്ടര്‍മാരെ നേരില്‍കാണും.