വിഷമിക്കേണ്ട….വനിതകളേ സര്‍ക്കാരുകള്‍ ഒപ്പമുണ്ട്


സമൂഹത്തില്‍ സമൂഹത്തില്‍ വിവിധ പ്രശ്നങ്ങള്‍ നേരിടുന്ന സ്ത്രീകള്‍ക്ക് ആശ്വാസം നല്കാന്‍ വിവിധ പദ്ധതികളാണ് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ആവിഷ്‌കരിച്ചിരിക്കുന്നത്.
സമൂഹത്തില്‍ വിവിധ പ്രശ്നങ്ങള്‍ നേരിടുന്ന സ്ത്രീകള്‍ക്ക് സ്വന്തം വീട്ടില്‍ ഇരുന്നു കൊണ്ട് തന്നെ ആവശ്യമായ കൗണ്‍സലിങ്, നിയമ സഹായം , പോലീസ് സഹായം എന്നിവ ഓണ്‍ലൈനായി ലഭ്യമാക്കാന്‍ വനിതാ ശിശു വികസന വകുപ്പ് മുഖേന നടപ്പിലാക്കുന്ന പദ്ധതിയാണ് കാതോര്‍ത്ത്.
കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തെ തുടര്‍ന്ന് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ അതിക്രമങ്ങള്‍ വര്‍ധിച്ചു വരുന്നതായുള്ള റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ വനിത ശിശു വികസന ഓഫീസ് മുഖേന ഈ പദ്ധതി നടപ്പാക്കുന്നത്. ഇതിന്റെ ഭാഗമായി മഹിള ശക്തി കേന്ദ്രയുടെ കീഴില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായുള്ള ജില്ലാ തല വിഭവ കേന്ദ്രത്തിന്റെ പ്രവര്‍ത്തനവും ആരംഭിച്ചിട്ടുണ്ട്. ഈ കേന്ദ്രത്തിന്റെ മേല്‍ നോട്ടത്തിലാണ് കാതോര്‍ത്ത് പദ്ധതി നടപ്പിലാക്കിയിട്ടുള്ളത്. kathorthu.wcd.kerala.gov.in എന്ന പോര്‍ട്ടല്‍ വഴിയാണ് സേവനം ലഭ്യമാക്കുന്നത്. രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് ആവശ്യാനുസരണം ഒരു സേവനമോ ഒന്നിലധികം സേവനങ്ങളോ 48 മണിക്കൂറിനുള്ളില്‍ ലഭ്യമാക്കും.
ഗ്രാമീണ വനിതകള്‍ക്ക് തൊഴില്‍ നൈപുണ്യ പരിശീലനം, സാങ്കേതിക പരിജ്ഞാനം, പോഷക ആഹാര ആരോഗ്യ പദ്ധതി എന്നീ സേവനങ്ങള്‍ ഒരേ ഉറവിടത്തില്‍ നിന്നും ലഭ്യമാക്കി വനിതകളെ ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന കേന്ദ്രാവിഷ്‌കൃത പദ്ധതിയാണ് മഹിള ശക്തി കേന്ദ്ര. കൂടുതല്‍ വിവരങ്ങള്‍ക്ക് 9400089619, [email protected].
ഗാര്‍ഹിക പീഡനം നേരിടുന്ന സ്ത്രീകള്‍ക്ക് തപാല്‍ ഓഫീസ് മുഖേന സൗജന്യ സേവനം ലഭ്യമാക്കുന്ന പദ്ധതിയാണ് രക്ഷാദൂത്. ഗാര്‍ഹിക പീഡന പരാതികളില്‍ ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍മാരും കുട്ടികള്‍ക്കെതിരെയുള്ള പരാതികളില്‍ ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍മാരും നടപടി സ്വീകരിക്കും. തപാല്‍ വകുപ്പുമായി ചേര്‍ന്ന് നടപ്പാക്കുന്ന രക്ഷാ ദൂത് പദ്ധതി പ്രകാരം, അതിക്രമം നേരിടുന്ന സ്ത്രീകള്‍ക്കോ കുട്ടികള്‍ക്കോ അല്ലങ്കില്‍ അവരുടെ പ്രതിനിധിക്കോ പോസ്റ്റ് ഓഫീസിലെത്തി പേര് വിവരങ്ങള്‍ രേഖപ്പെടുത്താതെ പരാതി നല്‍കാം. സ്ത്രീകള്‍ക്കോ അവരുടെ പ്രതിനിധിക്കോ പോസ്റ്റ് ഓഫീസില്‍ എത്തി 'തപാല്‍ ' എന്ന കോഡ് പറഞ്ഞ് പോസ്റ്റ് മാസ്റ്റര്‍ അല്ലങ്കില്‍ പോസ്റ്റ് മിസ്ട്രസ്സിന്റെ സഹായത്തോടെ പേപ്പറില്‍ സ്വന്തം മേല്‍ വിലാസമെഴുതി പിന്‍കോഡ് സഹിതം ലെറ്റര്‍ ബോക്സില്‍ ഇടാം. അല്ലങ്കില്‍ വെള്ള കടലാസില്‍ പൂര്‍ണ്ണ മേല്‍വിലാസം പിന്‍ കോഡ് സഹിതം എഴുതി പുറത്ത് തപാല്‍ എന്നെഴുതി ലെറ്റര്‍ ബോക്സില്‍ ഇടാവുന്നതാണ്.
ശൈശവ വിവാഹം തടയാന്‍ വനിതാ ശിശു വികസന വകുപ്പിന്റെ മറ്റൊരു പദ്ധതിയാണ് പൊന്‍വാക്ക്. ഇതനുസരിച്ച് ശൈശവ വിവാഹം മുന്‍കൂട്ടി ജില്ലാ വനിതാ ശിശു വികസന ഓഫീസില്‍ അറിയിക്കേണ്ടതാണ്. വിവരം അറിയിക്കുന്നവര്‍ക്ക് 2500 രൂപ പാരിതോഷികം ലഭിക്കും. കൂടാതെ അറിയിപ്പു നല്‍കുന്നവരുടെ വ്യക്തി വിവരങ്ങള്‍ ഒരു ഘട്ടത്തിലും വെളിപ്പെടുത്തുന്നതല്ല.