കട്ടപ്പന ഇരട്ടക്കൊലപാതകം; വീടിന്റെ തറ പൊളിച്ച് പരിശോധിക്കും; ദുരൂഹത നീക്കാൻ പൊലീസ്
ഇരട്ടകൊലപാതകം നടന്നുവെന്ന സംശയം; മോഷണ കേസിൽ റിമാൻഡിൽ കഴിയുന്ന പൂജാരി നിധീഷിനെ കസ്റ്റഡിയിൽ വാങ്ങാനുള്ള അപേക്ഷ ഇന്ന് കോടതി പരിഗണിക്കും
കട്ടപ്പന: ഗൃഹനാഥനെയും നവജാത ശിശുവിനെയും കൊന്ന് കുഴിച്ചുമൂടിയെന്ന സംശയത്തിൽ ഇന്ന് കൂടുതൽ പരിശോധന നടക്കുവാൻ സാധ്യത.കക്കാട്ടുകടയിലെ വീടിന്റെ തറ മാന്തിയാകും പരിശോധന നടത്തുക.മോഷണക്കേസിൽ അറസ്റ്റിലായ പ്രതികളെ കുറിച്ചുളള അന്വേഷണമാണ് ഇരട്ടകൊലപാതകം നടന്നുവെന്ന സംശയത്തിലേക്ക് പോലീസിനെ എത്തിച്ചിരിക്കുന്നത്.റിമാൻഡിൽ കഴിയുന്ന നിധീഷിനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുവാനാണ് പോലീസ് ശ്രമിക്കുന്നത്.ഇതിനായുള്ള അപേക്ഷ ഇന്ന് കോടതി അവധിയാണെങ്കിലും പ്രത്യേകമായി പരിഗണിക്കുമെന്നാണ് സൂചന.വിശദമായ ചോദ്യം ചെയ്യലിന് ശേഷം ഇയാളെ കക്കാട്ടുകടയിലെ വീട്ടിൽ എത്തിക്കും.തുടർന്നാകും വീടിന്റെ തറ ഉൾപ്പടെ മാന്തിയുള്ള പരിശോധന നടത്തുകയത്രെ.മോഷണം കേസിൽ അറസ്റ്റിലായ മറ്റൊരു പ്രതി വിഷ്ണു ജൂഡിഷ്യൽ കസ്റ്റഡിയിൽ കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.നിധീഷ്,വിഷ്ണു, വിഷ്ണുവിന്റെ മാതാവ്,സഹോദരി എന്നിവരാണ് കക്കാട്ടുകടയിലെ വാടക വീട്ടിൽ കഴിഞ്ഞിരുന്നത്.ഇവിടെ ആഭിചാര ക്രിയകൾ നടന്നതായി സംശയിക്കുന്ന തെളിവുകൾ പോലീസ് കണ്ടെടുത്തിട്ടുണ്ട്.വിഷ്ണുവിൻ്റെ പിതാവ് വിജയനെ കുറെ കാലമായി കാൺമാനില്ലായിരുന്നു.വിജയനെ കൊലപ്പെടുത്തി വീടിനുള്ളിൽ കുഴിച്ചു മൂടിയതായും അതിനും വർഷങ്ങൾക്ക് മുമ്പ് നവജാത ശിശുവിനെയും കൊലപ്പെടുത്തി ഇവർ മുൻപ് താമസിച്ചിരുന്ന വീടിനുള്ളിൽ കുഴിച്ചു മൂടിയതായാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം.വിഷ്ണുവിന്റെ സഹോദരിയാണ് ഈ വിവരങ്ങൾ വെളിപ്പെടുത്തിയത് എന്നാണ് സൂചന. എന്നാൽ ഈ കാര്യങ്ങളൊക്കെ പോലീസ് സ്ഥിരീകരിച്ചിട്ടില്ല.