ഏലം കാര്‍ഷിക പ്രതിസന്ധി: സര്‍ക്കാരുകള്‍ ഇടപെടണം: കര്‍ഷക യൂണിയന്‍


ചെറുതോണി: ഏലം കര്‍ഷകര്‍ നേരിടുന്ന ഗുരുതരമായ പ്രതിസന്ധികള്‍ പരിഹരിക്കുന്നതിന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തിരമായി ഇടപെടണമെന്ന് കേരളാ കോണ്‍ഗ്രസ് കര്‍ഷക യൂണിയന്‍ സംസ്ഥാന പ്രസിഡന്‍റ് വര്‍ഗീസ് വെട്ടിയാങ്കല്‍ ആവശ്യപ്പെട്ടു.
കഴിഞ്ഞവര്‍ഷം ഒരു കിലോ ഏലയ്ക്കായ്ക്ക് 3200 രൂപ മുതല്‍ 4000 രൂപവരെ വില ലഭിച്ചിരുന്നു. ഇപ്പോള്‍ 750 മുതല്‍ 1100 രൂപ വരെയായി വില കുറഞ്ഞിരിക്കുന്നു. ഒരു കിലോ ഏലം ഉല്‍പ്പാദനത്തിന് 800 മുതല്‍ 1000 രൂപ വരെ ചെലവ് വരുന്നുണ്ട്. വളങ്ങളുടെയും കീടനാശിനികളുടെയും വന്‍വില വര്‍ദ്ധനവ്, ഉണങ്ങുന്നതിനുള്ള ചാര്‍ജ്ജ്, വൈദ്യുതിചാര്‍ജ്ജ്, കൂലിച്ചെലവ് എന്നിവ വര്‍ദ്ധിച്ചിരിക്കുന്നു. കാലാവസ്ഥാ വ്യതിയാനവും രോഗബാധയും ഉല്‍പ്പാദനക്കുറവിന് കാരണമാകുന്നു. പ്രതീക്ഷകളോടെ ഏലം കൃഷിയിലേക്ക് കടന്നുവന്നവര്‍ നിരാശയിലായിരിക്കുന്നു. അതിനാല്‍ ഏലത്തിന് ഒരു കിലോയ്ക്ക് 2500 രൂപയെങ്കിലും ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കണം.
ഏലം കയറ്റുമതിക്കുള്ള നിബന്ധനകള്‍ ലളിതമാക്കാനും ആഭ്യന്തര ഉപയോഗം വര്‍ദ്ധിപ്പിക്കുവാനും കൂടുതല്‍ മൂല്യവര്‍ദ്ധിത ഉല്പന്നങ്ങള്‍ ഉണ്ടാക്കുവാനും നടപടികളുണ്ടാകണം.
കോവിഡ് മൂലം നിര്‍ത്തിവച്ചിരുന്ന ഏലയ്ക്കാലേലം പുനരാരംഭിക്കണം. കാര്‍ഡമം ബോര്‍ഡ് സ്പൈസസ് ബോര്‍ഡിന്‍റെ ഭാഗമാക്കിയെങ്കിലും കര്‍ഷകര്‍ക്ക് പ്രയോജനപ്പെടുന്നില്ല. അതിനാല്‍ കാര്‍ഡമം ബോര്‍ഡ് പുന:സ്ഥാപിക്കണം.
കേരളാകോണ്‍ഗ്രസ് പാര്‍ട്ടി വര്‍ഷങ്ങളായി ആവശ്യപ്പെട്ടിരുന്നതനുസരിച്ച് കര്‍ഷകരെയും വ്യാപാരികളെയും തരംതിരിച്ച് ലേലം നടത്തുവാനുള്ള തീരുമാനങ്ങളെ സ്വാഗതം ചെയ്യുന്നതായി വര്‍ഗീസ് വെട്ടിയാങ്കല്‍ പറഞ്ഞു. ഈയാവശ്യങ്ങളുന്നയിച്ച് നടത്തുന്ന സമരങ്ങള്‍ക്ക് തുടക്കം കുറിച്ച് 29-ന് പുറ്റടി സ്പൈസസ് പാര്‍ക്കിനുമുമ്പില്‍ കര്‍ഷകയൂണിയന്‍ നേതാക്കള്‍ ധര്‍ണ്ണ നടത്തുന്നതാണെന്നും സംസ്ഥാന പ്രസിഡന്‍റ് അറിയിച്ചു.