ഹരിത തിരഞ്ഞെടുപ്പ് പ്രചാരണ സന്ദേശവുമായി ശുചിത്വായനം പര്യടനം തുടങ്ങി
ഹരിത തിരഞ്ഞെടുപ്പ് പ്രചാരണ സന്ദേശവുമായി ശുചിത്വായനം പര്യടനം തുടങ്ങി
സമ്മതിദായകരെ ബോധവത്കരിക്കുന്നതിനും തിരഞ്ഞെടുപ്പ് പങ്കാളിത്തം വര്‍ധിപ്പിക്കുന്നതിനുമുള്ള തെരെഞ്ഞെടുപ്പ് കമ്മീഷന്‍ പദ്ധതി സ്വീപിന്റെ (സിസ്റ്റമാറ്റിക് വോട്ടര്‍ എജ്യുക്കേഷന്‍ ആന്റ് ഇലക്ടറല്‍ പാര്‍ട്ടിസിപ്പേഷന്‍) ഭാഗമായി ജില്ലയില്‍ വിവിധ പ്രചാരണ പരിപാടികള്‍ സംഘടിപ്പിച്ചു. ഹരിത തിരഞ്ഞെടുപ്പ് പ്രചാരണ കാമ്പയ്ന്റെ ഭാഗമായി സജ്ജമാക്കിയ ‘ശുചിത്വായനം’ പ്രചാരണവാഹനം കളക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ്കൗള്‍ ഫ്ളാഗ് ഓഫ് ചെയ്തു. തിരഞ്ഞെടുപ്പില്‍ ഹരിതചട്ടം പാലിക്കേണ്ടതിന്റെ പ്രാധാന്യം, അതിന് പാലിക്കേണ്ട നടപടിക്രമങ്ങള്‍, ഹരിതചട്ടം ലംഘിച്ചാലുണ്ടാകുന്ന ശിക്ഷാനടപടികള്‍ തുടങ്ങിയവ പ്രചരിപ്പിക്കുന്ന ശുചിത്വായന വാഹനം ജില്ലയിലെ 52 പഞ്ചായത്തുകളിലും രണ്ട് മുനിസിപ്പാലിറ്റികളിലും പര്യടനം നടത്തും. 18 ദിവസം നീളുന്ന പര്യടനത്തില്‍ ജില്ലയിലെ 5-6 ലക്ഷം ജനങ്ങളില്‍ ഹരിത തിരഞ്ഞെടുപ്പ് സന്ദേശം എത്തിക്കും.
തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ കൂടുതല്‍ ജനപങ്കാളിത്തം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ സ്വീപ് പദ്ധതിയുടെ ഭാഗമായി ജില്ലാ കളക്ടറേറ്റില്‍ സിഗ്‌നേച്ചര്‍ വാള്‍ സ്ഥാപിച്ചു. ‘സമ്മതിദാനം വിനിയോഗിക്കുന്നത് പോലെ മറ്റൊന്നുമില്ല, ഞാന്‍ ഉറപ്പായും വോട്ട് ചെയ്യും’ എന്ന സമ്മതിദാന ദിന സന്ദേശമുയര്‍ത്തി സ്ഥാപിച്ച സിഗ്‌നേച്ചര്‍ വാളില്‍ ആദ്യ ഒപ്പുചാര്‍ത്തി സംസ്ഥാന മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ വാള്‍ ഉദ്ഘാടനം ചെയ്തു. വോട്ട് ചെയ്യാനുള്ള സന്നദ്ധത അറിയിച്ച് ആര്‍ക്കും വാളില്‍ ഒപ്പുചാര്‍ത്താം.
തിരഞ്ഞെടപ്പ് ബോധവത്കരണവും വനിതാ ദിനവും പ്രമാണിച്ച് ജില്ലയിലെ ദുര്‍ഘട പ്രദേശങ്ങളില്‍ ജോലി ചെയ്യുന്ന മൂന്ന് വനിത ബിഎല്‍ഒ മോരുടെ ജീവിതം അടിസ്ഥാനമാക്കി തയ്യാറാക്കിയ ഡോക്യുമെന്ററി- ഹെര്‍സ്റ്റോറി ഓഫ് ഇലക്ഷന്‍ പ്രകാശനവും കളക്ടറേറ്റില്‍ നടന്നു. 10 മിനുട്ടില്‍ താഴെ ദൈര്‍ഘ്യമുള്ള ഡോക്യുമെന്ററി കളക്ടറുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ്കൗള്‍ പ്രകാശനം ചെയ്തു. മറയൂര്‍, അടിമാലി, മൂന്നാര്‍ പ്രദേശങ്ങളില്‍ ബൂത്ത് തല ഓഫീസര്‍മാരായി പ്രവര്‍ത്തിക്കുന്ന രാജകുമാരി, ജയന്തി, ഷിജി എന്നിവരുടെ ജീവിതമാണ് ഡോക്യുമെന്ററിയുടെ ഉള്ളടക്കം. വരുംദിവസങ്ങളില്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ ഡോക്യുമെന്റെറി പ്രചരിപ്പിക്കും. ഏത് ദുര്‍ഘട സാഹചര്യങ്ങളിലും ജോലി ചെയ്യാനുള്ള സ്ത്രീകളുടെ കഴിവും തിരഞ്ഞെടുപ്പ് പ്രക്രിയ സാധ്യമാക്കുന്നതില്‍ ആയിരക്കണക്കിന് സ്ത്രീകള്‍ വഹിക്കുന്ന പങ്കും ദൃശ്യവത്കരിക്കുന്നതാണ് ഡോക്യുമെന്ററിയെന്ന് സ്വീപ് നോഡല്‍ ഓഫീസര്‍ ലിപു പി ലോറന്‍സ് പറഞ്ഞു.