ഏലക്ക ലേലം പുനരാരംഭിക്കുന്നു;പുറ്റടിയിൽ ലേലം 28 ന്

കട്ടപ്പന : കോവിഡ് രണ്ടാംതരംഗത്തെ തുടർന്ന് നിലച്ച ഏലക്ക ലേലം മാനദണ്ഡങ്ങൾ പാലിച്ച് പുനരാരംഭിക്കാൻ തീരുമാനം. കർഷകരുടെ ദുരിതം കണക്കിലെടുത്ത് കലക്ടറുടെ പ്രത്യേക നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടിയുണ്ടായത്. പുതുക്കിയ മാർഗനിർദേശങ്ങളുടെ അടിസ്ഥാനത്തിലാകും ഇ- ലേലം പുനരാരംഭിക്കുക. ലേലത്തിൽ പങ്കെടുക്കാനാകുന്ന കച്ചവടക്കാരുടെ എണ്ണം 25 മാത്രമായിരിക്കും. പങ്കെടുക്കുന്നവർ ഏറ്റവും പുതിയതായി എടുത്ത ആർ.ടി.പി.സി.ആർ പരിശോധനാ ഫലമോ, രണ്ടാംഡോസ് കോവിഡ് വാക്സിൻ സ്വീകരിച്ചതിന്റെ രേഖകളോ നിർബന്ധമായും ഹാജരാക്കണം. കണ്ടെയ്‌ൻമെന്റ് പ്രദേശങ്ങളിൽനിന്നുള്ളവർക്ക് ലേലത്തിൽ പങ്കെടുക്കാൻ വിലക്കുണ്ട്. ഇവ ലേലകേന്ദ്രങ്ങൾ ഉറപ്പുവരുത്തണമെന്നും നിർദേശമുണ്ട്. പുറ്റടി സ്‌പൈസസ് പാർക്കിലും തമിഴ്നാട്ടിലെ ബോഡിനായ്‌ക്കന്നൂരിലും ലേലം പുനരാരംഭിക്കും. ഒന്നിടവിട്ട ദിവസങ്ങളിലാകും രണ്ടിടത്തും ലേലം നടക്കുക. നാളെ ബോഡിനായ്‌ക്കന്നൂരിലാകും ആദ്യലേലം. സൗത്ത് ഇന്ത്യൻ ഗ്രീൻ കാർഡമം കമ്പനി ലിമിറ്റഡും ഗ്രീൻ കാർഡമം കമ്പനി പ്രൈവറ്റ് ലിമിറ്റഡും പങ്കെടുക്കും. പുറ്റടിയിൽ 28നാണ് ആദ്യലേലം. കാർഡമം പ്ലാന്റേഴ്സ് മാർക്കറ്റിങ് കോ -ഓപ്പറേറ്റീവ് സൊസൈറ്റിയുടെയും പ്ലാന്റേഴ്സ് അസോസിയേഷനുമാണ് നടത്തിപ്പുകാർ. ലേലം പുനരാരംഭിക്കുന്നതോടെ കൂപ്പുകുത്തിയിരുന്ന ഏലം വിലയിൽ കുതിപ്പുണ്ടാകുമെന്ന പ്രതീക്ഷയിലാണ് കർഷകർ.