‘മൂന്ന് വർഷമായി ഓഫറുണ്ട്, പത്മജയെ കോൺഗ്രസുകാർ തോൽപിച്ചു’; ഭർത്താവ് ഡോ.വി വേണുഗോപാൽ
പത്മജ വേണുഗോപാലിന്റെ ബിജെപി പ്രവേശനം അവഗണനയിൽ മനംമടുത്താണെന്ന് ഭർത്താവ് ഡോക്ടർ വി വേണുഗോപാൽ. മൂന്ന് വർഷമായി ഓഫറുണ്ട്. കേരളത്തിലെ നേതാക്കൾ അല്ല ബന്ധപ്പെട്ടത്, ഡൽഹിയിൽ നിന്ന് നേരിട്ടാണ് പത്മജയെ ബന്ധപ്പെട്ടതെന്ന് അദ്ദേഹം പറഞ്ഞു. ഇഡിയുടെ ഭീഷണിയെ തുടർന്നാണെന്ന ആരോപണങ്ങൾ അടിസ്ഥാന രഹിതമാണ്. തൃശൂരിൽ പദ്മജയെ കോൺഗ്രസുകാർ തോൽപിച്ചുവെന്നും കൂട്ടത്തിൽ നിന്നവർ ചതിച്ചുവെന്നും അദ്ദേഹം പറഞ്ഞു. പത്മജയുടെ ബിജെപി പ്രവേശത്തെ ചൊല്ലി കോണ്‍ഗ്രസില്‍ നിന്ന് ശക്തമായ പ്രതിഷേധം ഉയരുന്നതിനിടെയാണ് ഭർത്താവ് വേണുഗോപാലിന്റെ പ്രതികരണം.
അതിനിടെ സഹോദരി പത്മജ വേണുഗോപാലിന്റെ ബിജെപി പ്രവേശനം ചതിയെന്ന് കെ മുരളീധരൻ ആരോപിച്ചു. പത്മജയുടെ ബിജെപി പ്രവേശനം ദൗർഭാഗ്യകരം. ബിജെപിക്ക് പത്മജയെ കൊണ്ട് കാൽ കാശിന്റെ ഗുണമുണ്ടാകില്ലെന്ന് കെ മുരളീധരൻ. കെ കരുണാകരന്റെ ആത്മാവ് പൊറുക്കില്ല. പത്മജയുമായി ഇനി ഒരു ബന്ധവുമില്ല. പത്മജയ്ക്ക് കോൺഗ്രസ് എന്നും പരിഗണന നൽകി.
തെരെഞ്ഞെടുപ്പ് അടുക്കുമ്പോൾ ഇത് ചെയ്‌തത് മോശം. കാലുവാരിയാൽ തോൽക്കാറില്ല. ആരോപണങ്ങൾക്ക് അടിസ്ഥാനമില്ല. പിതാക്കളുടെ കഷ്ടപ്പാട് അറിയാത്ത മക്കൾ ചതി ചെയ്യും.ED എന്റെ അടുത്ത് വന്നില്ല. എനിക്ക് ആരെയും പേടി ഇല്ല.വടകരയിൽ ഈ പരിപ്പ് വേവില്ല.പാർട്ടി പറഞാൽ താൻ മത്സരിക്കും. പത്മജയുമായി ഇനി ഒരു ബന്ധവും ഇല്ലെന്നും കെ മുരളീധരൻ വ്യക്തമാക്കി.
മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന ലീഡർ കെ.കരുണാകരന്റെ മകളുടെ ബിജെപി പ്രവേശനം കോൺഗ്രസിന് വലിയ തിരിച്ചടിയാണ് ഉണ്ടാക്കിയിരിക്കുന്നത്.
തുടർച്ചയായി കോൺഗ്രസ് പാർട്ടി നേതൃത്വത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായ അവഗണനയും കോൺഗ്രസ് നിലപാടുകളിൽ വന്ന മാറ്റവുമാണ് പത്മജ വേണുഗോപാലിനെ ബിജെപിയുടെ പാതയിലേയ്‌ക്ക് എത്തിച്ചതെന്നാണ് വിവരം.