രാത്രികാലത്തു കഴിയാൻ വീടിനു മുകളിൽ കുടിൽ; ജീവൻ നിലനിർത്താൻ സ്വയം പ്രതിരോധം
വന്യമൃഗങ്ങൾ നാട്ടിലെത്തി മനുഷ്യൻ്റെ ജീവനെടുക്കുമ്പോഴും ഭീകരാന്തരീക്ഷം സൃഷ്‌ടിക്കുമ്പോഴും ശക്‌തമായ പ്രതിരോധ നടപടികൾ സ്വീകരിക്കാതെ അധികൃതർ മൗനം തുടരുന്നു. നടപ്പിലാക്കിയ പദ്ധതികളാകട്ടെ തുടക്കത്തിലേ പാളി. വന്യമൃഗങ്ങൾ നാട്ടിലിറങ്ങുമ്പോൾ വനംവകുപ്പ് ഉദ്യോഗസ്‌ഥർ സ്‌ഥലത്തെത്തി ശാശ്വത പരിഹാരം കാണാമെന്ന് ഉറപ്പു നൽകി മടങ്ങും. പിന്നീട് തിരിഞ്ഞുനോക്കില്ലെന്നു നാട്ടുകാർ പറയുന്നു. അതിനാൽ, വന്യമൃഗങ്ങളിൽനിന്ന് തങ്ങളുടെ ജീവനും കൃഷിയും സംരക്ഷിക്കാൻ സ്വന്തമായി പലവിധ മാർഗങ്ങൾ തേടേണ്ട അവസ്‌ഥയിലാണ് ജനം.
രാത്രികാലത്തു കഴിയാൻ വീടിനു മുകളിൽ കുടിൽ
ചിന്നക്കനാൽ 301 കോളനിയിൽ കാട്ടാനകളെ ഭയന്നു വീടിനു മുകളിൽ കുടിൽ നിർമിച്ചാണ് ആളുകൾ രാത്രി കഴിയുന്നത്. വീടിനു ചുറ്റും കിടങ്ങുണ്ടെങ്കിലും കാട്ടാന ആക്രമിക്കാനുള്ള സാധ്യതയുണ്ടെന്നു നാട്ടുകാർ പറയുന്നു. അതിനാലാണ് രാത്രി വീടിനു മുകളിൽ നിർമിച്ച കുടിലുകളിൽ താമസിക്കുന്നത്.
സ്വന്തം ചെലവിൽ സോളർവേലി നിർമിച്ച് ഗ്രാമീണർ
വന്യമൃഗങ്ങളിൽനിന്നു കൃഷി സംരക്ഷിക്കാൻ സ്വന്തമായി പണംമുടക്കി 6 കിലോമീറ്റർ സോളർ വേലി നിർമിച്ചു ഗ്രാമീണർ. കീഴാന്തൂർ ഗ്രാമത്തിലെ കർഷകരാണ് പിരിവെടുത്തു വേലി നിർമിച്ചത്. കാരയൂർ ചന്ദന റിസർവിനോട് ചേർന്ന് കിടക്കുന്ന അതിർത്തി മുതൽ ശിവൻപന്തി കീഴാന്തൂർ വരെയാണു വൈദ്യുതവേലി നിർമിച്ചിരിക്കുന്നത്. ഇരുനൂറ്റിയൻപതോളം കുടുംബങ്ങൾ ഉള്ള കീഴാന്തൂർ ഗ്രാമത്തിൽ ഊരുകൂട്ടത്തിന്റെ തീരുമാനമനുസരിച്ച് ഒരു ദിവസം 30 പേർ അടങ്ങുന്ന സംഘമാണ് നിർമാണ ജോലിയിൽ ഏർപ്പെട്ടത്. നാലുലക്ഷത്തോളം രൂപയാണ് ആകെ ചെലവ്. കൃഷിമാത്രമാണ് ഇവരുടെ ഉപജീവനമാർഗം. വന്യമൃഗശല്യം വർധിച്ചുവരുന്ന സാഹചര്യത്തിൽ, കൃഷിയിടത്തിലേക്ക് കാട്ടാനകൾ കടക്കാതിരിക്കാൻ രാത്രിയിൽ ഗ്രാമത്തിൽനിന്ന് ഓരോ സംഘം തിരിഞ്ഞു കാവൽ നിൽക്കാനും തീരുമാനിച്ചിട്ടുണ്ട്.