‘കവി ടി.പി.വിനോദിൻ്റെ പരിഭാഷ സ്വന്തം പേരിൽ പ്രസിദ്ധീകരിച്ചു’; ഖേദം പ്രകടിപ്പിച്ച് വി കെ ശ്രീരാമൻ
കവി ടി.പി.വിനോദിൻ്റെ പരിഭാഷ സ്വന്തം പേരിൽ പ്രസിദ്ധീകരിച്ചതിന് ഖേദം പ്രകടിപ്പിച്ച് വി കെ ശ്രീരാമൻ. ബംഗാളി കവി മന്ദാക്രാന്ത സെന്നിൻ്റെ കവിതയുടെ വിവർത്തനത്തെ ചൊല്ലിയായിരുന്നു വിവാദം. പരിഭാഷയുടെ ഒറിജിനൽ ടി.പി.വിനോദിൻ്റതാണെത് സൂചിപ്പിക്കാതിരുന്നത് കുറ്റകരം തന്നെയാണെന്ന് ശ്രീരാമൻ. അത് തൻ്റെ ഭാഗത്ത് നിന്നുണ്ടായ അപരാതമാണെന്നും വി കെ ശ്രീരാമൻ ഫേസ്ബുക്കിൽ കുറിച്ചു.
മന്ദാക്രാന്ത സെന്നിൻ്റ കവിതയ്ക്ക് താങ്കളുടെ വിവർത്തനം ‘നിനക്ക് നീന്താനറിയുമോ’ എന്നത് ചില മാറ്റങ്ങളോടെ ഞാൻ എൻ്റെ വാളിൽ പതിക്കുകയും അതിൻ്റെ ഒറിജിനൽ താങ്കളുടേതാണെന്ന് സൂചിപ്പിക്കാതിരുന്നതും കുറ്റകരം തന്നെ. എൻ്റെ ഭാഗത്തു നിന്നുണ്ടായ വീഴ്ചയോ അശ്രദ്ധയോ എന്നൊന്നു മെഴുതുന്നില്ല. അപരാധമാണതെന്നും വി കെ ശ്രീരാമൻ ഫേസ്ബുക്കിൽ കുറിക്കുന്നു.
ഏതാണ്ട് രണ്ടു വർഷമായി മാൾട്ടിയെന്ന നായയെ ഞാൻ തെരുവോരത്തു നിന്ന് എടുത്തു കൊണ്ടുവന്നിട്ട്. വന്നതു മുതൽ അവൾ സംസാരിക്കാൻ തുടങ്ങിയതാണ്. ഈ വിഷയത്തിൽ മാത്രം സംസാരിക്കാൻ കൂട്ടിക്കൊണ്ടു വന്ന ഒരു ‘നായ ‘ അല്ല എന്നും വി കെ ശ്രീരാമൻ കുറിക്കുന്നു. കവിതയുടെ വിശാലമായ ലോകത്ത് സ്വന്തമായ അടയാളമുള്ള താങ്കൾക്ക് മനപ്രയാസമുണ്ടാക്കുന്ന പ്രവൃത്തി എന്നിൽ നിന്നുണ്ടാവാൻ പാടില്ലായിരുന്നുവെന്നും വി കെ ശ്രീരാമൻ കുറിച്ചു
വി കെ ശ്രീരാമന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ:
പ്രിയപ്പെട്ട ടി.പി.വിനോദ് ,
മന്ദാക്രാന്ത സെന്നിൻ്റ കവിതയ്ക്ക് താങ്കളുടെ വിവർത്തനം ‘നിനക്ക് നീന്താനറിയുമോ’ എന്നത് ചില മാറ്റങ്ങളോടെ ഞാൻ എൻ്റെ വാളിൽ പതിക്കുകയും അതിൻ്റെ ഒറിജിനൽ താങ്കളുടേതാണെന്ന് സൂചിപ്പിക്കാതിരുന്നതും കുറ്റകരം തന്നെ.
എൻ്റെ ഭാഗത്തു നിന്നുണ്ടായ വീഴ്ചയോ അശ്രദ്ധയോ എന്നൊന്നു മെഴുതുന്നില്ല.
അപരാധമാണത്.
അതിൽ എൻ്റെ ഖേദം ഞാൻ താങ്കളെ ഫോൺ ചെയ്ത് അറിയിച്ചിരുന്നതും ആണ്.
താങ്കൾ അത് സ്വീകരിച്ചതായായി താങ്കളുടെ പോസ്റ്റിനു താഴെ എഴുതി.
തുടർന്ന് അത് (മാറ്റങ്ങൾ വരുത്തിയത്) ഞാൻ delete ചെയ്യുകയും ചെയ്തു.
ഒരു പ്രോഗ്രാമിൻ്റെ സംഘാടനത്തിരക്കിലായ കാരണം ഇതിനൊക്കെ ചിലപ്പോൾ അല്പം താമസം നേരിട്ടുവെന്നതും നേരാണ്.
പിന്നെ മാൾട്ടിയെക്കൊണ്ട് അതേപ്പറ്റി പറയിച്ചു എന്നത് താങ്കളെ വീണ്ടും ക്ഷുഭിതനാക്കി.
ഏതാണ്ട് രണ്ടു വർഷമായി മാൾട്ടിയെ ഞാൻ തെരുവോരത്തു നിന്ന് എടുത്തു കൊണ്ടുവന്നിട്ട് .
വന്നതു മുതൽ അവൾ സംസാരിക്കാൻ തുടങ്ങിയതാണ്. ഈ വിഷയത്തിൽ മാത്രം സംസാരിക്കാൻ കൂട്ടിക്കൊണ്ടു വന്ന ഒരു ‘നായ ‘ അല്ല. റഫീക്ക് അഹമ്മദ് എന്ന ഒരു കവിയോടും മാൾട്ടി സംസാരിച്ചിട്ടുണ്ട്.
എന്തായാലും ഞാൻ പറഞ്ഞു നീട്ടുന്നില്ല.
ഒരിക്കൽ കൂടി പറയുന്നു. മന്ദാക്രാന്തസെന്നിൻ്റെ കവിതയുടെ നിനക്കു നീന്താനറിയാമോ എന്ന അങ്ങയുടെ വിവർത്തനം
മാറ്റങ്ങളോടെ TP വിനോദ് എന്ന അങ്ങയുടെ പേരു വെക്കാതെ എൻ്റെ fb വാളിൽ പതിച്ചത് തെറ്റായിപ്പോയി.
ഞാൻ അതിൽ നിർവ്യാജം ഖേദിക്കുന്നു.
കവിതയുടെ വിശാലമായ ലോകത്ത് സ്വന്തമായ അടയാളമുള്ള താങ്കൾക്കു മന: പ്രയാസമുണ്ടാക്കുന്ന പ്രവൃത്തി എന്നിൽ നിന്നുണ്ടാവാൻ പാടില്ലായിരുന്നു.
please forget and forgive
🙏🏻
സ്നേഹത്തോടെ
വി.കെ.ശ്രീരാമൻ
മാർച്ച് . 2024
കുംഭം 21
മൂലം