വീട്ടിനുള്ളിലേക്ക് രാത്രി മണ്ണും കല്ലും ചേർന്ന് വെള്ളം കുതിച്ചൊഴുകി; കിടക്കകൾ വരെ വെള്ളത്തിൽ മുങ്ങി


ചെറുതോണി ∙ റോഡ് നിർമാണത്തിനിടെ സംഭവിച്ച അശ്രദ്ധ മൂലം മഴവെള്ളം വഴി മാറിയൊഴുകി സമീപത്തെ വീടുകളിലേക്ക് മണ്ണിടിഞ്ഞു വീണു. ചെറുതോണി പോസ്റ്റ് ഓഫിസ് കോളനിയിലെ താമസക്കാരായ ജയകുമാരി തടിപ്ലാക്കൽ, ജബ്ബാർ ആറ്റുപുറത്ത്, രതീഷ് വെള്ളാപ്പള്ളി, രത്നകുമാർ വെള്ളാപ്പള്ളി എന്നിവരുടെ വീടുകളിലേക്കാണ് കഴിഞ്ഞ ദിവസം രാത്രി മണ്ണും കല്ലും ചേർന്ന് വെള്ളം കുതിച്ചൊഴുകി എത്തിയത്.
വാഴത്തോപ്പ് പഞ്ചായത്ത് പൊലീസ് സൊസൈറ്റിക്ക് സമീപം റോഡിന്റെ സംരക്ഷണഭിത്തി കെട്ടാൻ എടുത്ത മണ്ണ് റോഡ് അരികിൽ അശ്രദ്ധമായി ഇട്ടിരുന്നു. മഴ പെയ്തപ്പോൾ ഒഴുകിയെത്തിയ വെള്ളം ഇവിടെ നിന്നു വഴി മാറി കോളനി ഭാഗത്തേക്ക് ഒഴുകിയെത്തുകയായിരുന്നു. കോളനിയിലെ വീടുകൾക്ക് പിന്നിലേക്ക് പതിച്ച വെള്ളം മൺതിട്ടയ്ക്കും വീടുകൾക്കും കേടുപാടുകൾ വരുത്തി. രാത്രി 8.30 നായിരുന്നു സംഭവം. കിടക്കകൾ ഉൾപ്പെടെ വെള്ളത്തിൽ മുങ്ങിയതോടെ സമീപത്തെ വീടുകളിലാണു കുടുംബാംഗങ്ങൾ അന്തിയുറങ്ങിയത്.