മദ്യപിച്ച് ബൈക്കോടിച്ചതിനു പിടികൂടിയ ആർടിഒയോട് യുവാവിന്റെ ചോദ്യം ‘രണ്ടെണ്ണം അടിച്ചാലോ?’


ചെറുതോണി∙ മദ്യപിച്ച് ലക്കുകെട്ട് ബൈക്കുമായി നിരത്തിൽ ഇറങ്ങിയ യുവാവിന് കിട്ടിയത് എട്ടിന്റെ പണി. വാഴവര സ്വദേശിയായ യുവാവ് ലോക്ഡൗൺ കഴിഞ്ഞതിന്റെ ആഘോഷമൊക്കെ കഴിഞ്ഞ് ബൈക്കിൽ മെല്ലെ വീട്ടിലേക്ക് മടങ്ങുമ്പോൾ ചെന്നു പെട്ടത് ഇടുക്കി ആർടിഒ ആർ.രമണന്റെ ഔദ്യോഗിക വാഹനത്തിനു മുൻപിൽ. കട്ടപ്പനയിൽ ഔദ്യോഗിക ആവശ്യത്തിനു പോയി ഇടുക്കിക്ക് മടങ്ങുകയായിരുന്നു ആർടിഒ. യുവാവിന്റെ പോക്കു കണ്ടപ്പോൾ തന്നെ കാര്യം അത്ര പന്തിയല്ലെന്ന് ആർടിഒയ്ക്ക് വ്യക്തമായി.
നിയന്ത്രണമില്ലാതെ ബൈക്ക് ഓടിക്കുന്ന യുവാവിനെ പിന്തുടർന്ന് പിടികൂടുന്നത് അപകടത്തിന് ഇടയാക്കുമെന്ന് വ്യക്തമായതോടെ ബൈക്കിനു പിന്നാലെ സാവധാനം യാത്ര തുടരുകയായിരുന്നു. അര കിലോമീറ്റർ ദൂരം പിന്നിട്ടപ്പോൾ അനുകൂല സാഹചര്യം ഒത്തു വന്നതോടെ ആർടിഒ വാഹനം ബൈക്കിനു മുന്നിലെത്തി കുറുകെ നിർത്തുകയായിരുന്നു. ഈ സമയം സുബോധം തീരെയില്ലാതിരുന്ന യുവാവിനെ അനുനയിപ്പിച്ച് ആർടിഒ സ്വന്തം വാഹനത്തിൽ കയറ്റി. ബൈക്ക് ഡ്രൈവറെ കൊണ്ട് എടുപ്പിച്ചശേഷം ആർടിഒ തന്നെയാണ് പിന്നീട് വാഹനം ഓടിച്ചത്.
ലിഫ്റ്റ് തന്നയാൾ ആർടിഒ ആണെന്ന് അറിയാതെ യുവാവ് വാഹനത്തിൽ കയറിയ ഉടനെ തന്നെ മടിയിൽ ഇരുന്ന മദ്യക്കുപ്പിയെടുത്ത് മദ്യപിക്കാനായി ആർടിഒയെ ക്ഷണിക്കുകയും ചെയ്തു. വഴിയോരത്ത് വാഹനം നിർത്തി അൽപം മദ്യപിക്കാമെന്ന് യുവാവ് വളരെ സ്നേഹപൂർവം നിർബന്ധിച്ചെങ്കിലും അൽപദൂരം കൂടി കഴിയട്ടെയെന്ന് പറഞ്ഞ് ഇയാളെ അടക്കി ഇരുത്തുകയായിരുന്നു. പിന്നീട് വാഹനം തന്ത്രപൂർവം ഇടുക്കി പൊലീസ് സ്റ്റേഷനിലെത്തിച്ച ശേഷമാണ് ഇനിയൊരു കമ്പനിയാകാമെന്ന് ആർടിഒ യുവാവിനോട് പറഞ്ഞത്.
പൊലീസ് സ്റ്റേഷനും കാക്കിയുമെല്ലാം കണ്ടപ്പോഴാണു യുവാവിന് പിന്നെ കാര്യത്തിന്റെ ഗൗരവം പിടികിട്ടിയത്. ഇത് ഏതാണ് സ്ഥലമെന്നായി പിന്നീട് ചോദ്യം. വാഹന പരിശോധനയിൽ ഇയാൾക്ക് ലൈസൻസില്ലെന്നും വാഹനത്തിന് ഇൻഷുറൻസില്ലെന്നും കണ്ടെത്തി. ഇയാൾ ഹെൽമറ്റും ധരിച്ചിരുന്നില്ല. കോവിഡ് കാലമായതിനാൽ വാഹനം കസ്റ്റഡിയിലെടുത്ത ശേഷം യുവാവിനെ സ്വന്തം ജാമ്യത്തിൽ വിട്ടയയ്ക്കുകയായിരുന്നു.
ലൈസൻസില്ലാത്തതിനും ഹെൽമറ്റ് ധരിക്കാത്തതിനും മദ്യപിച്ച് വാഹനമോടിച്ചതിനും ഇൻഷുറൻസില്ലാത്തതിനും ഫൈൻ അടപ്പിച്ച ശേഷമേ വാഹനം വിട്ടു നൽകുകയുള്ളൂവെന്ന് ആർടിഒ ആർ.രമണൻ പറഞ്ഞു. ഏകദേശം പതിനയ്യായിരം രൂപ പിഴ അടയ്ക്കാനുള്ള വകുപ്പാണുള്ളത്.